പാപ്പാ സ്മൃതിയിൽ......
1544313
Tuesday, April 22, 2025 1:30 AM IST
എല്ലാ മനുഷ്യരുടെയും സ്വീകാര്യനായ നേതാവ്
ലോകം ആദരിച്ച, വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശബ്ദവും, നിഷ്കളങ്കത വിരിയുന്ന മായാത്ത പുഞ്ചിരിയും നിലച്ചതിന്റെ ദുഃഖത്തിലാണ് ഇന്ന് നാം. നീണ്ട 88 വർഷങ്ങൾ ജനഹൃദയങ്ങളെ തൊട്ടും സ്നേഹിച്ചും ഫ്രാൻസിസ് പാപ്പ കടന്നുപോയി. അംഗീകരിക്കാൻ ഒട്ടും എളുപ്പമല്ലാത്ത വിരഹവാർത്ത!
ആഗോള കത്തോലിക്കാസഭയുടെ പരമാധികാരിയായിരുന്നെങ്കിലും എല്ലാ മനുഷ്യരുടേയും സ്വീകാര്യനായ നേതാവ് തന്നെയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ, ഏതുരാഷ്ട്രക്കാരായാലും ഏതു മതസ്ഥരായാലും എല്ലാവരെയും മനുഷ്യരായിക്കണ്ട് എല്ലാ മനുഷ്യരെയും ബഹുമാനിക്കണം, എല്ലാവരെയും സ്നേഹിക്കണം എന്ന സന്ദേശം നൽകി മനുഷ്യനന്മയ്ക്കായി ജീവിച്ച അതുല്യചരിത്രപുരുഷൻ.
പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സന്തതസഹചാരി. ഹൃദയംനിറയെ പ്രകൃതിസ്നേഹം. ഇന്നത്തെ കാലഘട്ടത്തിന് ദൈവം നൽകിയ കരുത്തുറ്റ വരദാനം, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ. 56 വർഷത്തെ പൗരോഹിത്യജീവിതം ആടിന്റെ ഗന്ധമുള്ള ഇടയനാകുന്നതിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു.
സുവിശേഷത്തിന്റെ ശബ്ദവും വെളിച്ചവും പാപ്പയിലൂടെ കഴിഞ്ഞ 12 വർഷങ്ങളിൽ ലോകം കാണുകയും കേൾക്കുകയും ചെയ്തു.
‘അങ്ങേക്ക് സ്തുതി’ എന്ന പാപ്പയുടെ ലോകപ്രസിദ്ധമായ ചാക്രികലേഖനത്തിന്റെ നിർദ്ദേശങ്ങളെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പാലക്കാട് രൂപത പ്രാവർത്തികമാക്കിവരുന്നു.
പരിസ്ഥിതിസംരക്ഷണം ക്രിസ്തീയപുണ്യമായി കരുതി, പാപ്പ പറഞ്ഞതുപോലെ മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കുക എന്നത് ഈ രൂപത ഒരു ആത്മീയ ഉത്തരവാദിത്വമായി കണ്ട് പ്രവർത്തിക്കുകയാണ്. പാപ്പ മുന്നോട്ടുവച്ച സന്ദേശങ്ങൾ കാലദേശങ്ങൾക്ക് അപ്പുറത്തേക്ക് പ്രതിധ്വനിക്കുമെന്നുറപ്പാണ്. ഈ നിറദീപം അണയാതെ ജനമനസിൽ ജ്വലിച്ചുതന്നെ നിൽക്കും.
പ്രിയ ഫ്രാൻസിസ് പാപ്പായ്ക്ക് പാലക്കാട് രൂപതയുടെ ആദരപൂർവകമായ പ്രണാമം.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ
പാലക്കാട് രൂപത മെത്രാൻ.