അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസവിചക്ഷണൻ, ഭരണനിപുണൻ, കർഷകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. ടി.എം. ജോസഫ് തെക്കുംപെരുമാലിൽ. കോട്ടയം അതിരൂപത വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനായി പ്രവർത്തിക്കവേ 62-ാം വയസിലാണ് അദ്ദേഹത്തിന്റെ ആകസ്മികമായ അന്ത്യം.
കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ടി.എം. ജോസഫ് കാർഷികവൃത്തിയെ സ്നേഹിച്ചിരുന്നു. കോളജ് പ്രിൻസിപ്പാലായിരുന്നപ്പോഴും സ്വന്തമായി കപ്പയും വാഴയുമൊക്കെ കൃഷിചെയ്യാൻ അദ്ദേഹം സമയംകണ്ടെത്തി. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ രണ്ടാം റാങ്കോടെ എംഎ ബിരുദവും കേരള സർവകലാശാലയിൽനിന്ന് എംഫിൽ ബിരുദവും ബാംഗ്ലൂർ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേയ്ഞ്ചിൽനിന്ന് പിഎച്ച്ഡിയും ജപ്പാനിലെ ക്യൂഷു സർവകലാശാലയിൽനിന്ന് ‘തദ്ദേശഭരണത്തിൽ വനിതാ പങ്കാളിത്തം’ എന്ന വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയ അദ്ദേഹത്തിന്റെ മൗലികമേഖല ഗവേഷണമായിരുന്നു.
‘പൊതുസംരംഭങ്ങളുടെ നിയമനങ്ങളിലെ രാഷ്ട്രീയം’ എന്ന ഗവേഷണപ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ, പത്തു ഗ്രന്ഥങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ട്. വിവിധ റിസർച്ച് ജേർണലുകളിലും ഹിന്ദു, ഡെക്കാൻ ഹെറാൾഡ്, ദീപിക, അപ്നാദേശ് എന്നീ പത്രമാസികകളിലുമായി 160 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച പിഎച്ച്ഡി ഗൈഡായിരുന്നു അദ്ദേഹം. ‘ഇന്ത്യയിലെ മതസ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ ബ്രസൽസിലെ യൂറോപ്യൻ പാർലമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചത് അദ്ദേഹത്തിലെ ഗവേഷകന് ലഭിച്ച അംഗീകാരം കൂടിയാണ്.
തൊടുപുഴ ന്യൂമാൻ കോളജിൽ ലക്ചററായാണ് ജോസഫ് അധ്യാപകജീവിതം ആരംഭിച്ചത്. 45-ാം വയസിൽ ന്യൂമാൻ കോളജിന്റെ പ്രിൻസിപ്പലായി. ഇന്ത്യയിലെ മുന്നൂറിലധികം വരുന്ന ക്രൈസ്തവ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രസംഘടനയായ അയാഷെയുടെ ഇന്നവേറ്റീവ് കോളജ് അധ്യാപകനുള്ള ഫാ. ടി.എ. മത്തിയാസ് ദേശീയ പുരസ്കാരം 2001ൽ ലഭിച്ചത് ജോസഫ്സാറിന്റെ അധ്യാപനമികവിന് തെളിവാണ്. 2016-19 കാലഘട്ടത്തിൽ മൂവാറ്റുപുഴ നിർമല കോളജിന്റെ പ്രിൻസിപ്പലായി. ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചശേഷവും കറുകടം മൗണ്ട് കാർമൽ സ്വാശ്രയ കോളജിന്റെ പ്രിൻസിപ്പലായി നാലുവർഷം അദ്ദേഹം സേവനം ചെയ്തു.
മൂന്ന് റിസർച്ച് സെന്ററുകൾ, രണ്ട് അക്കാദമിക ചെയറുകൾ, എല്ലാ അധ്യാപകരുടെയും റിസർച്ച് ആർട്ടിക്കിൾ ഉൾപ്പെടുത്തിയുള്ള പുസ്തകം തുടങ്ങിയ പല കാര്യങ്ങളും ബിസിഎം കോളജിൽ ആരംഭിച്ചതിൽ ജോസഫ്സാറിന് നിർണായക പങ്കുണ്ട്. കോട്ടയം അതിരൂപതയിൽ കോളജുകളുടെ പ്രൊ-മാനേജർ സ്ഥാനം വഹിച്ച ഏക അല്മായനാണ് അദ്ദേഹം. കേരളത്തിലെ എയ്ഡഡ് കോളേജ് പ്രിൻസിപ്പൽസ് കൗണ്‍സിലിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സർവകലാശാലയിൽ രസതന്ത്രവകുപ്പ് മേധാവിയും സീനിയർ പ്രൊഫസറും ഡീനും സിൻഡിക്കറ്റ് അംഗവും ആയിരുന്ന കൈപ്പുഴ ഇലയ്ക്കാട്ട് ഡോ. ബീന മാത്യുവാണ് ഭാര്യ. സംസ്കാരം ഇന്ന് മൂന്നിന് താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മൃതദേഹം രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും. 10 മുതല്‍ താമരക്കാട് പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടാകും.
Tags : T.M. Joseph