പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ പാലക്കാട് നഗരസഭാധ്യക്ഷയോടു വിശദീകരണം തേടി ബിജെപി സംസ്ഥാനനേതൃത്വം. പരിപാടിയിൽ പങ്കെടുത്തതെന്തിനെന്ന് പ്രമീള ശശിധരൻ വ്യക്തമാക്കണം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും അതൃപ്തി പ്രകടിപ്പിച്ചു.
പ്രമീളയ്ക്കെതിരേ ശക്തമായ നടപടി വേണമെന്നു ജില്ലയിൽനിന്നുള്ള സംസ്ഥാനനേതാവ് സി. കൃഷ്ണകുമാറും പാർട്ടി ജില്ലാ അധ്യക്ഷനും ആവശ്യപ്പെട്ടു. പ്രമീള അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് ജില്ലാ നേതൃയോഗത്തിൽ കൃഷ്ണകുമാർപക്ഷം ആവശ്യപ്പെട്ടത്. മാധ്യമങ്ങൾക്കുമുന്നിൽ തെറ്റ് ഏറ്റുപറയണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കടുത്ത നടപടി എടുക്കുന്നതു തിരിച്ചടിയാകുമെന്നാണ് ഒരുവിഭാഗം പറയുന്നത്.
അതേസമയം, ബിജെപിയിലെ വിഭാഗീയത മുതലെടുക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പാലക്കാട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമീള ശശിധരനെ കോണ്‍ഗ്രസിലേക്കു ക്ഷണിച്ചു. വികസനപ്രവർത്തനമെന്ന നിലയിലാണു പരിപാടിയിൽ പങ്കെടുത്തതെന്നാണു വിവാദങ്ങളിൽ പ്രമീള ശശിധരന്റെ പ്രതികരണം.
പാർട്ടി എന്തു നടപടിയെടുത്താലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും പ്രമീള പ്രതികരിച്ചു. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയാറാണെന്നു പറഞ്ഞ പ്രമീള, പാർട്ടിവിട്ട് കോണ്‍ഗ്രസിൽ ചേരില്ലെന്നും വ്യക്തമാക്കി.
Tags : Rahul BJP Palakkad Nagara Sabha