കൊച്ചി: ഭൂമി തരം മാറ്റാനുള്ള അപേക്ഷ നിരസിച്ച റവന്യൂ ഡിവിഷന് ഓഫീസര്‍ക്കു ഹൈക്കോടതി 10,000 രൂപ പിഴ വിധിച്ചു.
അപേക്ഷ നിരസിച്ച നടപടി ചോദ്യം ചെയ്തു മലപ്പുറം പൊന്നാനി സ്വദേശിനി എ.ബി. സുജയ നല്കിയ ഹര്‍ജിയിലാണു മലപ്പുറം തിരൂര്‍ റവന്യൂ ഡിവിഷന് ഓഫീസര്‍ 10,000 രൂപ ഒരു മാസത്തിനകം അപേക്ഷകയ്ക്കു നല്കാന് ജസ്റ്റീസ് സി.എസ്. ഡയസ് ഉത്തരവിട്ടത്.
ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ പൊന്നാനി വട്ടക്കുളം വില്ലേജിലുള്ള 15 സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മിച്ച കെട്ടിടം നിലവിലുണ്ട്. ഈ ഭൂമിയുടെ തരം മാറ്റലിനു നല്കിയ അപേക്ഷയാണു നിഷേധിച്ചത്. ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപ്പീലില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഉത്തരവുണ്ടായി.
തുടര്‍ന്ന് കളക്ടര്‍ അപേക്ഷ ആര്‍ഡിഒയ്ക്കു കൈമാറിയെങ്കിലും ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണോ അല്ലയോ എന്നു പരിശോധിക്കാതെ ആര്‍ഡിഒ വീണ്ടും അപേക്ഷ തള്ളുകയായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്പ്പെടുന്നതല്ലെന്നു വ്യക്തമാക്കിയിരിക്കെയാണ് ഈ നടപടി. ഇക്കാര്യം വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും വ്യക്തമാക്കിയിരുന്നു.
ഡാറ്റാ ബാങ്കില്‍നിന്ന് 2023 ജനുവരിയില്‍ ഈ ഭൂമി ഒഴിവാക്കിയതാണ്. അതേസമയം, തൊട്ടടുത്ത സ്ഥലം തരംമാറ്റി നല്കിയ രേഖയടക്കം ഹര്‍ജിക്കാരി കോടതിയില്‍ ഹാജരാക്കി. നിഷേധാത്മക സമീപനം സ്വീകരിച്ചതിലൂടെ അപേക്ഷ നിരസിച്ച് ഹര്‍ജിക്കാരിയെ നിയമനടപടികളിലേക്ക് എത്തിക്കുകയാണ് ആര്‍ഡിഒ ചെയ്തതെന്നു കോടതി വിലയിരുത്തി.
Tags : Land conversion Revenue Division fine