ബാമക്കോ: ഇസ്ലാമിക ഭീകരരുടെ ഉപരോധത്തിൽ ഇന്ധനക്ഷാമം നേരിടുന്ന മാലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നവംബർ ഒന്പതുവരെ അടച്ചിടാൻ പട്ടാള ഭരണകൂടം തീരുമാനിച്ചു.
ഇന്ധനക്ഷാമം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായി വകുപ്പു മന്ത്രി അമദൗ സവാനെ ചൂണ്ടിക്കാട്ടി.
നവംബർ പത്തിനെങ്കിലും ക്ലാസ് തുടങ്ങാൻ ഊർജിതശ്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽക്വയ്ദ ബന്ധമുള്ള ഭീകര സംഘങ്ങളാണ് മാലിയിലെ റോഡുകൾ ഉപരോധിച്ച് ഇന്ധനക്ഷാമം ഉണ്ടാക്കുന്നത്. ഇന്ധനവുമായി വരുന്ന ട്രക്കുകൾ ആക്രമിക്കുന്നുമുണ്ട്. സമുദ്രാതിർത്തിയില്ലാത്ത മാലിയിൽ അയൽരാജ്യങ്ങളായ സെനഗലിൽനിന്നും ഐവറി കോസ്റ്റിൽനിന്നും റോഡ് മുഖാന്തിരമാണ് ഇന്ധനമെത്തുന്നത്.ആഴ്ചകളായി തുടരുന്ന ഇന്ധനക്ഷാമം നേരിടാൻ മാലിയിലെ പട്ടാള ഭരണകൂടം വിഷമിക്കുന്നതായാണു റിപ്പോർട്ട്.
ഇന്ധനക്ഷാമം അമേരിക്കൻ എംബസിയുടെ പ്രവർത്തനത്തെയും ബാധിച്ചു.
എംബസിക്കു വേണ്ടുന്ന വൈദ്യുതി ലഭിക്കുന്നില്ല. ഇതേത്തുടർന്ന് അവശ്യയിതര വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അമേരിക്കയിലേക്കു മടക്കിയയച്ചു.