ഡാഫ്നെ ദു മോറിയർ, സ്വതന്ത്ര പരിഭാഷ സി.എൽ. ജോസ്
ദിവസങ്ങൾ കടന്നുപോയി. മാക്സിം ചില ഒൗദ്യോഗിക കാര്യങ്ങൾക്കായി പോയി. എന്നു തിരിച്ചുവരുമെന്നറിയില്ല. ഇന്നു രാവിലെ മിസിസ് വാൻഹോപ്പർ പ്രഭാതഭക്ഷണത്തിനിരിക്കുന്പോൾ എന്നോടു പറഞ്ഞു: ""നമ്മൾ ഇവിടന്നു പോകുകയാണ്.'' ഞാൻ ഞെട്ടിപ്പോയി.
""എന്റെ മകൾ ഹെലൻ ന്യൂയോർക്കിലേക്കു വരുന്നുണ്ട്. എന്നോടും എത്തണമെന്നു പറഞ്ഞിരിക്കുകയാണ്. യൂറോപ്പ് ഞാൻ മടുത്തിരിക്കുന്നു. വേണമെങ്കിൽ അടുത്തവർഷം നമുക്ക് വീണ്ടും വരാം. അതുകൊണ്ട് തിരിച്ചുപോകാനുള്ള ഒരുക്കങ്ങൾ നടത്തിക്കോളൂ.''
ഞാൻ മരവിച്ചപോലെയായി. മാക്സിം എവിടെ? എന്നു വരും? ഇനി കണ്ടുമുട്ടുമോ? എന്നോട് എന്തു സ്നേഹവും താത്പര്യവുമായിരുന്നു. പലപ്പോഴും ഒന്നിച്ചിരുന്നു ഡിന്നർ കഴിച്ചത്, കാറിൽ യാത്രകൾ പോയത്, സ്നേഹപ്രകടനങ്ങൾ നടത്തിയത്...
അങ്ങനെ എന്തെല്ലാം മധുരസ്മരണകൾ. എല്ലാം അടഞ്ഞ അധ്യായമായി. വൈകാതെ അദ്ദേഹം മാൻഡെർലിയിലേക്കു പോകും. അവിടെ അദ്ദേഹത്തെക്കാത്ത് ഒട്ടനവധി കത്തുകൾ കിടപ്പുണ്ടാകും. അക്കൂട്ടത്തിൽ എന്റെ കത്തും കാണും. തിരക്കിനിടയിൽ "ന്യൂയോർക്കിലെ താമസം എങ്ങനെയുണ്ട്, സുഖമല്ലേ?' എന്നു ചോദിച്ചുകൊണ്ട് ജീവനില്ലാത്ത ഒരു കത്തുവരും. അല്ലെങ്കിൽ "ഹാപ്പി ക്രിസ്മസ് ആൻഡ് ബ്രൈറ്റ് ന്യൂ ഇയർ' എന്നാശംസിച്ചുകൊണ്ടുള്ള കാർഡ് വരും.
എല്ലാം ഓർത്ത് രാത്രി ബെഡ്റൂമിലിരുന്ന് ഞാൻ കുറേനേരം കരഞ്ഞു. കണ്ണീരുവീണ് തലയണ നനഞ്ഞു. നിസഹായതയുടെ കണ്ണീർക്കണങ്ങൾ!
സ്ഥലംവിടുന്ന ദിവസമായി. അതിരാവിലെതന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. ഈവനിംഗ് ട്രെയിനിലാണ് ഞങ്ങളുടെ യാത്ര. റിസർവേഷൻ ശരിയായിട്ടുണ്ടെന്ന് കൗണ്ടറിൽനിന്ന് അറിയിച്ചു. പാഴ്വേലയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മൂന്നാംനിലയിലെ മാക്സിമിന്റെ മുറി ലക്ഷ്യമാക്കി നീങ്ങി. ലിഫ്റ്റിനുവേണ്ടി കാത്തുനിന്നില്ല. പടികൾ ഓടിക്കയറി. കതകിൽ ശക്തിയായി രണ്ടുമൂന്നുവട്ടം തട്ടി.
ഉള്ളിൽനിന്നുള്ള സ്വരം: ""കടന്നു വരൂ!'' ദൈവമേ, ആൾ എത്തിയിട്ടുണ്ട്. ഞാൻ വാതിൽ തുറന്നു. അദ്ദേഹം ഷേവ് ചെയ്യുകയാണ്. അതിശയഭാവത്തിൽ ചോദിച്ചു: ""ങാ! നീയോ? ഞാൻ പാതിരയ്ക്കു ശേഷമാണ് എത്തിയത്. ഇപ്പോൾ എഴുന്നേറ്റേയുള്ളൂ. എന്താ ഇത്ര നേരത്തേ? പ്രത്യേകം വല്ലതുമുണ്ടോ?''
""യാത്ര പറയാൻ വന്നതാണ്. ഞങ്ങൾ ഇന്നു പോകുകയാണ്.''
""പോകുകയോ?'' അന്പരന്നുള്ള ചോദ്യം.
""അതെ.''
""ആ വാതിൽ അടയ്ക്കൂ!''
ഞാൻ വാതിൽ അടച്ചു. നിശ്ചലം നിന്നു.
""എന്ത് അസംബന്ധമാണീ പറയുന്നത്?''
""സത്യമാണ്. ഞങ്ങൾ പോകുകയാണ് ഈവനിംഗ് ട്രെയിനിന്. താങ്കളെ ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്നു ഭയന്നു. എല്ലാത്തിനും നന്ദിപറയാൻ വന്നതാ.''
""എന്തുകൊണ്ട് ഇത് എന്നോടു മുന്പു പറഞ്ഞില്ല?''
""മാഡം പെട്ടെന്നാണ് തീരുമാനിച്ചത്. മകളും ശനിയാഴ്ച ന്യൂയോർക്കിലേക്കു വരുന്നുണ്ട്.''
""ന്യൂയോർക്കിലേക്ക് നിന്നെയും കൊണ്ടുപോകുന്നുണ്ടോ?''
""ഉവ്വ്. പോകാൻ എനിക്കു തീരെ ഇഷ്ടമില്ല. ഞാൻ വല്ലാതെ കഷ്ടത്തിലാവും.''
""പിന്നെന്തിനാ കൂടെ പോകുന്നത്?''
""ഞാൻ ശന്പളത്തിനു ജോലിചെയ്യുന്ന ആളല്ലേ? എനിക്കതു വേണ്ടെന്നു വയ്ക്കാനാവുമോ?''
""നീ അവിടെ ഇരിക്ക്.''
മാക്സിം ഷേവിംഗ് പൂർത്തിയാക്കി മുഖം കഴുകി.
""ഞാൻ ബാത്ത്റൂമിൽ കയറി ഡ്രെസ് മാറ്റട്ടെ. അഞ്ചു മിനിറ്റിനുള്ളിൽ റെഡിയാവും.''
അദ്ദേഹം വസ്ത്രങ്ങളുമായി പോയി വാതിലടച്ചു.
ഞാൻ ബെഡിൽ ഇരുന്നു. അദ്ദേഹം എന്തിനാണ് എന്നോട് ഇരിക്കാൻ പറഞ്ഞത്? മുറിയിൽ ഞാൻ ചുറ്റും കണ്ണോടിച്ചു. ഒരു സാധാരണ മനുഷ്യന്റെ മുറി. യാതൊരു പ്രത്യേകതയുമില്ല. ധാരാളം ഷൂസുകളുണ്ട്, പുസ്തകങ്ങളും സിഗരറ്റ് പാക്കറ്റുകളുമുണ്ട്. ഫോട്ടോകൾ ഒന്നുമില്ല. കട്ടിലിനരികിൽ ഭാര്യയുടെ ഫ്രെയിംചെയ്ത ഒരു ഫോട്ടോ ഞാൻ പ്രതീക്ഷിച്ചു. അതുമില്ല.
പറഞ്ഞതുപോലെ അദ്ദേഹം റെഡിയായി വന്നു. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ തയാറായി. വേണ്ടത് ഓർഡർ ചെയ്തു. എന്നിട്ടു പറഞ്ഞു: ""മിസിസ് വാൻഹോപ്പർക്ക് ഈ മോണ്ടി കാർലോ മടുത്തു. എന്നിട്ട് അവർ സ്വന്തം വീട്ടിലേക്കു പോകുന്നു. ഞാനും അങ്ങനെതന്നെ. അവർ ന്യൂയോർക്കിലേക്ക്. ഞാൻ മാൻഡെർലിയിലേക്ക്. ഇതിൽ നിനക്ക് ഏതാണിഷ്ടം? സ്വന്തമായി തീരുമാനിക്കാം.''
""ഇത്തരം സമയത്തു തമാശ പറയരുതേ! പ്ലീസ്!''
""തമാശയല്ല. കാര്യമാണ് പറഞ്ഞത്. തീരുമാനം നിനക്കു വിട്ടുതരുന്നു. ഒന്നുകിൽ മിസിസ് വാൻഹോപ്പറിന്റെകൂടെ നിനക്ക് ന്യൂയോർക്കിലേക്കു പോകാം. അല്ലെങ്കിൽ എന്റെകൂടെ മാൻഡെർലിയിൽ എന്റെ വീട്ടിലേക്കു വരാം.''
""ഒരു സെക്രട്ടറിയായിട്ടോ, അതോ മറ്റെന്തെങ്കിലും ജോലിക്കോ?''
""അല്ല.... എന്റെ ഭാര്യയായിട്ട്.''
അതുകേട്ട് ഞാൻ ഞെട്ടി. എന്റെ മനസിൽ ഒരിടിമുഴക്കമുണ്ടായി. ശരീരത്തിന് ഒരു വിറയൽ വന്നതുപോലെ.
""മറ്റുള്ളവർ വിവാഹംകഴിക്കുന്നതുപോലെയുള്ള ഒരാളല്ല ഞാൻ. എങ്ങനെ കൃത്യമായി പറയണമെന്ന് അറിഞ്ഞുകൂടാ... അതായത് താങ്കളുടെ നിലവാരത്തിലുള്ള ലോകത്തിനു പറ്റിയ ആളല്ല.''
""എന്താണ് എന്റെ നിലവാരം? എന്താണ് എന്റെ ലോകം?''
""മാൻഡെർലി! അതിന്റെ അർഥം താങ്കൾക്കറിയാമല്ലോ?''
""മാൻഡെർലിയെക്കുറിച്ച് നിനക്കെന്തറിയാം? എല്ലാം തീരുമാനിക്കാനുള്ള അധികാരവും അവകാശവും എനിക്കാണ്. നീ വിചാരിക്കുന്നു പെട്ടെന്നുള്ള ആവേശത്തിന് ഞാൻ പറഞ്ഞതാവും എന്ന്. ന്യൂയോർക്കിലേക്കു പോകാൻ ഇഷ്ടമില്ലെന്നു നീ പറഞ്ഞപ്പോൾ സഹതാപം തോന്നിയിട്ടു പറഞ്ഞതാവുമെന്ന്. അത്രവലിയ ഭൂതദയ കാണിക്കുന്ന ആളൊന്നുമല്ല ഞാൻ.. വീണ്ടും ചോദിക്കുകയാണ്, എന്നെ വിവാഹംചെയ്യാൻ നിനക്കിഷ്ടമാണോ?''
എന്തു പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
""എന്റെ വിദൂരചിന്തയിൽ പോലും ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിട്ടില്ല.''
""എന്റെ ചോദ്യത്തിനുള്ള മറുപടിയായില്ല.''
ഞാൻ മിഴിച്ചുനിന്നു. നിമിഷങ്ങൾ കടന്നുപോയി.
""മാക്സിം അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ മറിച്ചൊന്നും ഞാൻ പറയുന്നില്ല. എന്റെ നേത്രങ്ങൾ നിറഞ്ഞുതുളുന്പി.''
""ഞാൻ കരുതിയത് നീയെന്നെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെന്നാണ്.'' അതു സത്യത്തിൽ എന്റെ തലയ്ക്കുള്ള ഒരു കൊട്ടായിരുന്നു.
""താങ്കളെ ഇനി കണ്ടുമുട്ടാൻ കഴിയില്ലല്ലോ എന്നോർത്ത് ഇന്നലെ രാത്രിമുഴുവൻ ഞാൻ കരയുകയായിരുന്നു. സ്നേഹമില്ലാഞ്ഞിട്ടാണോ അത്?''
""സന്തോഷം, നന്ദി.. അങ്ങനെ മിസിസ് വാൻഹോപ്പറിന്റെ പ്രിയ ജീവനക്കാരി എന്റെ പ്രിയതമയാവാൻ പോകുന്നു.''
ഇരുവരും ഹൃദ്യമായി ചിരിച്ചു. മാക്സിം കൈനീട്ടി. ഒപ്പം ഞാനും. പരസ്പരം ഹസ്തദാനം ചെയ്തു. പരസ്പര അംഗീകാരത്തിന്റെ സമ്മതമുദ്ര!
ഞാൻ പറഞ്ഞു: ""മാഡത്തിനോട് ഈ വിവരം പറയേണ്ടേ? എനിക്കു ഭയമാണ്. മാക്സിം പറഞ്ഞോളൂ.''
""ശരി പറയാം. റൂമിൽ പോയി ഞാൻ ഉടനെ തിരിച്ചുവരാം. ഞാൻ വിളിക്കാം.''
ഞങ്ങൾ ലിഫ്റ്റിൽ കയറി. വേറെ ആരുമില്ല. മാക്സിം എന്റെ മൃദുവായ കവിളുകളിൽ ആദ്യമായി മാറിമാറി ചുംബിച്ചു. ഞാൻ നിർവൃതിപൂണ്ടു നിന്നു.
എന്റെ മുറിതുറന്ന് ഞാൻ അകത്തുകയറി കതകടച്ചു. ഞാൻ ചിന്തിച്ചു. ഇതു സ്വപ്നമോ യാഥാർഥ്യമോ? ഉടനെ നിലത്തു മുട്ടുകുത്തി ദൈവത്തോട് ഹൃദയംതുറന്നു പ്രാർഥിച്ചു.
വിശ്വസിക്കാനാവാത്ത ഒരു മഹാഭാഗ്യത്തിലേക്കാണ് നീയെന്നെ ഉയർത്തിയിരിക്കുന്നത്. ഈ എളിയവളോടു കരുണകാട്ടണമേ! നല്ലതു ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും എന്നെ സഹായിക്കണമേ. ഞങ്ങളുടെ ദാന്പത്യജീവിതം സന്തോഷകരവും സമാധാനപൂർണവും ആക്കണമേ! നിറമിഴികൾ തുടച്ച് ഞാൻ എഴുനേറ്റു. വേഗം മുഖംകഴുകി തയാറായി. ഞാൻ ചിന്തിച്ചു. കുട്ടിയായിരുന്നപ്പോൾ ഭംഗികണ്ട് കൗതുകത്തോടെ വാങ്ങിയ മാൻഡെർലിയുടെ പിക്ചർ കാർഡ്! അതിന്റെ ഉടമ ഇപ്പോൾ എന്റെ ഭർത്താവാകാൻ പോകുന്നു. ദൈവമേ.. നിസാരയായ ഈ മണ്ടിപ്പെണ്ണിനെ ഇങ്ങനെയും നീ അനുഗ്രഹിച്ചല്ലോ.
മാക്സിം വന്നു. ഞങ്ങൾ ഇരുവരും മാഡത്തിനരികെ പോയി. ഞങ്ങളെ കണ്ടപ്പോൾ മാഡത്തിനു സന്തോഷമായി. മാക്സിമിനോട് സ്നേഹാന്വേഷണം നടത്തി.
""ന്യൂയോർക്കിലേക്കുള്ള യാത്രയുടെ വിവരം ഇവൾ പറഞ്ഞു.''
""ഓ, പറഞ്ഞോ?''
""യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഉറപ്പാക്കിവരൂ'' എന്നു നിർദേശിച്ച് മാഡം എന്നെ അവിടെനിന്നു മാറ്റാൻ ഒരുങ്ങി.
""ശരി മാഡം'' എന്നുപറഞ്ഞ് ഞാൻ നീങ്ങിയെങ്കിലും ജിജ്ഞാസകൊണ്ട് അവരുടെ സംസാരം ഞാൻ പതുങ്ങിനിന്നു കേട്ടു.
മാക്സിം: ""യാത്രയുടെ എല്ലാ വിവരങ്ങളും അവൾ വിശദമായി എന്നോടു പറഞ്ഞു.''
""അറിഞ്ഞു അല്ലേ?''
""വളച്ചുകെട്ടില്ലാതെ ഞാൻ ഒരു കാര്യം അങ്ങോട്ടു പറയുകയാണ്. ന്യൂയോർക്കിലേക്കു പോരാൻ അവൾക്ക് തെല്ലും ഇഷ്ടമില്ല. കുറേനേരം ഞങ്ങൾ പരസ്പരം സംസാരിച്ചു. ഞാൻ പറഞ്ഞു ന്യൂയോർക്കിലേക്കു പോകാൻ ഇഷ്ടമില്ലെങ്കിൽ എന്റെ മാൻഡെർലിയിലേക്കു പോന്നോളൂ. ചുരുക്കിപ്പറയട്ടെ, ഞാനവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു.''
""ങേ!'' ഒന്നന്ധാളിച്ചെങ്കിലും മിസിസ് വാൻഹോപ്പർ എതിർപ്പു പറഞ്ഞില്ല. ""നല്ല കാര്യം. ഇരുവരുടെയും നന്മയ്ക്ക് അതു നല്ലതാണ്. മാക്സിമിന് ഒരു തുണയായി. അവൾക്ക് ഒരനുഗ്രഹവും. ഞാൻ എങ്ങനെയെങ്കിലും മാനേജ് ചെയ്തോളാം.'' എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: ""അന്പടി കള്ളീ! അവളിത് എന്നോടു പറഞ്ഞില്ല.''
""രാവിലെയാണ് തീരുമാനിച്ചത്. നേരിട്ടു പറയാൻ അവൾക്കു ഭയം. ഇന്നലെ പാതിരായ്ക്കാണ് ഞാൻ എത്തിയത്.''
അപ്പോഴേക്കും ഒന്നുമറിയാത്തമട്ടിൽ ഞാൻ കടന്നുചെന്നു. എന്നെ കണ്ടയുടനെ മാഡം പറഞ്ഞു: ""മാക്സിം ഏതാണ്ടു വിശേഷമൊക്കെ പറഞ്ഞല്ലോ. സന്തോഷമായി.''
ഒന്നും പറയാനാവാതെ ഞാൻ നാണിച്ചുനിന്നു.
""എന്തായാലും രണ്ടുപേർക്കും ഈ കിളവിയുടെ സ്നേഹംനിറഞ്ഞ വിവാഹാശംസകൾ നേരുന്നു.''
""താങ്ക് യൂ! ഞാനിറങ്ങട്ടെ മാഡം. ചിലരെ അത്യാവശ്യമായി ഫോണ് ചെയ്യാനുണ്ട്. തന്നെയുമല്ല, ഞങ്ങളുടെ വിവാഹം എത്രയും വേഗം രജിസ്റ്റർ ചെയ്യാനുള്ള ചില മുന്നൊരുക്കങ്ങളും കടലാസുപണികളും ചെയ്യണം.''
മാക്സിം പോയശേഷം ഞാൻ പറഞ്ഞു: ""മാഡത്തിനെ യാത്രയാക്കാൻ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കു കൂടെ വരുന്നുണ്ട്.''
""എന്തിന്? അതിന്റെയൊന്നും ആവശ്യമില്ല.''
""എന്റെ ഒരു സന്തോഷത്തിന്.''
""നിങ്ങൾ രണ്ടുപേരും നന്നായി ജീവിക്കുന്നതാണ് എന്റെ സന്തോഷം.''
തുടർന്ന് എന്റെ നന്മയ്ക്കും നല്ല ഭാവിക്കുംവേണ്ടി ഏതാനും പെരുമാറ്റ മര്യാദകളും നല്ലകാര്യങ്ങളും ഉപദേശിച്ചു. വലിയ ഭാരമുള്ള കുരിശാണ് എടുക്കാൻ പോകുന്നതെന്ന് എന്നെ ഓർമിപ്പിച്ചു. എന്നിട്ടു പറഞ്ഞു:
""മാക്സിം ജീവിതം കുറേ കണ്ട ആളാണ്. നീ പുതിയ ജീവിതത്തിലേക്കു കാലെടുത്തുവയ്ക്കുകയാണ്. നല്ല ശ്രദ്ധയും സൂക്ഷ്മതയും വേണം. പതറരുത്. കുലുങ്ങരുത്.''
ഞാൻ മാഡത്തിന്റെ മുന്നിൽ വിനീതയായി മുട്ടുകുത്തി.
""മോൾക്ക് ദൈവം നല്ലതുവരുത്തട്ടെ!'' എന്നുപറഞ്ഞ് എന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു. തുടർന്ന് എഴുന്നേൽപ്പിച്ച് എന്നെ ചുംബിച്ചുകൊണ്ട് കെട്ടിപ്പുണർന്നു.
(തുടരും)
Tags : sunday