യവോൻഡെ: സെൻട്രൽ ആഫ്രിക്കൻ രാജ്യമായ കാമറോണിൽ 92 വയസുള്ള പ്രസിഡന്റ് പോൾ ബിയ അധികാരം നിലനിർത്തി.
ഈ മാസം 12നു നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിച്ചതായി ഭരണഘടനാ കോടതി ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. 1982 മുതൽ കാമറോൺ ഭരിക്കുന്ന പോൾ ബിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ്.
ബിയായ്ക്ക് 53.66 ശതമാനം വോട്ടും മുഖ്യ എതിരാളി ഈസാ ബാക്കറിക്ക് 35.19 ശതമാനം വോട്ടും ലഭിച്ചതായി ഭരണഘടനാകോടതി അറിയിച്ചു.
പോൾ ബിയ തന്റെ സ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ഈസാ ബാക്കറി ആരോപിച്ചു.
ഭരണഘടനാ കോടതിയുടെ പ്രഖ്യാപനം വരുന്നതിനു മുന്പായി ബാക്കറിയുടെ അനുയായികൾ ഞായറാഴ്ച വൻ പ്രതിഷേധം നടത്തിയിരുന്നു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെട്ടു.