അടിമുടി സംഗീതമാണ് ത്രിലോക് ഗുർത്തു. ഇന്ത്യൻ വേരുകളുമായി ജർമനിയിൽ പടർന്നുപന്തലിച്ച പെർക്യുഷനിസ്റ്റ്. തബലയിൽ തുടങ്ങി ജാസിലേക്കും ഫ്യൂഷനിലേക്കും ഒഴുകിയ തന്റെ സംഗീതയാത്രയുടെ അന്പതാണ്ടുകൾ അടയാളപ്പെടുത്തുന്ന എക്സ്ക്ലുസീവ് ഇന്ത്യാ ടൂറുമായി എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
മുംബൈ ടു യൂറോപ്പ്
മുംബൈയിൽ 1951 ഒക്ടോബർ 30നു ജനിച്ച ത്രിലോക് ഗുർത്തു നാലാം വയസിൽ സംഗീതപഠനം തുടങ്ങി. അമ്മ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ശോഭ ഗുർത്തു മകനെ തബല പഠിപ്പിക്കാനാണ് ഇഷ്ടപ്പെട്ടത്.
ഷാ അബ്ദുൾ കരീം ആയിരുന്നു ഗുരു. ""വീട്ടിൽ നിറയെ സംഗീതമായിരുന്നു. പരിശീലനത്തിനും അമ്മയെ പഠിപ്പിക്കുന്നതിനുമൊക്കെയായി ഒട്ടേറെ മഹാസംഗീതജ്ഞർ വരും. സംസാരം മുഴുവൻ സംഗീതമായിരുന്നു''- ഗുർത്തു പറയുന്നു. ആദ്യ സംഗീതോപകരണം മനുഷ്യന്റെ സ്വനപേടകമാണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. അതുകൊണ്ടുതന്നെ ഈ സംസാരമത്രയും അദ്ദേഹത്തിന്റെ സംഗീതത്തിനു ഗുണകരമാവുകയും ചെയ്തു.
തബലയുടെ താളം അദ്ദേഹത്തെ ജാസിലേക്കു നയിച്ചു. എഴുപതുകളിലാണ് ത്രിലോക് വെസ്റ്റേണ്‍ ഡ്രം കിറ്റ് ആദ്യമായി വായിച്ചത്. കൗമാരകാലത്തുതന്നെ യൂറോപ്പിലേക്കു കളംമാറി. ജാസ് ട്രംപെറ്റർ ഡോണ്‍ ചെറിയ്ക്കൊപ്പം ഒരു ബാൻഡിൽ വായിച്ചു തുടങ്ങി.
പിന്നീടു സ്വന്തമായി ബാൻഡുകളൊരുക്കി, ഡ്രംസും തബലയും സംഗീതപ്രേമികൾക്കു സമ്മാനിച്ചു. വിഖ്യാത ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലോഫ്ളിന്റെ മഹാവിഷ്ണു ഓർക്കസ്ട്രയിലും പ്രധാനിയായിരുന്നു.
ഇരുവരും ചേർന്നുള്ള വോക്കൽ ഇംപ്രൊവൈസേഷനുകൾ ഏറെ ശ്രദ്ധേയമായിരുന്നു.
ഡ്രം പാറ്റേണുകൾ വായകൊണ്ടു പറഞ്ഞുള്ള ജാമിംഗ് സംഗീതത്തിൽ സന്തോഷം നിറച്ചു. ഡ്രംസ് വായനയ്ക്കിടെ കൗതുകകരമായ വൈചിത്ര്യങ്ങളും ഗുർത്തു നിറയ്ക്കും.
മിക്കവാറും നിന്നുകൊണ്ടാവും വായന. അസാധാരണമായ കിക്ക് ഡ്രം, വെസ്റ്റേണ്‍ ഡ്രംസിനൊപ്പം തബല എന്നിവകൂടാതെ ബക്കറ്റിൽ നിറച്ച വെള്ളവും അദ്ദേഹത്തിനു സംഗീതോപകരണമാവും. വ്യത്യസ്തമായ ഇഫക്ടുകൾ സൃഷ്ടിക്കാൻ സിംബലുകളും സ്ട്രിംഗ്സും ബക്കറ്റിലെ വെള്ളത്തിൽ മുക്കുന്നത് ശീലമാണ്.
തബല ബീറ്റ് സയൻസ്
വിവിധ ബാൻഡുകളുടെ പ്രശസ്തമായ ഒട്ടേറെ ആൽബങ്ങളിൽ ഗുർത്തുവിന്റെ ഡ്രംസ് മുഴങ്ങുന്നുണ്ട്. 1999ൽ ഉസ്താദ് സാക്കിർ ഹുസൈനും ബിൽ ലാസ് വെലും ചേർന്നു രൂപീകരിച്ച തബല ബീറ്റ് സയൻസ് എന്ന മ്യൂസിക്കൽ ഗ്രൂപ്പിലും ഗുർത്തു ചേർന്നു.
ഹിന്ദുസ്ഥാനി, ഏഷ്യൻ അണ്ടർഗ്രൗണ്ട്, ആംബിയന്റ്, ഡ്രംസ് ആൻഡ് ബാസ്, ഇലക്ട്രോണിക്ക ധാരകളിലൂടെയാണ് ഈ ഗ്രൂപ്പ് സഞ്ചരിച്ചിരുന്നത്. മൂന്ന് ആൽബങ്ങൾ അവരുടേതായുണ്ട്. ഗുർത്തുവിന് ഏറെ പ്രിയങ്കരമായ ശൈലിയായിരുന്നു ഈ ഗ്രൂപ്പിന്റേത്.
"ത്രിലോക് ഗുർത്തു തബല മാത്രമാണ് വായിച്ചു മുന്നേറിയിരുന്നതെങ്കിൽ ലോകത്തെ ഏറ്റവും മികച്ച തബല വാദകൻ അദ്ദേഹമായേനേ' എന്നു പറഞ്ഞത് സാക്ഷാൽ സാക്കിർ ഹുസൈനാണ്. എന്നാൽ തബലയിൽ ഒതുങ്ങുന്നതായിരുന്നില്ല ഗുർത്തുവിലെ പ്രതിഭ.
ലോകത്തെ ഏറ്റവും ഇന്നോവേറ്റിവ് ആയ പെർക്യുഷനിസ്റ്റുകളിൽ ഒരാളാണ് അദ്ദേഹമിപ്പോൾ. ആഫ്രിക്കയുടെ താളവും ഡ്രമ്മിംഗ് പാറ്റേണുകളുമാണ് ത്രിലോക് ഗുർത്തുവിന് ഏറ്റവും പ്രിയങ്കരം.
ഇന്ത്യൻ വിസ്മയം
ലോകംമുഴുവനും താളങ്ങളുമായെത്തിയെങ്കിലും ഇന്ത്യയും ഇവിടത്തെ സംഗീതവും ത്രിലോകിന്റെ മനസിൽ നിറയുന്നുണ്ട്. ഇവിടെ പരിപാടി അവതരിപ്പിക്കുന്നത് അങ്ങനെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
""ഇവിടെയാണ് ഞാൻ എന്റെ ഗുരു രജനീഷ് മഹാരാജിനെ കണ്ടെത്തിയത്. എന്നെ ഇന്നത്തെ ഞാനാക്കിയത് ഇന്ത്യയാണ്. അമ്മയ്ക്കൊപ്പം സംഗീതം പഠിച്ചിരുന്ന കാലം മറക്കാനാവില്ല. അല്പം ആശങ്കപ്പെടുത്തുന്ന കാര്യം ഇവിടത്തെ ആസ്വാദകർക്ക് എന്റെ സംഗീതം ചിലവേളകളിൽ അത്രയ്ക്കു മനസിലാവില്ല എന്നതാണ്. എങ്കിലും ഇത്തവണ വലിയ ആവേശത്തോടെയാണ് ഇവിടെ പെർഫോം ചെയ്യുന്നത്''- ഗുർത്തു പറയുന്നു.
യൂറോപ്യൻ സംഘാംഗങ്ങളായ കാർലോ കാന്റിനി (വയലിൻ), റോളണ്ട് കാബിസസ് (ഗിറ്റാർ), ജോനാഥൻ ഇഹെൽഫീൽഡ് (ബേസ് ഗിറ്റാർ), റയാൻ കാർണിയോക്സ് (ട്രംപെറ്റ്) എന്നിവർക്കൊപ്പമാണ് ഇന്നു ബംഗളുരുവിലെ പരിപാടി.
ഇന്ത്യൻ നാടോടി സംഗീതവും ആഫ്രിക്കൻ താളങ്ങളും യൂറോപ്യൻ ഓർക്കസ്ട്രേഷനും ചേരുന്ന മനോഹരമായ അനുഭവമാകും സംഗീതപ്രേമികൾക്കു ലഭിക്കുക. ബക്കറ്റിലെ വെള്ളത്തിനു പുറമേ എന്തദ്ഭുതവും പ്രതീക്ഷിക്കാം, വിസ്മയശബ്ദങ്ങളും.
ഹരിപ്രസാദ്
Tags : sunday