ചെന്നൈ: ശനിയാഴ്ച കരൂരിലുണ്ടായത് വിജയ് അറിഞ്ഞുകൊണ്ട് വരുത്തിവച്ച ദുരന്തമായിരുന്നുവെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർ.എസ്. ഭാരതി. വിജയ്ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സാധിക്കില്ലെന്നും ആളെക്കൂട്ടാൻ മനപ്പൂർവ്വം ഏഴുമണിക്കൂർ വൈകിയെത്തുകയായിരുന്നുവെന്നും ആർ.എസ്. ഭാരതി ആരോപിച്ചു.
വിജയ് അതിനെല്ലാം ഉത്തരം പറയണമെന്നും ആർ.എസ് ഭാരതി ആവശ്യപ്പെട്ടു. വിഷയത്തിൽ സിബിഐ അന്വേഷണം എന്തിനാണെന്നും ആർഎസ്എസ് ഭാരതി ചോദിച്ചു. തമിഴ് നാട് സർക്കാർ നടത്തുന്നത് കുറ്റമറ്റ അന്വേഷണമാണ്. സിബിഐ വേണ്ടെന്നാണ് ഡിഎംകെ നിലപാട്. സിബിഐ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ടൂൾ ആയി മാറുകയാണെന്നും ഭാരതി കുറ്റപ്പെടുത്തി.
വിജയ്യെ വരുതിയിൽ നിർത്താൻ ബിജെപി സിബിഐയെ ഉപയോഗിക്കും. വിജയ്ക്ക് പിന്നിൽ താരാ ആരാധന തലയ്ക്കു പിടിച്ചവരാണ്. അത്തരക്കാരെ കുറിച്ച് പറയാൻ തന്നെ നാണക്കേട് തോന്നുകയാണ്. കരൂരിലടക്കം തിങ്ങി നിറഞ്ഞത് വിദ്യാർഥികൾ ഉൾപ്പെട ചെറുപ്പക്കാർ മാത്രമാണെന്നും ഭാരതി പറഞ്ഞു.
മുതിർന്നവർ കേവലം രണ്ടായിരത്തോളം പേർ മാത്രമായിരുന്നു. വിജയ്യുടെ രാഷ്ട്രീയ ഭാവി എന്തെന്നത് ഡിഎംകെയെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെക്ക് ടിവികെയെ ഭയമില്ല. ഡിഎംകെ ജനങ്ങൾക്കിടയിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ആർ.എസ്. ഭാരതി വ്യക്തമാക്കി.
Tags : rs bharathi tvk vijay karur stampede