ദോഹ: സമൂഹത്തിൽ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് കോട്ടം തട്ടുന്നുവെന്ന ആശങ്ക ഉയരുന്നതിൽ സോഷ്യൽ മീഡിയയുടെയും മൊബൈലിന്റെയും അഡിക്ഷനുകൾ വലിയ പങ്കുവഹിക്കുന്നുവെന്ന് ഷേഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് ഡോ. ജൗഹർ മുനവ്വിർ പ്രസ്താവിച്ചു.
ലിബറലിസത്തിന്റെ പേരിൽ ഇസ്ലാമിക വസ്ത്രധാരണം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളായ മാതാപിതാക്കളുടെ റിമോട്ട് പാരന്റിംഗ് കൃത്യമായി നിർവചിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തിക അച്ചടക്കമില്ലായ്മയും ആസൂത്രണത്തിന്റെ അഭാവവും പ്രവാസീ കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
ഭർത്താവിന്റെ സാമ്പത്തിക ഭദ്രത മനസ്സിലാക്കാതെ ജീവിക്കുന്ന ഭാര്യയും കുട്ടികളും പലപ്പോഴും കുടുംബാന്തരീക്ഷത്തെ അപകടത്തിലാകുന്നു ജോലിക്കാരായ മാതാപിതാക്കൾ അവരുടെ തിരക്കുകൾക്കിടയിൽ മക്കൾ മാനസികമായി അനാഥരാകുന്നുവോ എന്നത് സ്വന്തത്തോട് ചോദിക്കണമെന്നും ഉദാഹരണ സഹിതം അദ്ദേഹം സദസ്യരെ ഉണർത്തി.
സമൂഹത്തിൽ വിവാഹമോചനം സാധാരണമാകുന്നതും, അത് ആഘോഷിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാരണങ്ങൾ വിശകലനം ചെയ്യപ്പെടണം. ഡിപ്രഷനും സ്ട്രസും എങ്ങനെ ഇല്ലാതാക്കാമെന്നതിന് ഇസ്ലാമിക പരിപ്രേക്ഷത്തിൽ നിന്ന് ചർച്ചകൾ ഉയരണം. ഇങ്ങനെ എല്ലാ വിഷയങ്ങളും കുടുംബത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, ഇസ്ലാമിക മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയുടെ പ്രാധാന്യവും അദ്ദേഹം ഓർമപ്പെടുത്തി.
കുടുംബമെന്ന സംവിധാനത്തിൽ പടരുന്ന ഇത്തരം ജീർണ്ണതകൾ പുതു തലമുറയെ വിവാഹമെന്ന സങ്കൽപ്പത്തിൽ നിന്ന് തന്നെ മാറിനിൽക്കാൻ പ്രേരിപ്പിക്കുന്നുന്നത് സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ബിൻ സൈദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ - മലയാളവിഭാഗം പ്രതിനിധി അബ്ദുറഷീദ് അൽ കൗസരി, കെ.ടി. ഫൈസൽ സലഫി, മുജീബുറഹ്മാൻ മിശ്ക്കാത്തി, സലു അബൂബക്കർ, സ്വലാഹുദ്ധീൻ സ്വലാഹി, മുഹമ്മദലി മൂടാടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
Tags : dr jouhar munawar gulfnews