മുംബൈ: ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിമാണ് വേദി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിനിടെയാണ് മഴ എത്തിയത്. 48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തിട്ടുണ്ട് ഇന്ത്യ.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതികാ റാവലും സെഞ്ചുറിയും ജെമീമ റോഡ്രീഗസ് അർധ സെഞ്ചുറിയും നേടി. 122 റൺസെടുത്ത പ്രതികയും 109 റൺസെടുത്ത സ്മൃതി മന്ദാനയും പുറത്തായി. 69 റൺസുമായി ജെമീമയും 10 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത കൗറുമാണ് ക്രീസിലുള്ളത്.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. . 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാനും മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്സിനൊപ്പമാണ് മന്ദാന. ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം.
Tags : icc womens worldcup india vs new zealand