ജയ്പുർ: വൈദ്യുതി ലൈൻ ബസിന് മുകളിൽ പൊട്ടിവീണ് തീപിടിച്ച് പിതാവും മകളും വെന്തുമരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. നസീം (50), സഹിനം (20) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കുണ്ട്. ഇവരിൽ അഞ്ച്പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ഇവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേർ ഷാഹ്പുര സബ്-ഡിസ്ട്രിക്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
11,000 കിലോ വോൾട്ട് വൈദ്യുതി കടന്നുപോയിരുന്ന ലൈനാണ് ബസിന് മുകളിലേക്ക് പൊട്ടി വീണത്. തുടർന്ന് ബസ് കത്തിയമരുകയായിരുന്നു. ബസിൽ 15 എൽപിജി സിലിണ്ടറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ടോഡിയിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് എത്തിയ പത്ത് തൊഴിലാളികളും ബസിലുണ്ടായിരുന്നു.
ബസിന് മുകളിൽ അമിത ഉയരത്തിൽ ലഗേജുകൾ ഉണ്ടായിരുന്നുവെന്നും ഇത് തട്ടിയതാണ് വൈദ്യുതി ലൈൻ പൊട്ടാൻ കാരണമായതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
അതേസമയം, വൈദ്യുതിലൈൻ തകരാറിലായിരുന്നുവെന്നും ഇത് പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗ്രാമവാസികൾ ആരോപിച്ചു. അപകടസമയം 25ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് സൂചന.
Tags : aipur Bus Catches Fire 2 Burnt To Death ouching High-Tension Wire