അട്ടപ്പാടി കടുകുമണ്ണ ഊരിൽ തെരഞ്ഞെടുപ്പ് ബോധവത്കരണം "ചുനാവ് പാഠശാല'
1544046
Monday, April 21, 2025 12:47 AM IST
അഗളി: അട്ടപ്പാടി കടുകുമണ്ണ ഊരിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ പദ്ധതിയായ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പരിപാടി -ചുനാവ് പാഠശാല സംഘടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
എല്ലാ ഗോത്രവിഭാഗക്കാരും അവരുടെ മേഖലയിൽനിന്ന് ഉയർന്നു വരേണ്ടതിനു സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാകണമെന്നു ജില്ലാകളക്ടർ പറഞ്ഞു. നല്ലവിദ്യഭ്യാസംനേടി വരുംതലമുറയുടെ നന്മയ്ക്കായി പ്രവർത്തിക്കുവാൻ വളർന്നുവരുന്ന തലമുറ ശ്രമിക്കേണ്ടതാണ്.
രാഷ്ട്രീയംമറന്ന് സ്വന്തം സമൂഹത്തിന്റെ ഉന്നമനത്തിനായി ശ്രമിക്കണമെന്നും, കൃത്യമായി എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാവരും വോട്ടു ചെയ്യണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
അട്ടപ്പാടി വനാന്തർഭാഗത്തുള്ള കടുകുമണ്ണ ഊരിലെ 62 കുടുംബാംഗങ്ങൾക്കാണ് തെരഞ്ഞെടുപ്പ് സാക്ഷരത നൽകിയത്. ജില്ലയിലെ പ്രത്യേക ദുർബല ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ട കുറുമ്പ സമുദായത്തിൽ ഉൾപ്പെട്ടവരാണ് കടുകുമണ്ണ ഊരുവാസികൾ. നിലവിൽ പഴയ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈവശമുണ്ടായിരുന്ന 23 പേർക്ക് പുതിയ കാർഡിനുള്ള അപേക്ഷ നൽകുന്നതിനും, 18 വയസ് പൂർത്തിയാക്കിയ ഊരുവാസികളായ 12 പേർക്ക് വോട്ടർ പട്ടികയിൽ പുതിയതായി പേരുചേർക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പും പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു.
ഊരുവാസികൾ എല്ലാവരും കുറുമ്പ വിഭാഗത്തിന്റെ തനത് ഭാഷയിൽ, "ഞങ്ങൾ ഉറപ്പായും വോട്ടു ചെയ്യും, നിങ്ങളോ' എന്ന തെരഞ്ഞെടുപ്പ് പ്രതിജ്ഞ ചെയ്തു. തനതു ഭാഷയിൽ പാട്ടുകൾ,നൃത്തം,പായസം വിതരണം എന്നിവ ഊരുവാസികൾ വോട്ടർ രജിസ്ട്രേഷൻ ക്യാമ്പിൽ സംഘടിപ്പിച്ചു.
അട്ടപ്പാടി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലെ പ്രിൻസിപ്പൽ എലിസബത്ത് ഫിലിപ്പ്, കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബിലെ ഇരുപതോളം വിദ്യാർഥികൾ, ഇഎൽസി കോ- ഓർഡിനേറ്റർ സജിത മൊയ്തീൻ, ജില്ലാ കളക്ടറേറ്റ് തെരഞ്ഞെടുപ്പുവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.