ടോക്കിയോ: ഞായറാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അമേരിക്കൻ നേവിയുടെ യുദ്ധവിമാനവും ഹെലികോപ്റ്ററും തെക്കൻ ചൈനാക്കടലിൽ തകർന്നുവീണു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏഷ്യാ പര്യടനം ആരംഭിച്ചതിനു പിന്നാലെയായിരുന്നു രണ്ട് അപകടങ്ങളും.
യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിയിൽനിന്നു പറന്ന സീ ഹ്വാക് ഹെലികോപ്റ്ററും എഫ്/എ-18എഫ് സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനവുമാണു മണിക്കൂറുകളുടെ വ്യത്യാസത്തിൽ തകർന്നത്. വിമാനത്തിലും ഹെലികോപ്റ്ററിലുമുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അമേരിക്കയുടെ പസഫിക് കപ്പൽപ്പട അറിയിച്ചു.
അപകടങ്ങൾ അസാധാരണമാണെന്ന് ട്രംപ് പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിൽ സഹായം നല്കാമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം വാഗ്ദാനം ചെയ്തു.