തിരുവനന്തപുരം: ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാമാഗസിനായ ‘ലോണ്‍ലി പ്ലാനറ്റി’ന്റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളിൽ കേരളത്തിന്റെ തനതും വൈവിധ്യപൂർണവുമായ രുചിക്കൂട്ടുകൾ ഇടം പിടിച്ചു.
വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് പരാമർശമുള്ളത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണ്.
കേരളത്തിന്റെ തനതു മീൻകറി, സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴംപൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയൽ, തോരൻ, രസം, സാമ്പാർ, അച്ചാർ, പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ വീട്ടിൽ പാകം ചെയ്യുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികൾ നഷ്ടപ്പെടുത്തരുതെന്നും മാഗസിനിൽ പറയുന്നു.
നേർത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീൻ, ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫി എന്നിവയും ആകർഷകമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
കൊച്ചിയെ ഏറ്റവും പ്രചോദനാത്മകമായ സ്ഥലങ്ങളിൽ ഒന്നെന്നും ലോണ്‍ലി പ്ലാനറ്റ് വിശേഷിപ്പിക്കുന്നുണ്ട്.
Tags :