പാരീസ്: ലോകത്തെ ഞെട്ടിച്ച ലൂവ്റ് മ്യൂസിയം കവർച്ചയിൽ മ്യൂസിയം ജീവനക്കാരനും പങ്കുള്ളതായി സൂചന. ജീവനക്കാരൻ നല്കിയ വിവരങ്ങളാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത മ്യൂസിയങ്ങളിലൊന്നിൽ അനായാസ കവർച്ചയ്ക്കു മോഷ്ടാക്കളെ സഹായിച്ചതെന്നു കരുന്നു.
ഈ മാസം 19ന് പട്ടാപ്പൽ നടന്ന കവർച്ചയിൽ നാലംഗ സംഘം ഫ്രഞ്ച് രാജവംശങ്ങളുമായി ബന്ധപ്പെട്ട എട്ട് ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.
കവർച്ചാസംഘം, കൃത്യം നടത്തുന്നതിനു മുന്പായി മ്യൂസിയം ജീവനക്കാരെ ബന്ധപ്പെട്ടിരുന്നതായി ഫ്രഞ്ച് പോലീസ് സംശയിക്കുന്നു. മ്യൂസിയത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഒരു ജീവനക്കാരൻ നല്കിയതായും അനുമാനിക്കുന്നു. ഇതു തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ, മോഷണസംഘം ഉപേക്ഷിച്ച ഹെൽമെറ്റുകൾ, ഗ്ലൗസുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽനിന്ന് 150 ഡിഎൻഎ സാന്പിളുകൾ അന്വേഷണസംഘം കണ്ടെത്തി.
ഇതിനിടെ, കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടു പേരെ ശനിയാഴ്ച പാരീസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാൾ അർജീരിയയിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണു പിടിയിലായത്.
കവർച്ചയുടെ പശ്ചാത്തലത്തിൽ മ്യൂസിയത്തിലെ ചില അമ്യൂല്യ ആഭരണങ്ങൾ ബാങ്ക് ഓഫ് ഫ്രാൻസിന്റെ സ്ട്രോംഗ് റൂമിലേക്കു മാറ്റിയിട്ടുണ്ട്.