കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതു ചോദ്യംചെയ്ത് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥികളെ ക്ലാസിൽ കയറി മർദിച്ചു.
ഒരു വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇക്കഴിഞ്ഞ 22ന് വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ 51 പ്ലസ് ടു വിദ്യാർഥികൾക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.
പ്ലസ് വൺ ക്ലാസ് നടന്നുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ ചീത്തവിളിച്ച് ക്ലാസിൽ കയറി ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് അധ്യാപികയ്ക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തിൽ ഇരു വിഭാഗത്തിലെയും രക്ഷിതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു.
മർദനത്തിൽ പങ്കുള്ള 51 പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ഭീതിയിലായ പല കുട്ടികളും സ്കൂളിലേക്കു വരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇവരുൾപ്പെടെ പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികൾക്കു കൗൺസലിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Tags : Instagram beaten valapattanam