ഇനീഗോ എന്ന് ആദ്യം അറിയപ്പെട്ടിരുന്ന വിശുദ്ധ ഇഗ്നേഷ്യസ് ഓഫ് ലയോള (1491-1556) സ്പെയിനിലെ ബാസ്ക് പ്രദേശത്താണ് ജനിച്ചത്. പ്രഭുവംശജരായ മാതാപിതാക്കളുടെ പതിമൂന്നു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു അദ്ദേഹം. ചെറുപ്പത്തിൽ വാൾപ്പയറ്റ് അഭ്യസിക്കുന്നതിലും ഡാൻസ് പഠിക്കുന്നതിലുമൊക്കെയായിരുന്നു ഇഗ്നേഷ്യസിന്റെ ശ്രദ്ധ. പതിനേഴു വസയുള്ളപ്പോൾ അദ്ദേഹം ആർമിയിൽ ചേർന്നു.
നജീറായിലെ പ്രഭുവായിരുന്ന അന്റോണിയ ലാറായുടെ കീഴിൽ പല പ്രാദേശിക യുദ്ധങ്ങളിലും ഇഗ്നേഷ്യസ് പങ്കെടുത്തു. അപ്പോഴൊന്നും അദ്ദേഹത്തിനു പരിക്കേൽക്കുകയുണ്ടായില്ല. എന്നാൽ 1521 മേയ് മാസത്തിൽ നടന്ന യുദ്ധത്തിൽ അദ്ദേഹത്തിന്റെ കാലിനു സാരമായ പരിക്കേറ്റു. ആ പരിക്കിൽനിന്ന് മോചനംനേടാൻ ഒട്ടേറെ മാസങ്ങൾ അദ്ദേഹത്തിനു വേണ്ടിവന്നു. ഇഗ്നേഷ്യസ് ശാരീരികമായി വളരെയേറെ വേദന സഹിച്ച അവസരമായിരുന്നു അത്.
വേദനയിൽ ആശ്വാസം കണ്ടെത്താനും സമയം തള്ളിനീക്കാനുമായി അദ്ദേഹം പുസ്തകവായനയിലേക്കു തിരിഞ്ഞു. അദ്ദേഹത്തിനു വേണ്ടിയിരുന്നത് യുദ്ധവീരന്മാരുടെ സാഹസിക കഥകളും റൊമാന്റിക് കഥകളുമായിരുന്നു. എന്നാൽ അദ്ദേഹത്തിനു ലഭിച്ചതാകട്ടെ യേശുവിന്റെ ഒരു ജീവചരിത്രവും ചില വിശുദ്ധരുടെ ജീവചരിത്രങ്ങളുമായിരുന്നു.
ഈ വായനയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. യുദ്ധവീരനായി സ്ഥാനമാനങ്ങളും പ്രശസ്തിയും മോഹിച്ച അദ്ദേഹം അതിവേഗം ആത്മീയവഴിയിലേക്കു തിരിഞ്ഞു. അപ്പോൾ അദ്ദേഹത്തിനു മുപ്പതു വയസായിരുന്നു.
കാലിന്റെ പരിക്ക് സുഖപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം തപസും പ്രായശ്ചിത്തവും നിറഞ്ഞ ജീവിതരീതിയിലേക്കു തിരിഞ്ഞു. അതോടൊപ്പം വിശുദ്ധനാടുകളിലേക്ക് അദ്ദേഹം തീർഥയാത്രയും നടത്തി. വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് പാരിസിൽ പഠനം തുടരുന്പോൾ അവിടെ കണ്ടുമുട്ടി സുഹൃത്തുക്കളായിമാറിയ ആറുപേർക്കൊപ്പം ഈശോ സഭ എന്ന സന്യാസ സമൂഹം സ്ഥാപിച്ചു. ലോകമെന്പാടും ഈ സന്യാസ സമൂഹം ഇപ്പോൾ വ്യാപിച്ചുകിടക്കുന്നു.
ഒരു സന്യാസസഭാ സ്ഥാപകനെന്നപോലെ അദ്ദേഹത്തെ പ്രസിദ്ധനാക്കിയ മറ്റൊരു കാര്യം അദ്ദേഹം രചിച്ച സ്പിരിച്വൽ എക്സർസൈസസ് എന്ന ആധ്യാത്മിക ക്ലാസിക് ആയിരുന്നു. ആധ്യാത്മിക വളർച്ചയുടെ ഇഗ്നേഷ്യൻ മോഡൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രചന ആരംഭിക്കുന്നത് 1522-23 കാലത്താണ്. മണ്റേസ എന്ന പ്രദേശത്തിനടുത്തുള്ള ഒരു ഗുഹയിൽ പ്രാർഥനയും തപസുമായി പതിനൊന്നുമാസം അദ്ദേഹം ചെലവഴിച്ചു. ഈ അവസരത്തിൽ അദ്ദേഹത്തിനുണ്ടായ ആധ്യാത്മിക അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ ഗ്രന്ഥത്തിനു തുടക്കംകുറിക്കുന്നത്.
എന്നാൽ ഈ പുസ്തകത്തിന് അവസാനരൂപം നൽകിയത് 1540-41 കാലത്തായിരുന്നു. എന്തിനാണെന്നോ ഈ പുസ്തകത്തിന്റെ കഥ ഇവിടെ വിവരിച്ചത്? അരൂപിയെ വിവേചിച്ചറിയാനുള്ള നിയമങ്ങൾ എന്നപേരിൽ ഈ പുസ്തകത്തിൽ ഒരു ഭാഗമുണ്ട്. ഇന്നു നമ്മുടെ ജീവിതത്തിലും പ്രസക്തമായ കാര്യങ്ങളാണ് അവയിൽ പ്രതിപാദിക്കപ്പെടുന്നത്. ശബ്ദപൂർണമാണ് നമ്മുടെ ജീവിതം. എന്തെല്ലാം ശബ്ദങ്ങളാണ് നാം അനുദിനം കേൾക്കുന്നത്? അവയിൽ ദൈവസ്വരം ഉണ്ടാകാം. ദുഷ്ടാരൂപിയുടെ സ്വരം ഉണ്ടാകാം. നമ്മുടെയും സ്വരമുണ്ടാകാം. അവ ഏതൊക്കെയാണെന്ന് എങ്ങനെയാണ് മനസിലാക്കാൻ സാധിക്കുക?
അതിനു നമുക്കു വിവേചന ശക്തിവേണം. നമ്മുടെ ചിന്തകളെയും നാം അഭിമുഖീകരിക്കുന്ന കാര്യങ്ങളെയും ശരിയായി വിവേചിക്കുവാൻ സഹായിക്കുന്നവയാണ് ഇഗ്നേഷ്യസ് നൽകുന്ന ഈ നിയമങ്ങൾ. നമ്മിലുണ്ടാകുന്ന ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെ ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കാൻ സഹായിക്കുന്നവയാണോ? എങ്കിൽ അവ വരുന്നതു ദൈവാരൂപിയിൽനിന്നാണെന്നു തീർച്ചയാണ്. അതേസമയം നമ്മിലെ ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളുമൊക്കെ ദൈവത്തിൽനിന്ന് നമ്മെ അകറ്റുന്നവയാണോ? എങ്കിൽ സംശയിക്കേണ്ട, അവ വരുന്നത് ദുഷ്ടാരൂപിയിൽനിന്നുതന്നെ- വിശുദ്ധ ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു.
ദൈവാരൂപിയിൽനിന്ന് വരുന്ന പ്രചോദനങ്ങളുടെയും ആഗ്രഹങ്ങളുടെയുമൊക്കെ പ്രത്യേകത അവ നമ്മിൽ ആശ്വാസവും ആനന്ദവും പ്രത്യാശയുമൊക്കെ ജനിപ്പിക്കും എന്നതാണ്. എന്നാൽ ദുഷ്ടാരൂപിയിൽനിന്നു വരുന്ന നിയന്ത്രണങ്ങൾ നമ്മിൽ സൃഷ്ടിക്കുന്നത് വിരസതയും സംശയവും നിരാശയുമൊക്കെയായിരിക്കും. അവ നന്മയുടെ വഴിയിൽനിന്നു വ്യതിചലിച്ച് തിന്മയുടെ പാതയിലേക്കു തിരിയാൻ നമ്മെ പ്രേരിപ്പിക്കും.
സ്വന്തം അനുഭവത്തിൽനിന്നാണ വിശുദ്ധ ഇഗ്നേഷ്യസ് ഈ നിഗമനത്തിലെത്തിയത്. കാലിനേറ്റ പരിക്കിൽനിന്നു സുഖംപ്രാപിക്കുന്നതിനിടയിൽ തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം സ്വപ്നം കാണുമായിരുന്നു. യുദ്ധത്തിൽ വിജയിച്ച് പേരെടുക്കുന്നതിനോടൊപ്പം താൻ രഹസ്യമായി പ്രണയിക്കുന്ന രാജകുമാരിയെ വിവാഹംചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം വിഭാവനംചെയ്തു. ആ ചിന്തകൾ ചുരുങ്ങിയ നിമിഷങ്ങളിലേക്കു സന്തോഷം പകർന്നെങ്കിലും അവ നിലനിന്നില്ല. എന്നുമാത്രമല്ല, ആ ചിന്തകളുടെ ഫലം നിരാശയും ശൂന്യതാബോധവുമൊക്കെയായിരുന്നു.
എന്നാൽ യേശുവിന്റെ ചരിത്രവും വിശുദ്ധരുടെ ചരിത്രവും വായിച്ച അവസരങ്ങളിലൊക്കെ അവ മനസിനു കുളിർമയും സന്തോഷവും നൽകി. മാത്രമല്ല, വിശുദ്ധരുടെ മാതൃക അനുകരിച്ച് യേശുനാഥനെ പിന്തുടരണമെന്ന ചിന്ത കടന്നുവന്നപ്പോൾ ഹൃദയവും മനസും സന്തോഷംകൊണ്ടു നിറഞ്ഞു. അതുപോലെ ആ സന്തോഷം നീണ്ടുനിൽക്കുകയും ചെയ്തു.
ഇങ്ങനെ അദ്ദേഹത്തിനുണ്ടായ അനുഭവത്തിൽനിന്നാണ് നല്ല അരൂപിയെയും ദുഷ്ടാരൂപിയെയും വിവേചിച്ചറിയാനുള്ള നിയമങ്ങൾക്ക് അദ്ദേഹം രൂപംകൊടുത്തത്.
ഈ നിയമങ്ങളിൽ അഞ്ചാമത്തേത് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ മനസ് ശാന്തമായും സമാധാനപൂർണമായും ഇരിക്കുന്പോൾമാത്രമേ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാവൂ. അതായത് നാം ദൈവത്തിനോടടുത്തുനിന്നുകൊണ്ടു വേണം തീരുമാനങ്ങൾ എടുക്കാൻ. അല്ലെങ്കിൽ അവ പാളിപ്പോകുമെന്നു തീർച്ച.
നാം കടന്നുപോകുന്നത് ആത്മാവിന്റെ കാളരാത്രിയിലൂടെയാണോ? എങ്കിൽ നാം മുന്പെടുത്തിട്ടുള്ള നല്ല തീരുമാനങ്ങൾ ഒരുകാരണവശാലും മാറ്റരുത്. എങ്കിൽ മാത്രമേ ആ കാളരാത്രി പിന്നിട്ട് നല്ല തീരുമാനങ്ങളുമായി ജീവിതത്തിലേക്കും അതുവഴി ദൈവത്തിലേക്കും മടങ്ങിവരാനാകൂ. നാം എന്തു തീരുമാനങ്ങൾ എടുത്താലും അവയെല്ലാം ദൈവം നൽകുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നു സാരം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Tags :