ന്യൂഡൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയനും 2024ലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവുമായ മുനവർ ഫാറൂഖിയെ വധിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത രണ്ട് പേരെ വെടിവച്ച് വീഴ്ത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
രോഹിത് ഗോദാര-ഗോൾഡി ബ്രാർ-വീരേന്ദർ ചരൺ സംഘത്തിലെ രണ്ടു പേരെ ജയ്പൂർ-കാളിന്ദി കുഞ്ജ് റോഡിൽ നടന്ന വെടിവയ്പ്പിന് ശേഷമാണ് ഡൽഹി പോലീസ് പിടികൂടിയത്.
ഹരിയാനയിലെ പാനിപ്പത്ത്, ഭിവാനി സ്വദേശികളായ രാഹുൽ, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ഫാറൂഖിയെ വധിക്കാൻ, ഗോൾഡി ബ്രാർ, വീരേന്ദർ ചരൺ എന്നിവർക്കൊപ്പം പ്രവർത്തിക്കുന്ന വിദേശത്തുള്ള ഗുണ്ടാത്തലവൻ രോഹിത് ഗോദാരയിൽ നിന്നാണ് ഇവർക്ക് നിർദേശങ്ങൾ ലഭിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഫാറൂഖിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഇവർ മുംബൈയിലും ബംഗളൂരുവിലും നിരീക്ഷണം നടത്തിയിരുന്നു. 2024ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിച്ച ഫാറൂഖിക്ക് ഇൻസ്റ്റാഗ്രാമിൽ 14.2 ദശലക്ഷം ഫോളോവേഴ്സുണ്ട്. വെടിയേറ്റ രാഹുൽ 2024 ഡിസംബറിൽ ഹരിയാനയിലെ യമുനാനഗറിൽ നടന്ന കൊലക്കേസുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന പ്രതിയാണ്.
ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടലിന് ഉപയോഗിച്ച തോക്കുകളും മോട്ടോർസൈക്കിളും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Tags : Goldy Brar gang arrest