ഇടുക്കി: മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കാഞ്ചിയാർ സ്വദേശി സണ്ണിക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഡിസിആർബി ഗ്രേഡ് എസ്ഐ ബിജുമോൻ ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ഇടുക്കി കാഞ്ചിയാറിലാണ് സംഭവം. ഇന്ന് രാത്രി ഏഴോടെയാണ് ഇയാൾ കാറുമായി കാഞ്ചിയാർ ടൗണിലേക്ക് എത്തിയത്.
ഇവിടെവച്ച് രണ്ടു ബൈക്കിലും ഒരു കാറിലും ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് ഉദ്യോഗസ്ഥനെയും ഇയാൾ സഞ്ചരിച്ച കാറും തടഞ്ഞുവച്ചു. പിന്നീട് കട്ടപ്പനയിൽനിന്നും പോലീസ് എത്തിയശേഷമാണ് തടഞ്ഞുവച്ച ബിജുമോനെ കാറിൽ നിന്നും പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.