ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കു നേരേ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച് വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകണോയെന്നു സുപ്രീംകോടതി.
നടപടി ആവശ്യമില്ലെന്നു ചീഫ് ജസ്റ്റീസ് നിലപാട് സ്വീകരിച്ചിട്ടും കോടതിയലക്ഷ്യത്തിനു കേസെടുക്കുന്നത് രാകേഷ് കിഷോറിന് അനാവശ്യ പ്രാധാന്യം നൽകില്ലേയെന്നും കേസ് പരിഗണിക്കവെ ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ചോദിച്ചു.
അതിക്രമശ്രമം നടന്നതിനു പിന്നാലെ അഭിഭാഷകനെ കുറച്ചുനേരം തടഞ്ഞുവച്ചു. എന്നാൽ പിന്നീട് വിട്ടയച്ചപ്പോൾ തന്റെ പ്രവൃത്തിയെ മഹത്വവത്കരിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ സമൂഹമാധ്യമത്തിലൂടെ അദ്ദേഹം നടത്തിയെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നും മുതിർന്ന അഭിഭാഷകനും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റുമായ വികാസ് സിംഗ് പറഞ്ഞു. ചീഫ് ജസ്റ്റീസ് മാപ്പ് നൽകിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്.
നീതിന്യായ സംവിധാനത്തിനെതിരേ ഉണ്ടായ അതിക്രമത്തിലാണു നടപടി സ്വീകരിക്കേണ്ടത്. അതിനാൽ സംഭവത്തെ വെറുതെ വിടാൻ സാധിക്കില്ലെന്നും വികാസ് സിംഗ് കോടതിയിൽ പറഞ്ഞു.
എന്നാൽ, കോടതിയലക്ഷ്യ നിയമപ്രകാരം നടപടി സ്വീകരിക്കണോ വേണ്ടയോ എന്നതു ബാധിക്കപ്പെട്ട ജഡ്ജിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശം തയാറാക്കുന്നത് പരിഗണിക്കുമെന്നു വ്യക്തമാക്കിയ കോടതി, അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിടാൻ വിസമ്മതിച്ചു.