പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായ് എന്ന അല്ലാഹ് റായ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി പട്ന ചിത്രഗുപ്തിലെ മുന്നചക് പ്രദേശത്താണു സംഭവം. അജ്ഞാതരായ രണ്ടുപേർ റായിയുടെനേരേ വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പാണു സംഭവം. രാഘോപുർ നിയമസഭാമണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പായ നേതാവായിരുന്നു റായ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു.
വെടിയേറ്റ ആർജെഡി നേതാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആറു കാട്രിഡ്ജുകൾ കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊലനടത്തിയതിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടുന്നതു കാണാം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പട്ന ഈസ്റ്റ് പോലീസ് സൂപ്രണ്ട് പരിജയ് കുമാർ പറഞ്ഞു.