അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം ഇന്ത്യ കരകയറുന്നു. 25 ഓവർ പിന്നിടുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലാണ് സന്ദർശകർ.
അർധസെഞ്ചുറിയോടെ രോഹിത് ശർമയും 39 റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. നായകൻ ശുഭ്മാൻ ഗിൽ (ഒമ്പത്), വിരാട് കോഹ്ലി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സേവ്യർ ബാർട്ട്ലെറ്റിനാണ് രണ്ടുവിക്കറ്റുകളും.
അഡ്ലെയ്ഡിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ നായകനെ നഷ്ടമായി. ഒമ്പതു പന്തിൽ ഒമ്പതു റൺസുമായി ഗിൽ ബാർട്ട്ലറ്റിന്റെ പന്തിൽ മിച്ചൽ മാർഷിന് പിടികൊടുത്തു മടങ്ങി.
പിന്നാലെയെത്തിയ സൂപ്പർ താരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. അതേ ഓവറിൽ തന്നെ സംപൂജ്യനായി മടങ്ങി. വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, ക്രീസിൽ ഒന്നിച്ച രോഹിത് ശർമയും ശ്രേയസ് അയ്യറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന മികച്ച കൂട്ടുകെട്ട് ഇന്ത്യൻ സ്കോർ നൂറുകടത്തി.
മൂന്ന് മാറ്റങ്ങളോടെയാണ് ഓസീസ് ഇന്നിറങ്ങിയത്. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയും സ്പിന്നര്‍ ആദം സാംപയും പേസര്‍ സേവ്യര്‍ ബാര്ട്ലെറ്റും പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ജോഷ് ഫിലിപ്പും നഥാന്‍ എല്ലിസും മാത്യു കുനെമാനും പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയില്ല.
ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാനാവും.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷോ, അലക്സ് കാരി, കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Tags : India Australia ODI Series Virat Kohli Shubhman Gill