വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വിദേശത്തേക്കു നടത്തുന്ന പ്രഥമ അപ്പസ്തോലിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. തുർക്കി, ലബനൻ രാജ്യങ്ങളിലേക്കാണ് പ്രഥമ സന്ദർശനം.
നവംബർ 27ന് യാത്ര തിരിക്കുന്ന മാർപാപ്പ ഡിസംബർ രണ്ടിന് മടങ്ങും. ഒന്നാം നിഖ്യാ സൂനഹ ദോസിന്റെ 1700-ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് തുർക്കി സന്ദർശനം.
നവംബർ 27ന് തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തുന്ന മാർപാപ്പ പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഇസ്താംബൂളിലേക്കു പോകുന്ന മാർപാപ്പ 28ന് അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്നിക് എന്ന് ഇപ്പോൾ അറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും.
തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. 29ന് രാവിലെ സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കും. തുടർന്ന് മാർ എഫ്രേം സിറിയക് ഓർത്തഡോക്സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച.
വൈകുന്നേരം കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിന്റെ ആസ്ഥാനദേവാലയമായ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർക്കൽ കൊട്ടാരത്തിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച.
30ന് രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിൽ പ്രാർഥനയോടെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഇസ്താംബൂളിലെ അറ്റാതുർക്ക് വിമാനത്താവളത്തിൽ മാർപാപ്പയ്ക്ക് യാത്രയയപ്പ് നൽകും.
തുടർന്ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്കു പോകും. അവിടെയെത്തുന്ന മാർപാപ്പ പ്രസിഡന്റ്, പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അന്നായയിലെ സെന്റ് മാറോൻ ആശ്രമത്തിൽ വിശുദ്ധ ചാർബെൽ മക്ലൂഫിന്റെ കബറിടം സന്ദർശിക്കും. പിന്നീട് ഹാരിസയിലെ മരിയൻ തീർഥാടനകേന്ദ്രത്തിലേക്ക് പോകുന്ന മാർപാപ്പ അവിടെ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കും. യുവാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഡിസംബർ രണ്ടിന് ജാൽ എഡ്ഡിബിലെ ഹോളി ക്രോസ് ആശുപത്രിയിലെ ജീവനക്കാരെയും രോഗികളെയും സന്ദർശിക്കുന്ന മാർപാപ്പ തുടർന്ന് 2020ൽ വലിയ സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖ പരിസരത്ത് മൗനപ്രാർഥന നടത്തും. ഇതിനുശേഷം ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. അന്ന് ഉച്ചകഴിഞ്ഞ് റോമിലേക്കു മടങ്ങും.
Tags : apostolic visit Pope's visit vatican