National
ബിഹാറിൽ ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് തേജസ്വി യാദവ്.
സര്‍ക്കാര്‍ രൂപീകരിച്ച് ഇരുപത് ദിവസത്തിനകം തൊഴില്‍ ഉറപ്പാക്കുന്നതിനായി നിയമമുണ്ടാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ആര്‍ജെഡി അധികാരമേറ്റ് 20 മാസത്തിനുളളില്‍ സംസ്ഥാനമൊട്ടാകെ പദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്നും ഒരു വീട്ടിലും സര്‍ക്കാര്‍ ജോലി ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
"ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജോലി ആവശ്യമുളള കുടുംബങ്ങളുടെ പട്ടിക തന്നെ ഞങ്ങളുടെ കൈവശമുണ്ട്. സാധ്യമാകുന്ന പ്രഖ്യാപനം മാത്രമേ ഞങ്ങള്‍ നടത്തുകയുളളു. വ്യാജ വാഗ്ദാനങ്ങളില്ല, ആരെയും വഞ്ചിക്കുന്നുമില്ല. വാഗ്ദാനം പാലിക്കുമെന്ന് പറയാന്‍ തെളിവ് നല്‍കേണ്ട കാര്യവുമില്ല.': തേജസ്വി യാദവ് പറഞ്ഞു.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻഡിഎ സഖ്യത്തിൽ ഭിന്നത. തങ്ങൾക്ക് 40 സീറ്റ് വേണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടതാണ് പുതിയ തർക്കത്തിനു കാരണം.
എന്നാൽ 25 സീറ്റുകളിൽ കൂടുതൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചു സീറ്റുകളിലും തങ്ങളുടെ പാർട്ടി വിജയിച്ചു. അതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് എൽജെപി നേതൃത്വം വ്യക്തമാക്കി.
അതേസമയം ചിരാഗ് പാസ്വാൻ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയത്തില്‍ വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണ്. പ്രശാന്ത് കിഷോറുമായി സഖ്യം തള്ളിക്കളയനാവില്ലെന്നും ചിരാഗ് പാസ്വാൻ വ്യക്തമക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച എൽജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അനുനയ ശ്രമങ്ങളുടെ ഭാഗമായി രാജ്യസഭാ സീറ്റുകളും എംഎൽസി സീറ്റുകളും പാസ്വാന് എൻഡിഎ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്.
National
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിലെ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. കോൺഗ്രസിന് പരമാവധി 55 സീറ്റുമാത്രമെ നൽകൂവെന്ന് അർജെഡി വ്യക്തമാക്കി. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 ഇടങ്ങളിലെ വിജയിക്കാനായുള്ളൂ.
അതിനാൽ കഴിഞ്ഞ തവണത്തെപ്പോലെ ആർക്കും സീറ്റ് വാരിക്കോരി കൊടുക്കില്ലെന്ന് ആർജെഡി നേതൃത്വം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. മുതിർന്ന നേതാക്കളെ കളത്തിലിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
ആർജെഡിയുടെ ഓഫർ സിപിഐഎംഎൽ തള്ളി. തങ്ങൾക്ക് നാൽപ്പത് സീറ്റ് വേണമെന്നാണ് സിപിഐഎംഎല്ലിന്റെ ആവശ്യം. ഇത് അംഗീകരിക്കില്ലെന്ന് ആർജെഡി വ്യക്തമാക്കി.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നവംബർ ആറ്,11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബർ 14ന് നടത്തുമെന്ന് മഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാർ വ്യക്തമാക്കി.
ആകെ 7.43 കോടി വോട്ടർമാരുള്ളതിൽ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടും. 90,712 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഒരുക്കും. 14 ലക്ഷം പുതിയ വോട്ടർമാരാണുള്ളത്.
243 അംഗ നിയമസഭയിലേക്ക് എൻഡിഎ - ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവരാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും കന്നിയങ്കത്തിനിറങ്ങും. ബിജെപി (80), ജെഡിയു (45), ആർജെഡി (77), കോൺഗ്രസ് (19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
National
പാറ്റ്ന: ബിഹാറിലെ പൂർണിയയിലെ ജബൻപൂരിന് സമീപം വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് നാലു പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ പൂർണിയയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജോഗ്ബാനിൽ നിന്ന് ദാനാപൂരിലേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഇടിച്ചത്. കൈതാർ-ജോഗ്ബാനി റെയിൽവേ ലൈനിൽ വച്ചായായിരുന്നു അപകടം.
ദുർഗാ പൂജയിൽ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഒരാഴ്ചക്കിടെ ബിഹാറിൽ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് രണ്ടാം തവണയാണ് അപകടം ഉണ്ടാവുന്നത്. സെപ്റ്റംബർ 30ന് സഹർസയിലെ ഹതിയാഗച്ചി റെയിൽവേ ക്രോസിംഗിനു സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
National
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും പങ്കെടുത്തേക്കുമെന്നാണ് സൂചന.
രണ്ടു ദിവസം നീണ്ടു നില്ക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അടക്കം വിലയിരുത്തും. അതിനുശേഷമാകും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശനിയാഴ്ച ബിഹാര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Kerala
ന്യൂഡൽഹി: പ്രത്യേക സമഗ്ര പരിശോധനയ്ക്ക് ശേഷം ബിഹാറിലെ അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 7.42 കോടി വോട്ടർമാരാണ് അന്തിമ വോട്ടർപട്ടികയിലുള്ളത്.
ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ 7.24 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. 7.89 കോടി വോട്ടർമാരായിരുന്നു ജൂൺ മാസത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
പുതിയ കണക്ക് പ്രകാരം 21.53 ലക്ഷം വോട്ടർമാരെയാണ് അധികം ചേർത്തിരിക്കുന്നത്. ഓഗസ്റ്റിൽ ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 3.66 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ട്. എസ്ഐആറിന് മുമ്പുള്ള വോട്ടർപട്ടികയിൽ നിന്ന് 48 ലക്ഷം പേരെ ഒഴിവാക്കി.
കരട് പട്ടികയിലെ കടുംവെട്ടിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ആധാർ കൂടി തിരിച്ചറിയൽ രേഖയായി അംഗീകരിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ വോട്ടർമാരെ അന്തിമ പട്ടികയിൽ കമ്മീഷൻ ഉൾപ്പെടുത്തിയത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പറ്റ്ന സന്ദര്‍ശിക്കും. അടുത്ത ആഴ്ചയോടെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രമേയത്തെ പിന്തുണച്ചു. ലീഗ് എംഎല്‍എമാരായ യു. ലത്തീഫ്, എന്‍. ഷംസുദ്ദീന് എന്നിവര്‍ പ്രമേയത്തിന്മേല് ഭേദഗതികള്‍ അവതരിപ്പിച്ചു.
National
പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായ് എന്ന അല്ലാഹ് റായ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി പട്ന ചിത്രഗുപ്തിലെ മുന്നചക് പ്രദേശത്താണു സംഭവം. അജ്ഞാതരായ രണ്ടുപേർ റായിയുടെനേരേ വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പാണു സംഭവം. രാഘോപുർ നിയമസഭാമണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പായ നേതാവായിരുന്നു റായ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു.
വെടിയേറ്റ ആർജെഡി നേതാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആറു കാട്രിഡ്ജുകൾ കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊലനടത്തിയതിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടുന്നതു കാണാം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പട്ന ഈസ്റ്റ് പോലീസ് സൂപ്രണ്ട് പരിജയ് കുമാർ പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ പന്ത്രണ്ടാമത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ്. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം.
ആധാർ ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. എന്നാൽ ആധാർ പൗരത്വ രേഖയായി പരിഗണിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു.
ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. ആധാർ ഔദ്യോഗിക രേഖകളിൽ ഒന്നാണെന്ന് കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ യഥാർഥ പൗരന്മാർക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ട്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ പൗരത്വം അവകാശപ്പെടുന്നവർക്ക് വോട്ടവകാശം ഇല്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബിഎൽഒമാർക്ക് പൗരത്വം തീരുമാനിക്കാൻ കഴിയില്ല എന്ന് കപിൽ സിബൽ വാദിച്ചു. ആധാർ രേഖയായി കണക്കിലെടുക്കണമെന്ന് കോടതി ഉത്തരവ് ബിഎൽഒമാർ പാലിക്കുന്നില്ല. ആധാർ അംഗീകരിക്കാനുള്ള നിർദ്ദേശം ബിഎൽഒമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടില്ല എന്ന് സിബൽ സുപ്രിംകോടതിയിൽ വാദിച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
National
ന്യൂഡൽഹി: ബിഹാർ എസ്ഐആറില്‍ തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.
National
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് മോഷ്ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഭോജ്പൂരില്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് മോഷണം നടത്തി. എന്നാല്‍ ബിഹാര്‍ തെരഞ്ഞെടുപ്പിൽ അവരെ അതിന് അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം ബിജെപിയുടെ ലക്ഷ്യം വോട്ട് മോഷണം അല്ലെന്നും വോട്ട് കൊള്ളയാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
National
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക വിവാദത്തിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. വിഷയത്തിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം ഇന്ന് ആരംഭിക്കും.
വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷന് പ്രത്യേക അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാർ ബുധനാഴ്ച കോടതിയിൽ വാദിച്ചത്. പരിഷ്കരണം എങ്ങനെ നടത്തണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിക്കാൻ സാധിക്കില്ലേയെന്നു ഹർജിക്കാരോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം തെരഞ്ഞെടുപ്പു കമ്മീഷന് എപ്പോൾ വേണമെങ്കിലും ഒരു നിയോജകമണ്ഡലത്തിൽ ഉചിതമെന്നു തോന്നുന്ന രീതിയിൽ വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്കരണത്തിന് നിർദേശിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഹർജിക്കാരുടെ വാദം ബുധനാഴ്ച അവസാനിച്ചു.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന (എസ്ഐആർ) നടത്തുന്നതിന് സാധുവായ രേഖകളുടെ പട്ടികയിൽ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണു വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണം നടപ്പാക്കുന്നത്. എന്നാൽ നിലവിലെ വോട്ടർ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വോട്ടർ ഐഡി കാർഡുകൾ നിർമിച്ചിരിക്കുന്നത്. അതിനാൽ വോട്ടർപട്ടിക തന്നെ പരിഷ്കരിക്കുന്ന സാഹചര്യത്തിൽ വോട്ടർ ഐഡി കാർഡുകൾ ഇതിനായി ഉപയോഗിക്കാൻ സാധിക്കില്ലെന്നു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികപ്പെടുത്തിയ രേഖകളിൽ ആധാർ, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവ ഉൾപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം നേരത്തെ സുപ്രീംകോടതി തേടിയിരുന്നു. ആധാർ പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും അതിനാൽ സാധുവായ രേഖകളുടെ പട്ടികയിൽ ഇവ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
ഈ വർഷം മാർച്ചിൽ കേന്ദ്രസർക്കാർ അഞ്ചു കോടി വ്യാജ റേഷൻ കാർഡുകൾ നീക്കം ചെയ്തു. വ്യാജ റേഷൻ കാർഡുകളുടെ വ്യാപനം കൂടിയതിനാൽ വോട്ടർപട്ടികയിലെ തീവ്ര പരിശോധന നടത്തുന്നതിന് ഇതു സാധുവായ രേഖയായി പരിഗണിക്കാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷയത്തിൽ ഈ മാസം 28 ന് കോടതി വാദം കേൾക്കും.
National
ന്യൂഡൽഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം എന്തിനെന്ന് കോടതി ചോദിച്ചു.
ജസ്റ്റിസ് സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നവരടങ്ങിയ ബെഞ്ചാണ് വോട്ടര്‍പട്ടിക പുതുക്കലിനെതിരെ എത്തിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളെ പൗരത്വം തെളിയിക്കാൻ നിർബന്ധിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് കമ്മീഷൻ അല്ലെന്നും കോടതി പറഞ്ഞു.
എന്നാൽ ആധാർ പൗരത്വ രേഖയായി കണക്കാക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വാദിച്ചു. വോട്ടര്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും മുന്‍പ് പൂര്‍ണവിവരങ്ങള്‍ സുപ്രിംകോടതിയെ അറിയിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തോതില്‍ ആളുകളെ കൂട്ടിച്ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ടെന്നും അത് വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞമാസം പ്രത്യേക വോട്ടര്‍പട്ടിക പരിഷ്കരണത്തിന് കമ്മീഷന് ഉത്തരവിട്ടത്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എന്നിവർ അടക്കമുള്ളവരാണ് ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.