ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 20കാരൻ അറസ്റ്റിൽ.
ജാസ്പൂർ പ്രദേശത്തെ അമിയവാല ഗ്രാമത്തിൽ വച്ചാണ് സംഭവം നടന്നത്. പ്രതി രാജീവ് കുമാറിനെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തതായി ഉധം സിംഗ് നഗറിലെ സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മണികാന്ത് മിശ്ര പറഞ്ഞു.
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച രക്തം പുരണ്ട ബ്ലേഡും കൊലപാതകം നടത്തുന്ന സമയത്ത് അയാൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട പെൺകുട്ടി, തന്റെ വളർത്തുമൃഗങ്ങൾക്ക് കരിമ്പിൻ തൊലി ശേഖരിക്കാൻ വയലിലേക്ക് പോയിരുന്നു. ഇവിടെ വച്ചാണ് രാജീവ് കൃത്യം ചെയ്തത്.
പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ വീട്ടിൽ നിന്ന് 150 മീറ്റർ അകലെയുള്ള ഒരു കരിമ്പിൻ തോട്ടത്തിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് എസ്എസ്പി പറഞ്ഞു.
ഗ്രാമവാസികൾ സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുകയും പെൺകുട്ടിയെ ജാസ്പൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണംസംഭവിച്ചിരുന്നു.
സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത 74 ഉപരോധിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ബിഎൻഎസിലെ 103 (1) (കൊലപാതകത്തിനുള്ള ശിക്ഷ), 64 (1) (ബലാത്സംഗത്തിനുള്ള ശിക്ഷ) വകുപ്പുകളും പോക്സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചു.
Tags : MurderCase