മുംബൈ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിയിൽ. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 53 റൺസിന് തോൽപ്പിച്ചതോടെയാണ് ഇന്ത്യ സെമിയിലെത്തിയത്. ഇതോടെ സെമിയിൽ കടക്കുന്ന നാലാമത്തെ ടീമായി ഇന്ത്യ.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് എടുത്തത്. മഴയെ തുടർന്നാണ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതിക റാവലും സെഞ്ചുറിയും ജെമീമ റോഡ്രിഗസ് അർധ സെഞ്ചുറിയും നേടി. പ്രതിക 122 റൺസും സ്മൃതി 109 റൺസുമാണ് എടുത്തത്. 76 റൺസെടുത്ത ജമീമ റോഡ്രിഗസ് പുറത്താകാതെ നിന്നു.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ന്യൂസിലൻഡിന് വേണ്ടി റോസ്മേരി മയെറും അമേലിയ കെറും സൂസി ബെയ്റ്റ്സും ഓരോ വിക്കറ്റ് വീതം എടുത്തു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം വീണ്ടും മഴയെത്തി. അതോടെ ന്യൂസിലൻഡിന്റെ വിജയലക്ഷ്യം 44 ഓവറിൽ 325 റൺസ് ആയി നിശ്ചയിച്ചു.
എന്നാൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സ് 271 റൺസിൽ അവസാനിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് 271 റൺസെടുത്തത്. ന്യൂസിലൻഡിന് വേണ്ടി 81 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയും 65 റൺസെടുത്ത ഇസബെല്ല ഗെയ്സും 45 റൺസെടുത്ത അമേലിയ കെറും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് താക്കൂറും ക്രാന്ത് ഗൗഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും ദീപ്തി ശർമയും പ്രതികാ റാവലും ഓരോ വിക്കറ്റ് വീതവും എടുത്തു.
Tags : icc womens worldcup india vs new zealand