തിരുവനന്തപുരം: മഴത്തുള്ളികിലുക്കത്തിനൊപ്പം കുതിച്ചെത്തി ഇനിയ ഫിനിഷ് ചെയ്തപ്പോള്‍ പരിശീലകന് മനോജ് മാഷ് ഇങ്ങനെയാണ് വിളിച്ചത്. എന്റെ പൊന്നേ.... സംസ്ഥാന കായികമേളയില്‍ ട്രാക്കിലെ ആദ്യ സ്വര്‍ണം നേടി എം. ഇനിയ കായികമേളയുടെ പൊന്നായി. ഇന്നലെ രാവിലെ ട്രാക്കുണര്ന്ന് ആദ്യ മത്സരമായ സീനിയര്‍ ഗേള്‍സ് പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് ഇനിയ സ്വര്‍ണത്തിൽ മുത്തംവച്ചത്.
പാലക്കാട് പറളി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ എം. ഇനിയ സബ് ജൂണിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തിലാണ് മത്സരിച്ചത്. എടത്തറ സ്കൂളില്‍ ഏഴാം ക്ലാസ് വരെ പഠിച്ചിരുന്ന ഇനിയ ഈ അധ്യയന വര്‍ഷം സ്പോര്‍ട്സില്‍ മികവു തേടി പറളി സ്കൂളിലെത്തുകയായിരുന്നു. നാലു മാസത്തെ മാത്രം പരിശീലനത്തിലാണ് ഇനിയയുടെ ഈ നേട്ടം.
സബ്ജൂണിയിര് വിഭാഗം 600 മീറ്ററിലായിരുന്നു ജില്ലവരെ മത്സരം. എന്നാല്‍, സംസ്ഥാന തലത്തില്‍ ഈ വിഭാഗത്തില്‍ മത്സരിച്ചാല്‍ വിജയിക്കാനാവില്ലെന്ന പരിശീലനകന് പി.ജി. മനോജിന്റെ നിര്‍ദേശത്തിന്റെയും ശിക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം ഈ എട്ടാം ക്ലാസുകാരിയും മത്സരിക്കുകയായിരുന്നു. 10 മിനിറ്റും 56 സെക്കന്റ് സമയത്തിലാണ് ഇനിയയുടെ സ്വര്‍ണം.
പറളി സ്വദേശിയായ കൂലിപണിക്കാരൻ മുരുകന്റെയും പാചകതൊഴിലാളിയായ സിന്ധുവിന്റെയും ഇളയമകളാണ്. സൂര്യ എന്നൊരു സഹോദരനുമുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്കിയ സ്പൈക്കുമായാണ് ഇനിയയുടെ മത്സരം. വെറും നാലു മാസത്തെ പരിശീലനത്തില്‍ മുതിര്‍ന്ന കുട്ടികളൊടോപ്പം മത്സരിച്ചു വിജയിച്ച ഇനിയ ഭാവി കേരളത്തിന്റെ വാഗ്ദാനമാണെന്ന് പരിശീലകന് പി.ജി. മനോജ് പറഞ്ഞു.
Tags : M. Iniya first gold State school meet