നെന്മാറ-ഒലിപ്പാറ റോഡ് നിർമാണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ടു
1544319
Tuesday, April 22, 2025 1:30 AM IST
നെന്മാറ: നെന്മാറ-ഒലിപ്പാറ റോഡ് നിർമാണ പൂർത്തീകരണ പുരോഗതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് ദേശീയപാത നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ രാജേഷ് ചന്ദ്രൻ സ്ഥലത്തെത്തിയാണ് കരാറുകാരനോടും അവരുടെ ജീവനക്കാരോടും ആവശ്യപ്പെട്ടത്. നിർമാണപ്രവൃത്തിയുടെ മെല്ലെപ്പോക്കും കരാർ നൽകി രണ്ടുവർഷം ആയതോടെ അറ്റകുറ്റപ്പണി നടക്കാത്തതിനാലും നെന്മാറ അടിപ്പെരണ്ട റോഡിൽ വെള്ളക്കെട്ടും, യാത്രാദുരിതവും, അപകടങ്ങളും നിത്യസംഭവമായി മാറിയതിനെ തുടർന്നാണ് പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിയും പരാതിയുമായി മുന്നോട്ടുവന്നത്.
കാസർകോട് സ്വദേശിയായ കരാറുകാരന് 10.8 കിലോമീറ്റർ റോഡ് നവീകരണം ആറുമാസം കൊണ്ട് പൂർത്തീകരിക്കുന്നതിനായി കരാർ കൊടുത്ത പണിയാണ് രണ്ടരവർഷം ആയിട്ടും തീരാതിരുന്നത്. പാലക്കാട് ദേശീയപാത വിഭാഗം എൻജിനീയർമാരേയും കരാറുകാരേയും ആക്ഷൻ കമ്മിറ്റി നേരിൽകണ്ട് പരാതി നൽകിയിരുന്നു. കഴിഞ്ഞമാസം പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിയും നാമമാത്ര പണിക്കാരുമായി നടക്കുന്ന പണി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയവർ സ്ഥലത്തെത്തി മെയ് 15 വരെ സമയപരിധി ദീർഘിപ്പിച്ചു നൽകി പണിപൂർത്തിയാക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
പ്രദേശവാസികളുടെയും ആക്ഷൻ കമ്മിറ്റിയുടെയും പരാതിയെ തുടർന്ന് പുതുതായി കലുങ്കുകൾ നിർമിച്ച പ്രദേശങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. കരാറുകാരന് പണി വൈകിപ്പിച്ചതിൽ പിഴ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. പണി വേഗതയാക്കാനോ കരാറുകാരനെ നീക്കം ചെയ്യാനോ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയറെ റോഡ് ആക്ഷൻ കമ്മിറ്റി നേരിൽ കണ്ട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പാലക്കാട് കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് തീരുമാനിച്ചിട്ടുണ്ടെന്നും യോഗത്തിൽ നിർമാണ പ്രവൃത്തിയുടെ തത്സ്ഥിതി അറിയിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.