ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവാവിനെ കേസില്‍പ്പെടുത്താന്‍ വേണ്ടിയുള്ള നാടകമായിരുന്നു ആസിഡ് ആക്രമണമെന്നാണ് പിതാവിന്റെ മൊഴി. പെൺകുട്ടിയുടെ ശരീരത്തിൽ ഒഴിച്ചത് ടോയ്ലെറ്റ് ക്ലീനറാണെന്നും മൂന്നു യുവാക്കളെ കേസിൽ കുടുക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇവർ പോലീസിനോടു പറഞ്ഞു.
വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പെൺകുട്ടിക്കും പിതാവിനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് ഡൽഹി സർവകലാശാലയിലെ ലക്ഷ്മിബായി കോളജ് വിദ്യാർഥിനിക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ആസിഡ് ആക്രമണം ഉണ്ടായത്.
ഈ ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്കും അതോടൊപ്പം തന്നെ മുഖത്തിന്റെ ചില ഭാഗങ്ങളിലും പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ യാതൊരുവിധ തെളിവുമില്ല എന്ന നിലപാടാണ് പോലീസ് പ്രധാനമായും സ്വീകരിച്ചിരുന്നത്. മാത്രമല്ല, ഈ ആക്രമണത്തിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന കാര്യവും പോലീസ് പറഞ്ഞിരുന്നു.
പൊള്ളലേറ്റ വിദ്യാർഥിനിയെ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നത്. നിലവിൽ പെൺകുട്ടി സുഖം പ്രാപിച്ചു വരികയാണ്. ആശുപത്രി വിട്ട ശേഷം നിയമപരമായി തന്നെ കാര്യങ്ങളെ നേരിടും എന്ന നിലപാടാണ് ഇരയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നത്.
അതേസമയം, ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെതിരെ കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയുടെ ഭാര്യ പീഡനപരാതി നല്‍കിയിരുന്നു.
വിദ്യാർഥിനിയുടെ പിതാവ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് യുവതി പോലീസിനെ സമീപിച്ചത്. ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് ലൈംഗീകമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നാണ് ആരോപണം.
Tags : Delhi Acid Attack Case Huge Confession