ADVERTISEMENT
ADVERTISEMENT
22
Tuesday
April 2025
1:06 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Local News
പാലക്കാട്
KL9
select District
പാലക്കാട്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
ഈസ്റ്റർ സന്ദേശം
1543806
Sunday, April 20, 2025 4:14 AM IST
X
ഈശോയുടെ കുരിശുമരണം ഒരു പരാജിതന്റെ മരണമല്ല. മരണത്തെ തോൽപ്പിക്കുന്ന ജീവന്റെ വിജയമാണ്. ഈശോ മരിച്ച കുരിശ്, അതുല്യമായ ഒരു ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെയും, ഈശോയുടെ മൃതദേഹം സംസ്കരിച്ച കല്ലറ, മരണത്തിൽനിന്നു ജീവനിലേക്കുള്ള തിരിച്ചുവരവിന്റെയും വിജയാഘോഷങ്ങളുടെ വേദികളാണ്.
മനുഷ്യന്റെ സുനിശ്ചിതമായ മരണനന്തരജീവിതത്തിന്റെ സമാരംഭം വിളിച്ചറിയിക്കുന്ന ഇശോയുടെ ഉയിർപ്പ്, കേവലം മതപരമായ ഒരു ചടങ്ങിലോ നാടകീയ ആവിഷ്കാരത്തിലൊ ഒതുങ്ങുന്നതല്ല. ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ലാണ് ഈസ്റ്റർ.
കുരിശിൽ മരിച്ച ഈശോ പ്രത്യാശയുടെ വെളിച്ചം വീശിക്കൊണ്ട് ഉയിർത്തെഴുന്നേറ്റു. ക്രിസ്തു സത്യമായും ഉയിർത്തെഴുന്നേറ്റു എന്നുറച്ചുവിശ്വസിക്കുകയും ആ സത്യം ജീവൻകൊടുത്തും വിളിച്ചുപറയുകയും ചെയ്തവർ വിശ്വാസചരിത്രത്തിലുണ്ട്.
അവർ ഉത്ഥിതനായ കർത്താവിനെ കാണുകയും, സന്തോഷാധിക്യത്താൽ അവിശ്വസിക്കുകയും, സ്ഥിരീകരിക്കാൻ അവസരം ലഭിക്കുകയും, കൈകൊണ്ട് സ്പർശിക്കുകയും, അവന്റെ സ്വരം നേരിട്ടുകേൾക്കുകയും, അവനോടു സംസാരിക്കുകയും, അവൻ വിളമ്പിയ ഭക്ഷണം കഴിക്കുകയും, അവനിൽനിന്ന് പ്രേഷിതദൗത്യം ഏറ്റെടുക്കുകയും ചെയ്തവരാണ്. സഹനജീവിതത്തിൽ ആശ്വാസമായും മരണഭയത്തിൽ ധൈര്യമായും ഉത്ഥിതനായ ഈശോ മുമ്പേയുണ്ട്.
ഈസ്റ്റർ വെറുമൊരു ഭൂതകാലസംഭവമല്ല. മറിച്ച്, വർത്തമാനകാലജീവിതത്തിനു ശക്തിപകരുന്നതും ഭാവികാല മരണാനന്തരജീവിതത്തിലേക്കുള്ള പ്രത്യാശ പകരുന്നതുമായ ഒരു യാഥാർഥ്യമാണ്.
ജീവിതംകൊണ്ട് ലോകത്തെ മെച്ചപ്പെടുത്തുക, മരണംകൊണ്ട് ലോകത്തെ നേടുക, ഉത്ഥാനംകൊണ്ട് ലോകത്തെ ജീവിപ്പിക്കുക, അതാണ് ഉത്ഥിതനായ ക്രിസ്തു.
ഈശോയുടെ ഉയിർപ്പിന്റെ ഈ ശുഭകരമായ അനുഭവത്തിലും ബോധ്യത്തിലും ജീവിക്കേണ്ടവരാണ് നമ്മൾ. നശ്വരമായ ഈ ലോകത്തിൽ നാം ജീവിക്കുമ്പോൾ, ""ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്'' (ഗലാ. 2: 20) എന്നതായിരിക്കട്ടെ ആ അനുഭവവും ബോധ്യവും.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.
മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, പാലക്കാട് രൂപത ബിഷപ് ,
---------------------------
ഈശോമിശിഹായുടെ മാതൃക ഉൾക്കൊള്ളാനാവണം
നാം വീണ്ടുമൊരു ഉയിർപ്പുതിരുനാളിൽ എത്തിനിൽക്കുകയാണ്. പാപത്തെയും മരണത്തെയും അതിജീവിച്ച് താൻ ദൈവപുത്രനാണെന്ന് ഈശോമിശിഹാ തെളിയിച്ച മഹാചരിത്രസംഭവത്തിന്റെ ഓർമ.
ക്രിസ്തീയവിശ്വാസത്തിന്റെയും ജീവീതത്തിന്റെയും ആണിക്കല്ല് ഈശോമിശിഹാ പീഡകൾ സഹിച്ച് മരിച്ച് മൂന്നാംദിവസം ഉത്ഥാനം ചെയ്തുവെന്നതാണ് (1 കൊറീ.15:1-14).
അതുകൊണ്ടാണ് വിശുദ്ധ പൗലോസ് അപ്പസ്തോലൻ ഇപ്രകാരം വിശേഷിപ്പിക്കുന്നത്: പാപത്തെയും മരണത്തെയും അതിജീവിച്ച ഈശോമിശിഹായുടെ പിന്നിൽ അണിനിരക്കുന്ന ധർമയോദ്ധാക്കളാണ് "വിശുദ്ധർ' അദ്ദേഹം വിശേഷിപ്പിച്ച ക്രൈസ്തവർ.
ഈശോമിശിഹായുടെ സുവിശേഷമൂല്യങ്ങൾക്കു ലോകത്തിന്റെ പല ഭാഗങ്ങളിൽ പരോക്ഷമായും പ്രത്യക്ഷമായും ക്ഷതംസംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ മാനുഷികമായി എന്തുനഷ്ടപ്പെട്ടാലും ഈശോമിശിഹായുടെ മാതൃകയ്ക്കും പ്രചോദനത്തിനും പ്രബോധനങ്ങൾക്കും നാം മുൻഗണന കൊടുക്കാത്തിടത്തോളംകാലം നമ്മുടെ ക്രിസ്തുശിഷ്യത്വം വികലവും അപൂർണവുമായി തുടരും. ഉയിർപ്പുതിരുനാളാഘോഷം അർഥശൂന്യവുമാകും.
അതിനാൽ, അവിടുത്തെ കൃപയും മാതൃകയും ഉൾക്കൊണ്ട് സുവിശേഷാധിഷ്ഠിതമായ നീതിക്കും സത്യസന്ധതയ്ക്കും കാരുണ്യത്തിനും അനുകമ്പയ്ക്കും സഭയ്ക്കുള്ളിലുംപുറത്തും സാക്ഷ്യംനൽകാൻ തുടർന്നുള്ള നമ്മുടെ ജീവിതത്തിൽ നമുക്കു കഴിയട്ടെ എന്നു പ്രാർഥിക്കുന്നു.
ഏവർക്കും ഉയിർപ്പുതിരുനാൾ ആശംസകൾ.
മാർ പോൾ ആലപ്പാട്ട്, രാമനാഥപുരം രൂപത മെത്രാൻ
-----------------------
മനഃസാക്ഷിയുടെ സ്വരം കേൾക്കുക
ഉപവാസത്തിന്റെയും ദാനധർമത്തിന്റെയും പ്രാർഥനയുടെയും നീണ്ടനാളുകളുടെ പൂർത്തീകരണമായി ഉയിർപ്പുതിരുനാളിലേക്ക് എത്തിയിരിക്കുകയാണ് നാം. തിന്മയുടെ ശക്തിയെ നശിപ്പിച്ചുകൊണ്ട് നന്മ വിജയംനേടിയ ഉയിർപ്പുതിരുനാൾ.
മരണത്തിന്റെമേൽ ക്രിസ്തു നേടിയ വിജയത്തിനു സാമകാലികപ്രസക്തി ഒത്തിരിയുണ്ട്. കാരണം, മരണത്തിന്റെ സംസ്കാരത്തിലൂടെയാണ് നാം ഇന്നു നീങ്ങിക്കൊണ്ടിരിക്കുന്നത്. നമ്മെ ഭയപ്പെടുത്തുന്ന വാർത്തകളുമായാണ് ഓരോ പുലരിയും ഉണരുന്നത്.
തിന്മയുടെ പലവിധമായ ഭാവങ്ങളും രൂപങ്ങളും ഇന്നു പലവിധ ലഹരികളുടെയും ചാപല്യങ്ങളുടെയും രൂപത്തിൽ നമ്മുടെ ഇടയിൽ ആഴത്തിൽ ഇടംപിടിക്കുന്നുണ്ട്. ഇവയൊക്കെ തിന്മയുടെ രൂപമാണെന്നു തിരിച്ചറിയാതെ പോകുന്നതാണ് നമ്മുടെ പരാജയം.
തിന്മയ്ക്കെതിരേ പോരാടുന്നതിനായി ഒഴുക്കിനെതിരേ നീന്തേണ്ട കാലമാണിതെന്നു ഉയിർപ്പുകാലം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
മനഃസാക്ഷിയുടെ സ്വരം കേൾക്കുക എന്നതാണ് അതിലേക്കുള്ള വഴി. ലോകം നൽകുന്ന പ്രലോഭനങ്ങൾക്കും വാഗ്ദാനങ്ങൾക്കും ചെവികൊടുക്കാതെ, സഹോദരസ്നേഹത്തിന്റെയും നന്മയുടെയും വഴിയേ നമുക്ക് പ്രത്യാശയോടെ സഞ്ചരിക്കാം.
അതിനു സഹായകമാകട്ടെ ഈ ഉയിർപ്പുതിരുനാൾ. എല്ലാവർക്കും ഉയിർപ്പുതിരുനാളിന്റെ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു. സ്നേഹാശംസകളോടെ...
ഡോ. അന്തോണിസാമി പീറ്റർ അബീർ(സുൽത്താൻപേട്ട രൂപത മെത്രാൻ)
ADVERTISEMENT
നെന്മാറ-ഒലിപ്പാറ റോഡ് നിർമാണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ടു
നെന്മാറ: നെന്മാറ-ഒലിപ്പാറ റോഡ് നിർമാണ പൂർത്തീകരണ പുരോഗതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് ദേശീയപാത നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ രാജേഷ് ചന്ദ്രൻ സ്ഥലത്തെത്തിയാണ് കരാറുകാരനോടും അവരുടെ ജീവനക്കാരോടും ആവശ്യപ്പെട്ടത്. നിർമാണപ്രവൃത്തിയുടെ മെല്ലെപ്പോക്കും കരാർ നൽകി രണ്ടുവർഷം ആയതോടെ അറ്റകുറ്റപ്പണി നടക്കാത്തതിനാലും നെന്മാറ അടിപ്പെരണ്ട റോഡിൽ വെള്ളക്കെട്ടും, യാത്രാദുരിതവും, അപകടങ്ങളും നിത്യസംഭവമായി മാറിയതിനെ തുടർന്നാണ് പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിയും പരാതിയുമായി മുന്നോട്ടുവന്നത്. കാസർകോട് സ്വദേശിയായ കരാറുകാരന് 10.8 കിലോമീറ്റർ റോഡ് നവീകരണം ആറുമാസം കൊണ്ട് പൂർത്തീകരിക്കുന്നതിനായി കരാർ കൊടുത്ത പണിയാണ് രണ്ടരവർഷം ആയിട്ടും തീരാതിരുന്നത്. പാലക്കാട് ദേശീയപാത വിഭാഗം എൻജിനീയർമാരേയും കരാറുകാരേയും ആക്ഷൻ കമ്മിറ്റി നേരിൽകണ്ട് പരാതി നൽകിയിരുന്നു. കഴിഞ്ഞമാസം പ്രദേശവാസികളും ആക്ഷൻ കമ്മിറ്റിയും നാമമാത്ര പണിക്കാരുമായി നടക്കുന്ന പണി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ തുടങ്ങിയവർ സ്ഥലത്തെത്തി മെയ് 15 വരെ സമയപരിധി ദീർഘിപ്പിച്ചു നൽകി പണിപൂർത്തിയാക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. പ്രദേശവാസികളുടെയും ആക്ഷൻ കമ്മിറ്റിയുടെയും പരാതിയെ തുടർന്ന് പുതുതായി കലുങ്കുകൾ നിർമിച്ച പ്രദേശങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. കരാറുകാരന് പണി വൈകിപ്പിച്ചതിൽ പിഴ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. പണി വേഗതയാക്കാനോ കരാറുകാരനെ നീക്കം ചെയ്യാനോ നടപടി സ്വീകരിക്കണമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയറെ റോഡ് ആക്ഷൻ കമ്മിറ്റി നേരിൽ കണ്ട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പാലക്കാട് കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ മീറ്റിംഗ് തീരുമാനിച്ചിട്ടുണ്ടെന്നും യോഗത്തിൽ നിർമാണ പ്രവൃത്തിയുടെ തത്സ്ഥിതി അറിയിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു.
കളവുകേസിൽ കുടുക്കിയതിന്റെ വൈരാഗ്യം മൂലമെന്നു പോലീസ്
ഒറ്റപ്പാലം: കണ്ണമംഗലത്ത് സുഹൃത്തിനെ വെട്ടികൊലപ്പെടുത്തിയത് പ്രതിയെ മോഷണകേസിൽ കുടുക്കിയതിന്റെ വൈരാഗ്യത്തിലെന്ന് പോലീസ്. സംഭവത്തിൽ കൃത്യം നടത്തിയത് പ്രതി ഒറ്റയ്ക്കാണെന്നും പോലീസ് പറഞ്ഞു. പ്രതിയായ കണ്ണമംഗലം സൂര്യ ഹൗസിൽ ഷൺമുഖന്റെ വീട്ടിൽവെച്ച് നടന്ന കൊലപാതകത്തിൽ സംശയത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത നാലുപേരേയും വിട്ടയച്ചു. കടമ്പഴിപ്പുറത്ത് താമസിക്കുന്ന കോങ്ങാട് പാറശേരി പുത്തിരിക്കാട്ടിൽ രാമദാസിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവം നടക്കുന്നതിന് മുൻപ് ഇരുവർക്കുമൊപ്പം നാലുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. വിശദമായ ചോദ്യംചെയ്യലിൽ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായതോടെയാണ് വിട്ടയച്ചത്. ഷൺമുഖൻ രാമദാസിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിന് മുൻപേ ഇവർ വീട്ടിൽനിന്ന് പോയിരുന്നതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുകളെച്ചൊല്ലി രാമദാസും ഷൺമുഖവും തമ്മിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. രാമദാസ് ഷൺമുഖനെ മോഷണക്കേസിൽ കുടുക്കിയെന്ന വൈരാഗ്യവും ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മീൻ കച്ചവടക്കാരനായ ഷൺമുഖൻ മത്സ്യംവെട്ടുന്ന കത്തിയുപയോഗിച്ച് ഇരുകാലിലും വെട്ടി പരിക്കേൽപ്പിക്കയായിരുന്നു. ഗുരുതരപരിക്കേറ്റ രാമദാസിനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കടമ്പൂരിൽ നീന്തൽപരിശീലനത്തിന് കുളം സജ്ജമാക്കി
ഒറ്റപ്പാലം: നീന്തൽ പരിശീലനത്തിന് കുളം റെഡി. കടമ്പൂർ യുവരശ്മി ക്ലബ്ബിന്റേയും വായനശാലയുടെയും നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹകരണത്തോടെ ചാക്കോട്ട് കുളം നീന്തൽ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്. കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് പണികഴിപ്പിച്ച കുളത്തിൽ നീന്തൽ പരിശീലനത്തിന് ആവശ്യമായ ഭാഗത്തെ ചണ്ടി മാറ്റി ബാരിക്കേഡ് കെട്ടുകയും വൃത്തിയാക്കിയ ഭാഗത്ത് വീണ്ടും ചണ്ടി വരാതിരിക്കാൻ ബാരിക്കേഡിനൊപ്പം കുളത്തിന്റെ അടിഭാഗംവരെ നെറ്റ് കെട്ടിയാണ് നീന്തൽക്കുളം സജ്ജമാക്കിയിരിക്കുന്നത്. കടമ്പൂരിൽ നീന്തൽ പഠിക്കുന്നതിന് ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കിയ കുളം ഇല്ലാത്തതിനാൽ ഈ മാസമാദ്യം പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ 30 കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽപരിശീലനം കടമ്പഴിപ്പുറത്തെ കൊല്ലിയാനിയിലെ കുളത്തിലാണ് നടത്തിയിരുന്നത്. അമ്പലപ്പാറ പഞ്ചായത്തിലെ ഒട്ടനവധി കുട്ടികൾക്ക് നീന്തൽ പഠിക്കാൻ ഒരു വേദി ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് കടമ്പൂരിൽ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം പ്രീതാ മോഹൻദാസിന്റേയും വാർഡ് അംഗം എ. വിജിതയുടെയും പിന്തുണയിലാണ് നീന്തൽക്കുളമൊരുക്കിയത്. പ്രവർത്തനത്തിനു ക്ലബ് സെക്രട്ടറി എ. ഹരിദാസ്, പ്രസിഡന്റ് എ. സുധീർ, ക്ലബ് മെംബർമാർ നേതൃത്വം നൽകി.
നരിച്ചിറയിലെ മത്സ്യകർഷകനായ ശിവന് വിളവെടുപ്പിൽ ചാകര
ചിറ്റൂർ: നരിച്ചിറ സമിതി പാടശേഖരസമിതി കുളത്തിൽ ഇത്തവണ മത്സ്യകർഷകന് ചാകര. റോഹു, കട്ല, മൃഗാല, സൈപ്രസ്, തിലോപ്പിയ ഉൾപ്പെടെ മത്സ്യങ്ങൾ പതിവിൽ കൂടുതൽ ലഭിച്ചു. ഒന്നര, രണ്ടു കിലോ തൂക്കം വരുന്നവയാണ് മിക്കവയും. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ മീൻപിടിത്തം പ്രചരിച്ചതോടെ വാഹനങ്ങളിൽ ആവശ്യക്കാർ എത്തിയിരുന്നു. വിപണിയിൽ കിലോ 200 രൂപ വിലയുള്ള മീനിന് നരിചിറ പാടശേഖരസമിതി മത്സ്യകർഷകർ 150 രൂപ വിലക്കാണ് നൽകുന്നത്. അടുത്ത മത്സ്യകൃഷിക്ക് കൂടുതൽ കുഞ്ഞുങ്ങൾ ഇടാനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യം പൂർണവളർച്ച എത്തിയതോടെ കുളത്തിന് കാവലേർപ്പെടുത്തി സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. മത്സ്യവില്പന മുൻ പഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ തുടങ്ങി വെച്ചു. നരിച്ചിറയിലെ മത്സ്യകർഷകൻ ശിവന്റെ കുളത്തിലാണ് വിളവെടുപ്പ് നടന്നത്. ശിവൻ സ്വകാര്യ ഫാമുകളിൽ നിന്നും കൂടുതൽ വില നൽകി മുന്തിയയിനം മത്സ്യകുഞ്ഞുങ്ങൾ വാങ്ങിയാണ് കൃഷിയിറക്കിയത്.
അശരണരോട് അനുകന്പ പുലർത്തിയ നല്ലിടയൻ
കർത്താവിന്റെ വിനീതദാസനും കത്തോലിക്കാസഭയുടെ ഇടയനുമായ ഫ്രാൻസിസ് പാപ്പായുടെ വിയോഗത്തിൽ വിലപിക്കുകയാണ് ലോകം. എളിമയിൽ സന്പന്നനും, അശരണരോടും സമൂഹത്തിൽ അവഗണിക്കപ്പെട്ടവരോട് അനുകന്പയും പുലർത്തിയിരുന്ന നല്ലിടയനായിരുന്നു ഫ്രാൻസിസ് പാപ്പ എന്നതിൽ സംശയമില്ല. സുവിശേഷത്തിന്റെ ഹൃദയം നിസ്വാർഥസേവനത്തിലും എളിമയിലും നിബന്ധനകൾ ഇല്ലാത്ത സ്നേഹത്തിലുമാണെന്ന് ജീവിതംകൊണ്ടു അദ്ദേഹം നമ്മെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സുൽത്താൻപേട്ട് രൂപതയുടെ പേരിലുള്ള അനുശോചനം രേഖപ്പെടുത്തുകയാണ്. അദ്ദേഹം മറഞ്ഞാലും, മായാത്ത ഓർമ്മകളും, പ്രബോധനങ്ങളും മനുഷ്യഹൃദയങ്ങളിൽ എന്നും നിലനിൽക്കും. ഡോ. അന്തോണിസാമി പീറ്റർ അബീർ സുൽത്താൻപേട്ട രൂപത ബിഷപ്.
പാർശ്വവത്കരിക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും മാർപാപ്പ
കാലംചെയ്ത പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ പാർശ്വവത്കരിക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും മാർപാപ്പയിരുന്നു. ലോകസമാധാനത്തിനും കാരുണ്യത്തിനും നീതിക്കും വേണ്ടി അവസാനനിമിഷംവരെ വാദിച്ച, നിലകൊണ്ട ധാർമികശബ്ദം. സുവിശേഷമൂല്യങ്ങളോടും വിശ്വസ്തതയോടും ധീരതയോടും സാർവത്രികസ്നേഹത്തോടും കൂടി പ്രതികരിച്ച ഉത്തമ ക്രിസ്തുശിഷ്യൻ. 12 വർഷക്കാലം കത്തോലിക്കാസഭയെ സ്നേഹത്തോടും കാരുണ്യത്തോടുംകൂടി ധീരമായി നയിച്ച ലോകമനഃസാക്ഷിയായി നിലകൊണ്ട പരിശുദ്ധ പിതാവിന് രാമനാഥപുരം രൂപതയുടെ സ്നേഹപ്രണാമം. മാർ പോൾ ആലപ്പാട്ട് രാമനാഥപുരം രൂപത മെത്രാൻ.
പാപ്പാ സ്മൃതിയിൽ......
എല്ലാ മനുഷ്യരുടെയും സ്വീകാര്യനായ നേതാവ് ലോകം ആദരിച്ച, വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശബ്ദവും, നിഷ്കളങ്കത വിരിയുന്ന മായാത്ത പുഞ്ചിരിയും നിലച്ചതിന്റെ ദുഃഖത്തിലാണ് ഇന്ന് നാം. നീണ്ട 88 വർഷങ്ങൾ ജനഹൃദയങ്ങളെ തൊട്ടും സ്നേഹിച്ചും ഫ്രാൻസിസ് പാപ്പ കടന്നുപോയി. അംഗീകരിക്കാൻ ഒട്ടും എളുപ്പമല്ലാത്ത വിരഹവാർത്ത! ആഗോള കത്തോലിക്കാസഭയുടെ പരമാധികാരിയായിരുന്നെങ്കിലും എല്ലാ മനുഷ്യരുടേയും സ്വീകാര്യനായ നേതാവ് തന്നെയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ, ഏതുരാഷ്ട്രക്കാരായാലും ഏതു മതസ്ഥരായാലും എല്ലാവരെയും മനുഷ്യരായിക്കണ്ട് എല്ലാ മനുഷ്യരെയും ബഹുമാനിക്കണം, എല്ലാവരെയും സ്നേഹിക്കണം എന്ന സന്ദേശം നൽകി മനുഷ്യനന്മയ്ക്കായി ജീവിച്ച അതുല്യചരിത്രപുരുഷൻ. പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സന്തതസഹചാരി. ഹൃദയംനിറയെ പ്രകൃതിസ്നേഹം. ഇന്നത്തെ കാലഘട്ടത്തിന് ദൈവം നൽകിയ കരുത്തുറ്റ വരദാനം, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ. 56 വർഷത്തെ പൗരോഹിത്യജീവിതം ആടിന്റെ ഗന്ധമുള്ള ഇടയനാകുന്നതിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു. സുവിശേഷത്തിന്റെ ശബ്ദവും വെളിച്ചവും പാപ്പയിലൂടെ കഴിഞ്ഞ 12 വർഷങ്ങളിൽ ലോകം കാണുകയും കേൾക്കുകയും ചെയ്തു. ‘അങ്ങേക്ക് സ്തുതി’ എന്ന പാപ്പയുടെ ലോകപ്രസിദ്ധമായ ചാക്രികലേഖനത്തിന്റെ നിർദ്ദേശങ്ങളെ കഴിഞ്ഞ ഏതാനും വർഷങ്ങളായി പാലക്കാട് രൂപത പ്രാവർത്തികമാക്കിവരുന്നു. പരിസ്ഥിതിസംരക്ഷണം ക്രിസ്തീയപുണ്യമായി കരുതി, പാപ്പ പറഞ്ഞതുപോലെ മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കുക എന്നത് ഈ രൂപത ഒരു ആത്മീയ ഉത്തരവാദിത്വമായി കണ്ട് പ്രവർത്തിക്കുകയാണ്. പാപ്പ മുന്നോട്ടുവച്ച സന്ദേശങ്ങൾ കാലദേശങ്ങൾക്ക് അപ്പുറത്തേക്ക് പ്രതിധ്വനിക്കുമെന്നുറപ്പാണ്. ഈ നിറദീപം അണയാതെ ജനമനസിൽ ജ്വലിച്ചുതന്നെ നിൽക്കും. പ്രിയ ഫ്രാൻസിസ് പാപ്പായ്ക്ക് പാലക്കാട് രൂപതയുടെ ആദരപൂർവകമായ പ്രണാമം. മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് രൂപത മെത്രാൻ.
പര്യടന അവലോകനയോഗം
പാലക്കാട്: മഹിളാകോണ്‍ഗ്രസ് സംസ്ഥാനഅധ്യക്ഷ ജെബി മേത്തർ എംപി നയിക്കുന്ന സാഹസ് കേരളയാത്രയുടെ ജില്ലയിലെ പര്യടനപരിപാടിയുടെ അവലോകനയോഗം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാഹസ് കേരള യാത്രയുടെ ജാഥാ കോ-ഓർഡിനേറ്റർ കെപിസിസി സെക്രട്ടറി ഐ.കെ. രാജു ജാഥയുടെ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരണം നടത്തി. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, കെപിസിസി ജനറൽസെക്രട്ടറി സി. ചന്ദ്രൻ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, യുഡിഎഫ് ജില്ലാ കണ്‍വീനർ പി. ബാലഗോപാൽ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സുബൈദ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ സാഹസ് കേരളയാത്ര 29 ന് ജില്ലാ അതിർത്തിയായ ചാലിശേരിയിൽ പ്രവേശിച്ച് തുടക്കം കുറിക്കും. ജില്ലയിലെ പര്യടനത്തിന്റെ സമാപനം മെയ് 11 ന് തരൂരിൽ ജില്ലയിലെ 103 മണ്ഡലങ്ങളിലുടെയും മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ്് നേതൃത്വത്തിൽ മണ്ഡലങ്ങളിൽ സാഹസ് കേരളയാത്രയുടെ പര്യടനം നടക്കും.
അട്ടപ്പാടിയിൽ അനീമിയ സ്ക്രീനിംഗും ബോധവത്കരണവും
പാലക്കാട്: പോഷൻ പക്വാഡയുടെ ഭാഗമായി അട്ടപ്പാടി ഐസിഡിഎസിന്റെ നേതൃത്വത്തിൽ അനീമിയ സ്ക്രീനിഗും ബോധവത്കരണവും നടന്നു. പോഷൻ പക്വാഡയുടെ ഭാഗമായി 50 ഓളം കൗമാരപ്രായക്കാരായവർ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്. പോഷകാഹാരക്കുറവ്, രക്തക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റം, അനിമീയ വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെകുറിച്ചാണ് ബോധവത്കരണം നടത്തിയത്. അട്ടപ്പാടി നാഷണൽ ആയുഷ്മിഷൻ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി ശങ്കർ ബോധവത്കരണ ക്ലാസ് എടുത്തു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ എച്ച്ബി സ്ക്രീനിംഗ് ക്യാന്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് നടത്തിയത്. അഗളി പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന അനിമീയ സ്ക്രീനിംഗ് അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനയൻ, ഐസിഡിഎസ് സൂപ്പർവൈസർ പി. വാണിശങ്കർ എന്നിവർ പങ്കെടുത്തു.
പാചകവാതകവില വർധിപ്പിച്ചതിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം
പാലക്കാട്: നരേന്ദ്രമോദി സർക്കാർ പാചകവാതകവില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധപ്രകടനം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഡിസിസി ഓഫീസിന്റെ മുന്നിൽനിന്ന് തുടങ്ങിയ പ്രകടനത്തിൽ ജില്ലാ ഭാരവാഹികളായ പി.പി. പാഞ്ചാലി, ടി.ഡി. ഗീത ശിവദാസ്, പി.പി. ഇന്ദിരാദേവി, വി.എ. റഹ്മത്ത്, പ്രീജ സുരേഷ്, ശാരദ തുളസീദാസ്, കെ.വി. പാർവതി, എസ്. ശൈലജ, ലീലാമ്മ ജോസഫ്, ഡി. വിജയലക്ഷ്മി, പ്രേമലത മോഹൻദാസ്, പുഷ്പവല്ലി നന്പ്യാർ, രാധ ശിവദാസ്, പ്രകാശിനി തരൂർ, ഉഷ പാലാട്ട്, ജി. ഭാഗ്യലക്ഷ്മി, ലത വാളയാർ, എം. അനിത, ഇന്ദു നാരായണൻ, എം. ശാന്ത, ജിഷി ഗോവിന്ദൻ, ഉമൈബാൻ, രജനി സുനിൽ, റോജ മരുതറോഡ്, അനു വിജയൻ, ബി. സുനിത, റഷിദ, വി. ഗൗതമി, സഫിയ എന്നിവർ പങ്കെടുത്തു.
എന്റെ കേരളം പ്രദർശനവിപണനമേളയിൽ പോലീസ് ഡോഗ്ഷോ
പാലക്കാട്: പോലീസ് വകുപ്പിന്റെ കെ 9 സ്ക്വാഡ് മുന്നിട്ടിറങ്ങുന്പോൾ എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇക്കുറി പോലീസ് ഡോഗ്ഷോ ശ്രദ്ധേയമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാലുമുതൽ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തെ മൈതാനത്താണ് എന്റെ കേരളം പ്രദർശന വിപണനമേള നടക്കുക. ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ പാലക്കാട് കെ 9 സ്ക്വാഡിലെ അഞ്ച് നായകളും ഷൊർണൂർ കെ 9 സ്ക്വാഡിലെ നാല് നായകളും മേളയിൽ വിവിധദിവസങ്ങളിൽ ഭാഗമാകും. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നവ, ലഹരി പദാർഥങ്ങൾ കണ്ടെത്തുന്നവ, മോഷണം, കവർച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നവ എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽ നിന്നുള്ള ഡോഗുകളാണ് മേളയുടെ ഭാഗമാവുക. രണ്ട് സ്ക്വാഡിലായി ലാബ്രഡോർ റിട്രീവർ ബ്രീഡിലെ ബെറ്റിയും ലൂസിയും ചിപ്പിപ്പാറ ബ്രീഡിലെ നിക്കി, കന്നി ബ്രീഡിലെ റോസി, ജിഎസ്ഡി ബ്രീഡിലെ ടെസ്, മാലിനോയിസ് വിഭാഗത്തിൽപ്പെട്ട ഹാർലി, ബ്ലൂമി, ലിന്റ, ആസ്ത്ര എന്നീ പേരുകളുളള ഡോഗുകളാണ് പങ്കെടുക്കുക. മേള നടക്കുന്ന ഏഴ് ദിവസം ഒരോ ഡോഗുകൾ വീതം അവരുടെ ട്രേഡിലെ മികവുകൾ പൊതുജനങ്ങൾക്കായി അവതരിപ്പിക്കും. പോലീസിന്റെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്കരണമുണ്ടാക്കുക ലക്ഷ്യമിട്ടാണ് പോലീസ് ഡോഗ്ഷോ മേളയിൽ നടത്തുന്നത്.
കരിമ്പ ഗവ. സ്കൂൾ സ്നേഹഭവനങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്കു ശിലയിട്ടു
കല്ലടിക്കോട്: കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് രണ്ടുവിദ്യാർഥികൾക്കുള്ള സ്നേഹഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കെ.ശാന്തകുമാരി എംഎൽഎ ശിലയിട്ടു. സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഒഴിവാക്കി രണ്ടു നിർധന കുടുംബങ്ങൾക്ക് വീടൊരുക്കാനുള്ള ഉദ്യമത്തിന് സുമനസുകളുടെ നിർലോഭമായ പിന്തുണയാണ് ലഭിച്ചത്. സ്വന്തമായൊരു വീടെന്ന രണ്ടു നിർധന കുടുംബങ്ങളുടെ സ്വപ്നത്തിനാണ് സ്നേഹസാക്ഷാത്കാരം നൽകുന്നത്. വാഹന അപകടത്തിൽ നാല് പെൺകുട്ടികൾ നഷ്ടമായതിന്റെ നൊമ്പരം ഉണ്ടെങ്കിലും സ്കൂളിലെ തന്നെ വീടില്ലാത്ത രണ്ട് കുട്ടികൾക്ക് വീടൊരുക്കാനുള്ള ഉദ്യമത്തിലാണ് സ്കൂൾ അധികാരികളും രക്ഷകർതൃസമിതിയും നാട്ടുകാരും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ. ജയശ്രീ, ഓമന രാമചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബിനോയ് എൻ.ജോൺ, ഹെഡ്മാസ്റ്റർ എം. ജമീർ, പിടിഎ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി മതിപ്പുറം, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ പുതിയ ക്രോസിംഗ് സ്റ്റേഷൻ നിർമാണംതുടങ്ങി
ൊഷൊർണൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിലെ കുലുക്കല്ലൂരിൽ പുതിയ ക്രോസിംഗ് സ്റ്റേഷന്റെ നിർമാണം തുടങ്ങി. പാതയിൽ വീതികൂട്ടിയുള്ള നിർമാണമാണ് ആരംഭിച്ചത്. അരികുസംരക്ഷണ പ്രവർത്തനങ്ങളും തുടങ്ങി. 16.15 കോടി രൂപ ചെലവിലാണ് നിർമാണം. ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ കൂടുതൽ ക്രോസിംഗ് സ്റ്റേഷനുകൾ വേണമെന്നത് യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്. നിലവിൽ പട്ടാമ്പി മണ്ഡലത്തിൽ ഉൾപ്പെടുന്ന കുലക്കല്ലൂരിലും മലപ്പുറം മേലാറ്റൂരിലുമാണ് ക്രോസിംഗ് സ്റ്റേഷനുകൾ അനുവദിച്ചത്. രണ്ടിടങ്ങളിലും പ്രവൃത്തികൾ തുടരുകയാണ്. നിലവിൽ ഷൊർണൂരിൽനിന്നും തീവണ്ടിയെടുത്താൽ 28 കിലോമീറ്റർ അകലെയുള്ള അങ്ങാടിപ്പുറത്തും വീണ്ടും 28 കിലോമീറ്റർ അകലെയുള്ള വാണിയമ്പലത്തും മാത്രമാണ് ക്രോസിംഗ് സൗകര്യമുള്ളത്. പാതയിൽ എന്തെങ്കിലും അപകടങ്ങളോ മറ്റോ ഉണ്ടായാൽ ഇത് വലിയ പ്രതിസന്ധിക്കും ഇടവരുത്തിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ ക്രോസിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇത് യാഥാർഥ്യമാവുന്നതോടെ കൂടുതൽ തീവണ്ടികൾ ഈ പാതയിൽ ഓടിക്കുന്നതും പരിഗണിക്കും. കുലുക്കല്ലൂർ സ്റ്റേഷനിലെ പ്രവൃത്തികൾ വി.കെ. ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിൽ വിലയിരുത്തി. പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന തീവണ്ടികൾക്ക് കുലുക്കല്ലൂരിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. കോൺഗ്രസ് കുലുക്കല്ലൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീൻ, നേതാക്കളായ അഡ്വ. മുഹമ്മദലി മാറ്റാംതടം, ഇ.കെ. മുഹമ്മദ്കുട്ടി ഹാജി, എം.കെ. ഗഫൂർ, നൗഷാദ് എടത്തോൾ ഉൾപ്പെടെയുള്ളവരും എംപിക്കൊപ്പമുണ്ടായിരുന്നു.
സംസ്കാരം നടത്തി
മുതലമട: വയനാട് വരദൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ച പറമ്പിക്കുളം സ്വദേശിനിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. പറമ്പിക്കുളം ഒറവമ്പാടി ആദിവാസി മൂപ്പൻ അയ്യപ്പന്റെ മകൾ സന്ധ്യ(25) ആണ് അപകടത്തിൽ മരിച്ചത്. കൽപ്പറ്റ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. അമ്മ: മീനാക്ഷി. സഹോദരൻ: വിജയ്. വയനാട്ടിൽ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു സന്ധ്യ.
മനസോടിത്തിരി മണ്ണ്: തിരുമിറ്റക്കോട്ട് തണലേകുന്നതു 20 കുടുംബങ്ങള്‍ക്ക്
തൃത്താല: തലചായ്ക്കാൻ സ്വന്തമായൊരിടം എന്ന സ്വപ്നങ്ങൾക്കു ചിറകേകുകയാണ് ചാലിശ്ശേരി വട്ടേക്കാട്ടുകുളത്ത് വി.വി. ബാലകൃഷ്ണൻ. ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിനാവശ്യമായ ഭൂമി സ്വരൂപിക്കാൻ സർക്കാർ ആവിഷ്കരിച്ച "മനസ്സോടിത്തിരി മണ്ണ് കാമ്പയിനിന്റെ ഭാഗമായി ഒരേക്കർസ്ഥലം പഞ്ചായത്തിനു വിട്ടുനൽകിയാണ് ബാലകൃഷ്ണൻ മാതൃകയായത്. കാന്പയിനിലൂടെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ 20 കുടുബങ്ങൾക്ക് മൂന്നുസെന്റ് വീതം ഭൂമിയാണ് ബാലകൃഷ്ണൻ സൗജന്യമായി നൽകിയത്. ശേഷിക്കുന്ന ഭൂമിയിലായി പഞ്ചായത്തിൽ അങ്കണവാടിയും പകൽവീടും ഒരുക്കും. ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിലെ മുൻ പ്രസിഡന്റാണ് ബാലകൃഷ്ണൻ. കാന്പയിനിന്റെ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ ഭൂമി വിതണോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. തിരുമിറ്റക്കോട് കോ- ഓപറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹ്റ അധ്യക്ഷയായി.
മലഞ്ചരക്കു മോഷണക്കേസ്: മൂന്നുപ്രതികൾ പിടിയിൽ
അഗളി: അട്ടപ്പാടിയിൽനിന്നും കുരുമുളകും അടയ്ക്കയും മോഷണംനടത്തിയ കേസുമായി ബന്ധപ്പെട്ട മൂന്നു പ്രതികളെ അഗളി പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാടാമ്പുഴ പിലാത്തറ ചേരുപറമ്പിൽ റഫീഖ് (44), പെരിന്തൽമണ്ണ അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടിൽ മുഹമ്മദ് അലി (ആലിപ്പൂ-49), മലപ്പുറം വെട്ടത്തൂർ വേലക്കാട് തളിയിൽവീട്ടിൽ രത്നകുമാർ (47) എന്നിവരാണ് പിടിയിലായത്. പ്രതികളെ കർണാടകയിലെ കൂർഗിൽനിന്നും സാഹസികമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത് . റഫീക്കിന്റെ പേരിൽ 23 കേസുകൾ നിലവിലുണ്ട്. മുഹമ്മദ് അലി നിലവിൽ 11 കേസിലെ പ്രതിയാണ്. രത്നകുമാറിന്റെ പേരിൽ നാലുകേസുകളുമുണ്ട്. മുഹമ്മദലിയും റഫീക്കും കൂട്ടുപ്രതികളായി നാലു കേസുകളുണ്ട്. രത്നകുമാറും മുഹമ്മദലിയും കഞ്ചാവുകേസുകളിലെ പ്രതികളാണ്. ഇവർ അട്ടപ്പാടിയിൽനിന്നും കഞ്ചാവ് കടത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 11ന് രാത്രിയിൽ അട്ടപ്പാടി കൽക്കണ്ടി ടിന്റോ ജോയിയുടെ കെജെ ട്രേഡേഴ്സിൽ നിന്നും രണ്ടു ചാക്കുകളിലായി 120 കിലോയോളം കുരുമുളകും അഞ്ചു ചാക്കുകളിലായി 250 കിലോയോളം കാപ്പിക്കുരുവും ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷ്ടാക്കൾ ഇന്നോവ കാറിൽ കടത്തിയാതായി അടുത്തുള്ള സിസിടിവി കാമറാ ദൃശ്യത്തിൽനിന്നും പോലീസ് മനസിലാക്കി. മോഷണ വസ്തുക്കളുമായി കടന്ന പ്രതികളെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ചോദ്യം ചെയ്തപ്പോൾ സ്വന്തം പറമ്പിലെ മുതലാണെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വളാഞ്ചേരി സ്വദേശിയുടെ ഇന്നോവ കാറിലാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതികളിലേക്കെത്താനായത്. അഗളി ഡിവൈഎസ്പി അശോകിന്റെ നിർദ്ദേശപ്രകാരം പോലീസ് രണ്ടുടീമുകളായി തിരിഞ്ഞ് പത്തുദിവസത്തോളം നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച കുരുമുളകും കാപ്പികുരുവും വയനാട് അമ്പലവയലിൽ വിറ്റതായി പ്രതികൾപറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം: ഫോർമർ ഗസറ്റഡ് ഓഫീസേഴ്സ് കോൺഗ്രസ്
പാലക്കാട്: ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്നും ഈ വിഷയത്തിൽ സർക്കാർ അഹഭാവം കൈവെടിയണമെന്നും പെൻഷൻ പരിഷ്കരണ കമ്മിറ്റിയെ ഉടൻ നിയമി ക്കണമെന്നും ഫോർമർ ഗസറ്റഡ് ഓഫീസേർസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോടഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.പി. പ്രേംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെജിഒയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.എ. പദ്മകുമാർ ഉദ് ഘാടനം ചെയ്തു. കെ.വി. ഗംഗാധരൻ, മുഹമ്മദ് ബഷീർ, വി.വി. ശ്യാമള കുമാരൻ, എം.വി.വിജയകുമാരൻ, ടി.കെ. ജയകുമാർ, പി. മോഹനകുമാരൻ, ആർ. ശിവ ദാസ് എന്നിവർ പ്രസംഗി ച്ചു. ജില്ലാ സെക്ര ട്ടറി ടി.വി. രാംദാസ് സ്വാഗതവും ജില്ലാ ട്രഷറർ എസ്. രാംദാസ് നന്ദിയും പറഞ്ഞു.
അട്ടപ്പാടി കടുകുമണ്ണ ഊരിൽ തെരഞ്ഞെടുപ്പ് ബോധവത്കരണം "ചുനാവ് പാഠശാല'
അഗളി: അട്ടപ്പാടി കടുകുമണ്ണ ഊരിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ പദ്ധതിയായ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പരിപാടി -ചുനാവ് പാഠശാല സംഘടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. എല്ലാ ഗോത്രവിഭാഗക്കാരും അവരുടെ മേഖലയിൽനിന്ന് ഉയർന്നു വരേണ്ടതിനു സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാകണമെന്നു ജില്ലാകളക്ടർ പറഞ്ഞു. നല്ലവിദ്യഭ്യാസംനേടി വരുംതലമുറയുടെ നന്മയ്ക്കായി പ്രവർത്തിക്കുവാൻ വളർന്നുവരുന്ന തലമുറ ശ്രമിക്കേണ്ടതാണ്. രാഷ്ട്രീയംമറന്ന് സ്വന്തം സമൂഹത്തിന്റെ ഉന്നമനത്തിനായി ശ്രമിക്കണമെന്നും, കൃത്യമായി എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാവരും വോട്ടു ചെയ്യണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അട്ടപ്പാടി വനാന്തർഭാഗത്തുള്ള കടുകുമണ്ണ ഊരിലെ 62 കുടുംബാംഗങ്ങൾക്കാണ് തെരഞ്ഞെടുപ്പ് സാക്ഷരത നൽകിയത്. ജില്ലയിലെ പ്രത്യേക ദുർബല ഗോത്രവിഭാഗത്തിൽ ഉൾപ്പെട്ട കുറുമ്പ സമുദായത്തിൽ ഉൾപ്പെട്ടവരാണ് കടുകുമണ്ണ ഊരുവാസികൾ. നിലവിൽ പഴയ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈവശമുണ്ടായിരുന്ന 23 പേർക്ക് പുതിയ കാർഡിനുള്ള അപേക്ഷ നൽകുന്നതിനും, 18 വയസ് പൂർത്തിയാക്കിയ ഊരുവാസികളായ 12 പേർക്ക് വോട്ടർ പട്ടികയിൽ പുതിയതായി പേരുചേർക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പും പരിപാടിയിൽ സംഘടിപ്പിച്ചിരുന്നു. ഊരുവാസികൾ എല്ലാവരും കുറുമ്പ വിഭാഗത്തിന്റെ തനത് ഭാഷയിൽ, "ഞങ്ങൾ ഉറപ്പായും വോട്ടു ചെയ്യും, നിങ്ങളോ' എന്ന തെരഞ്ഞെടുപ്പ് പ്രതിജ്ഞ ചെയ്തു. തനതു ഭാഷയിൽ പാട്ടുകൾ,നൃത്തം,പായസം വിതരണം എന്നിവ ഊരുവാസികൾ വോട്ടർ രജിസ്ട്രേഷൻ ക്യാമ്പിൽ സംഘടിപ്പിച്ചു. അട്ടപ്പാടി ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസിലെ പ്രിൻസിപ്പൽ എലിസബത്ത് ഫിലിപ്പ്, കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബിലെ ഇരുപതോളം വിദ്യാർഥികൾ, ഇഎൽസി കോ- ഓർഡിനേറ്റർ സജിത മൊയ്തീൻ, ജില്ലാ കളക്ടറേറ്റ് തെരഞ്ഞെടുപ്പുവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കെഎസ്ആർടിസി സ്റ്റേഷനിലെത്താൻ റോഡിൽ വല്ലാത്ത പെടാപ്പാട്
പാലക്കാട്: കെഎസ്ആർടിസി ബസിൽ യാത്രചെയ്യാനും യാത്രയാക്കാനും സ്റ്റാൻഡിലെത്തുന്നവർക്കു പറയാനുള്ളതു പരാതികളും പരിഭവങ്ങളും മാത്രം. പെട്ടിക്കടകൾ, ഓട്ടോ സ്റ്റാൻഡ്, നിർത്തിയും നിരങ്ങിയും നീങ്ങുന്ന ഒറ്റപ്പാലം ഭാഗത്തേക്കുള്ള സ്വകാര്യബസുകളും മറ്റു വാഹനങ്ങളുമെല്ലാം കൂടിയാവുമ്പോൾ പാലക്കാട് ബസ് സ്റ്റേഷനു മുൻവശം തിക്കുംതിരക്കും നിറഞ്ഞു കാൽനടയ്ക്കുപോലും പറ്റാത്ത അവസ്ഥയിൽ. യാത്രികരെ യാത്രയാക്കാനോ സ്വീകരിക്കാനോ എത്തുന്നവരുടെ വാഹനം അൽപനേരം പാർക്കുചെയ്യണമെങ്കിൽപോലും പൈസ കൊടുത്തുതന്നെ പാർക്കുചെയ്യേണ്ട ഗതികേടുണ്ട്. പക്ഷേ പലപ്പോഴും അവിടെ ഇടംകിട്ടാറുമില്ല. പലപ്പോഴും വാഹനങ്ങൾ ദൂരെ പാർക്കുചെയ്തുവേണം ബസ് സ്റ്റേഷനിലേക്കു നടന്നെത്താൻ. സ്റ്റേഷനുമുന്നിലെ റോഡുമുറിച്ചുകടക്കാൻ വല്ലാത്ത പെടാപ്പാടാണ്. സീബ്രാലൈനുണ്ടെങ്കിലും വാഹനയാത്രികർ കാൽനടക്കാരെ കണ്ടമട്ടുകാണിക്കാറില്ല. ഇതിനു പുറമെ പെട്ടിക്കടകളും ഓട്ടോസ്റ്റാൻഡും സ്വകാര്യബസ് സ്റ്റോപ്പും എല്ലാംകൂടിയാകുന്പോൾ സ്റ്റേഷനുമുന്നിൽ മനുഷ്യന്മാരുടെ ഞാണിന്മേൽകളിയാണ് നടക്കുന്നത്. സ്റ്റേഷനുമുന്നിൽ സ്വകാര്യബസുകളുടെ ആളെകയറ്റിയിറക്കൽ കുറച്ചുമാറ്റിയാക്കണമെന്നാണ് പരക്കെയുളള ആവശ്യം. ഓട്ടോസ്റ്റാൻഡിന്റെ മുൻഭാഗംതന്നെ ബസ് സ്റ്റാൻഡിന്റെ വഴിയടച്ചാണെന്നും ഇതിനൊരു പരിഹാരം കാണാൻ പോലീസ്, മോട്ടോർവാഹന വകുപ്പുകൾ ഇടപെടണമെന്നാണ് പരക്കെയുളള ആവശ്യം.
മലയോര ഹൈവേ: ജില്ലയിലെ ഒന്നാംഘട്ട നിർമാണം ഉടൻ
മണ്ണാർക്കാട്: ജില്ലയിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിച്ചു നിർമിക്കാനുദ്ദേശിക്കുന്ന മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമാണം ഉടൻ ആരംഭിക്കുമെന്നു അധികൃതർ അറിയിച്ചു. ജില്ലയുടെ അതിർത്തി പ്രദേശമായ കാഞ്ഞിരംപാറയിൽനിന്നും കോഴിക്കോട്- പാലക്കാട് ഹൈവേയിൽ എത്തിച്ചേരുന്ന കുമരംപുത്തൂർജംഗ്ഷൻ വരെയാണ് ഒന്നാംഘട്ടം. കഴിഞ്ഞദിവസം റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ പൂർത്തീകരിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് റോഡിന്റെ നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. 91.4 കോടി രൂപയാണ് ഒന്നാംഘട്ട നിർമാണത്തിന്റെ ചെലവ്. റോഡിന്റെ നീളവുംവീതിയും അളക്കൽ, മധ്യഭാഗത്തെ രേഖവരയ്ക്കൽ, നിവർത്തേണ്ട വളവുകളുടെ പരിശോധന, മുറിക്കേണ്ട മരങ്ങളുടെ കണക്ക്, മാറ്റിസ്ഥാപിക്കേണ്ടിവരുന്ന വൈദ്യുതിത്തൂണുകൾ, റോഡിലെ മണ്ണുപരിശോധന എന്നിവയാണ് കഴിഞ്ഞദിവസം പൂർത്തിയായതാണ്. റോഡ് ടാറിംഗിനാവശ്യമായ സാധനസാമഗ്രികളുടെ കണക്കാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതുകൂടിയാൽ റിപ്പോർട്ട് കെആർഎഫ്ബിക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ നിർമാണ പ്രവൃത്തികൾ തുടങ്ങും. രണ്ടുവർഷമാണ് ഒന്നാംഘട്ട നിർമാണ കാലാവധി. 12 മീറ്റർ വീതിയാണ് റോഡിനുണ്ടാവുക. ഒമ്പതുമീറ്റർ വീതിയിൽ ടാറിംഗ് നടത്തും. അഴുക്കുചാൽ നിർമിക്കും. കൈവരികളോടുകൂടിയ നടപ്പാതയുണ്ടാവും. സംരക്ഷണ ഭിത്തികൾ, ബസ്ബേ, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവയെല്ലാം കരാറിലുണ്ട്. ജില്ലയിൽ അഞ്ചുഘട്ടങ്ങളിലായാണ് മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കുക.
ഒറ്റപ്പാലം നഗരത്തിനുള്ളിൽ ഭീഷണിയായി അപകട ഗർത്തം
ഒറ്റപ്പാലം: നഗരത്തിനുള്ളിൽ വാട്ടർഅഥോറിറ്റി കുഴിച്ചകുഴി അപകട ഗർത്തമായി മാറി. പൈപ്പ് ലൈൻ പൊട്ടിയതിന്റെ പേരിൽ നവീകരണത്തിനുവേണ്ടി കുഴിച്ചഭാഗം പിന്നീട് കോൺക്രീറ്റ് ചെയ്തുവെങ്കിലും അടർന്നുപോയി ഗർത്തം രൂപപ്പെട്ട സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ കുടുങ്ങുന്നതു പതിവായിരിക്കുകയാണ്. നഗരത്തിനുള്ളിൽ ഇത്തരത്തിലൊരു ഗർത്തം രൂപപ്പെട്ടിട്ടും പരിഹാരം കാണാൻ അധികൃതരാരും തയാറാവാത്ത സ്ഥിതിയുണ്ട്. ഒറ്റപ്പാലം- പാലക്കാട് പ്രധാനപാതയിൽ മൂന്നുംകൂടിയ ജംഗ്ഷനുസമീപമാണ് ഈ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്.
കോട്ടപ്പുറം പള്ളി സുവർണ ജൂബിലിയാഘോഷ സമാപനവും തിരുനാളാഘോഷവും 27ന്
മണ്ണാർക്കാട്: ആദ്യകാലത്ത് സ്ഥാപിതമായ മണ്ണാർക്കാട് ഫൊറോനയിലെ കോട്ടപ്പുറം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയുടെ സുവർണജൂബിലി ആഘോഷ സമാപനവും വിശുദ്ധ സ്നാപകയോഹന്നാൻ വിശുദ്ധ സെബസ്ത്യാനോസ് പരിശുദ്ധ കന്യാമറിയം എന്നിവരുടെ സംയുക്ത തിരുനാൾ ആഘോഷവും 27ന് നടക്കും. തിരുനാൾ ആഘോഷത്തിന്റെ കൊടിയേറ്റ് ഇടവക വികാരി ഫാ. ബിജു കുമ്മംകോട്ടിൽ നിർവഹിച്ചു. ഇന്നുമുതൽ വിവിധ ദിവസങ്ങളിൽ ഫാ. ഷർജോ മലേക്കുടിയിൽ, ഫാ. മാർട്ടിൻ ഏറ്റുമാനൂകാരൻ, ഫാ. റിജോ മേടക്കൽ, ഫാ. ഷിജോ മാവറയിൽ, ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ, ഫാ. ക്രിസ്റ്റോ കാരക്കാട്, ഫാ. ജെയിംസ് കാവാലത്ത്, ഫാ. സെബിൻ ഉറുകുഴിയിൽ, ഫാ. ജോസ് ആന്ത്രോത്ത് എന്നിവർ വിശുദ്ധ കുർബാനയ്ക്കും ലദീഞ്ഞിനും കാർമികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ച് ഇടവകാംഗം ഫാ. മാർട്ടിൻ ഏറ്റുമാനൂക്കാരന്റെ പൗരോഹിത്യ സ്വീകരണ രജതജൂബിലി ആഘോഷവും നടക്കും. എല്ലാദിവസവും വൈകുന്നേരം അഞ്ചിനായിരിക്കും വിശുദ്ധ കുർബാന. ഇടവകയിലെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം 24ന് നടക്കും. 26ന് ഉച്ചകഴിഞ്ഞു മൂന്നിനു ആഘോഷമായ ജൂബിലി വിശുദ്ധ കുർബാനയ്ക്ക് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. ഇടവകയിൽ സേവനമനുഷ്ഠിച്ച മുൻ വികാരിമാരും ഇടവകയിൽ നിന്നുള്ള വൈദികരും സഹകാർമികരായി സംബന്ധിക്കും. തുടർന്ന് പൊതുസമ്മേളനവും ഇടവകാംഗങ്ങളുടെ കലാപരിപാടികളുമുണ്ടാകും. പ്രധാന തിരുന്നാൾ ദിനമായ 27ന് ഉച്ചകഴിഞ്ഞ് മൂന്നിനു ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റോബിൻ കൊല്ലരെമട്ടത്തിൽ കാർമികത്വം വഹിക്കും. ഫാ. ഷൻസ് കാക്കാനിയിൽ തിരുനാൾ സന്ദേശം നൽകും. അഞ്ചിനു പ്രദക്ഷിണവും ആറരയ്ക്ക് സമാപന ആശിർവാദവും നടക്കും. ആകാശ വിസ്മയം ഗാനമേള എന്നിവയുണ്ടാകും. 28ന് വൈകുന്നേരം അഞ്ചിനു പരേത അനുസ്മരണത്തോടെ തിരുനാൾ ആഘോഷം സമാപിക്കും. ആഘോഷത്തിന് ഇടവക വികാരി ഫാ. ബിജു കുമ്മംകോട്ടൽ കൈകാരന്മാരായ ഷാജി കുരിയച്ചിറയിൽ, ബാബു ആന്ത്രോത്ത്, ജനറൽ കൺവീനർ സെബി പടിഞ്ഞാറെ തണങ്ങാട്ട്, ജോയിന്റ് കൺവീനർ ബെന്നി തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകും.
തൃത്താല മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം
തൃത്താല: മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. മന്ത്രിയുടെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് മണ്ണാരപ്പറമ്പ്- പാണംപടി റോഡ് യാഥാർഥ്യമാക്കിയത്. റോഡ് കട്ടവിരിച്ച് ഗതാഗത യോഗ്യമാക്കി. തീരദേശ റോഡ് പരിപാലന ഫണ്ട് ഉപയോഗിച്ചാണ് പട്ടിത്തറ ആര്യേമ്പാടം റോഡ് നവീകരിച്ചത്. റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി എം.ബി. രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. 2023-24 വർഷത്തെ എംഎൽഎ ഫണ്ടിൽനിന്നും 3.80 ലക്ഷം രൂപ വിനിയോഗിച്ചാണ് കപ്പൂർ പഞ്ചായത്തിലെ വൈദ്യർതാഴം റോഡുപണി പൂർത്തീകരിച്ചത്. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
ഒറ്റപ്പാലത്തു ക്ലീൻകേരള നീക്കിയതു 242 ടൺ മാലിന്യം
ഒറ്റപ്പാലം: പന്ത്രണ്ടുദിവസത്തിനുള്ളിൽ ഒറ്റപ്പാലത്ത് ക്ലീൻകേരള നീക്കംചെയ്തതു 242 ടൺ മാലിന്യം. നഗരം വൃത്തിയായിട്ടിരിക്കുമ്പോഴും സ്വകാര്യസ്ഥാപനം കൃത്യമായും മാലിന്യം എടുത്തുമാറ്റാതെ എംസിഎഫിൽ മാലിന്യകൂമ്പാരം സൃഷ്ടിച്ചത് ഒറ്റപ്പാലം നഗരസഭയ്ക്കു വല്ലാത്ത തലവേദന സൃഷ്ടിച്ചിരുന്നു. നിവൃത്തിയില്ലാതെ നഗരസഭാ അധികൃതർ അവരുമായുള്ള കരാർ അവസാനിപ്പിച്ച് ക്ലീൻകേരളയുമായി പുതിയ കരാർ ഒപ്പുവച്ചു. തുടർച്ചായി പന്ത്രണ്ടുദിവസത്തിനകം ക്ലീൻകേരള ദൗത്യം പൂർത്തിയാക്കുകയും ചെയ്തു. എറണാകുളത്ത് നിന്നും പ്രത്യേക വാഹനങ്ങൾ കൊണ്ടുവന്നാണ് പ്രവർത്തനം പൂർത്തിയാക്കിയതെന്ന് ക്ലീൻകേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ. നായർ, ഒറ്റപ്പാലം നഗരസഭ ക്ലീൻസിറ്റി മാനേജർ ഇ.പി. വിസ്മൽ എന്നിവർ പറഞ്ഞു.
വീടുകളുടെ തറക്കല്ലിടൽ ഇന്ന്
കല്ലടിക്കോട്: കരിമ്പ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ സുവർണജൂബിലി സംഘാടക സമിതി രൂപീകരിച്ചു. പൂർവവിദ്യാർഥി പ്രതിനിധികളുടെ കമ്മിറ്റി രൂപീകരണ യോഗം സംഘാടകസമിതി ചെയർമാൻ പി.എസ്. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുവർണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച വിദ്യാലയത്തിലെ ഭവനരഹിതരായ രണ്ടുവിദ്യാർഥികൾക്ക് നിർമിച്ചു നൽകുന്ന രണ്ടുവീടുകളുടെ തറക്കല്ലിടൽ ഇന്നുരാവിലെ എട്ടിനു കോങ്ങാട് എംഎൽഎ അഡ്വ.കെ. ശാന്തകുമാരി നിർവഹിക്കും. കല്ലടിക്കോട് കാഞ്ഞിരാണിയിലുള്ള രണ്ടു കുട്ടികൾക്കാണ് വീട് നിർമിച്ചുനൽകുന്നത്. സുവർണജൂബിലി സംഘാടക സമിതി ഭാരവാഹികള്ഃ- യൂസഫ് പാലക്കൽ- പ്രസിഡന്റ്, അബ്ദുൽ റഹ്്മാൻ കരിമ്പനക്കൽ- സെക്രട്ടറി, ജയപ്രകാശ് കാളിയോട്- ട്രഷറർ.
എന്റെ കേരളം പ്രദര്‍ശന വിപണനമേള മേയ് നാലുമുതല്‍ പത്തുവരെ
പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാലുമുതല്‍ പത്തുവരെ എന്റെ കേരളം പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കും. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്താണ് മേള നടക്കുക. മേയ് നാലിനു വൈകുന്നേരം അഞ്ചിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. രാവിലെ ഒമ്പതുമുതല്‍ രാത്രി പത്തുവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ തൊഴില്‍മേള, വനിത- ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സലിംഗ്, പോലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൈമാറ്റച്ചന്ത, ഫിഷ് സ്പാ, എഐ പ്രദര്‍ശനവും ക്ലാസും, പാലക്കാടന്‍ രുചിവൈഭവങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ട്, സൗജന്യകുതിര സവാരി, ആധാര്‍ കാര്‍ഡ് എടുക്കാനും തെറ്റുതിരുത്താനുള്പ്പടെ അക്ഷയയുടെ പ്രത്യേക സ്റ്റാള്‍, സഹകരണ വകുപ്പിന്റെ പുഷ്പമേള, കാർഷികപ്രദര്‍ശനം, പൊതുജനങ്ങള്‍ക്ക് പാട്ടുപാടാന്‍ സിംഗിംഗ് പോയിന്റ് എന്നിവ മേളയിലുണ്ടാകും. വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്പ് ലൈന്‍ സെന്ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും. കലാസാസ്കാരിക പരിപാടിയുടെ ഭാഗമായി ഗസല്‍ നിശ, നാടന്‍ കലകളുടെ അവതരണം, തോല്പാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാര്‍കളി, വയലിന് ഫ്യൂഷ്യന്‍, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്യ നൃത്തങ്ങള്‍, കോമഡി ഷോ, നാടകം, ഫ്യൂഷന്‍ സംഗീതം, സ്വരലയ സംഗീത മെഗാ ഷോ, ഭരതനാട്യം, ഇരുള നൃത്തം, മോഹിനിയാട്ടം, കച്ചേരി തുടങ്ങി നിരവധി പരിപാടികള്‍ നടക്കും. വിവിധ വകുപ്പുകളുടെ തീം-സര്‍വീസ് സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ഇരുനൂറ്റിയന്‍പതോളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാകും. സമാപനം മേയ് 10ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കൈമാറ്റച്ചന്തയുമായി കുടുംബശ്രീ പാലക്കാട്: വിപണനമേളയില്‍ സ്വാപ്ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷന്. പഴയ സാധനങ്ങള്‍ കൈമാറാനുള്ള കൈമാറ്റ ചന്തയായിട്ടാണ് സ്റ്റാളുള്ളത്. വീടുകളില്‍, സ്ഥാപനങ്ങളില്‍ ഉപയോഗിക്കാത്തതും എന്നാല്‍ ഉപയോഗ യോഗ്യവുമായ സാധനങ്ങള്‍ കൈമാറ്റച്ചന്തയില്‍ സ്വീകരിക്കും. കളിപ്പാട്ടങ്ങള്‍, വൃത്തിയുള്ള വസ്ത്രങ്ങള്‍, കുഞ്ഞുടുപ്പുകള്‍, ജീന്‍സ്, ഷൂ, ബാഗ്, വൃത്തിയുള്ള ഹെല്‍മെറ്റ്, പാത്രങ്ങള്‍, എഴുതാനുള്ള പുസ്തകങ്ങള്‍, നോവലുകള്‍, ഫാന്‍സി ഐറ്റംസ്, മറ്റു ഉപയോഗപ്രദമായ വസ്തുക്കള്‍ എന്നിവയാണ് കൈമാറ്റ ചന്തയില്‍ സ്വീകരിക്കുക. ഇപ്രകാരം ലഭിക്കുന്ന സാധനങ്ങള്‍ കൈമാറ്റ ചന്തയിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി വാങ്ങാനും സാധിക്കും.
അപകടഭീഷണിയായി കൂറ്റൻ ആൽമരം
നെന്മാറ: അപകടഭീഷണിയായി നിൽക്കുന്ന ഉണക്കമരം വെട്ടിമാറ്റണമെന്ന ആവശ്യം ശക്തം. നെന്മാറ- പോത്തുണ്ടി റോഡരികിൽ കൽനാടിൽ റോഡിനുസമീപമാണ് അപകട ഭീഷണി ഉയർത്തി ഉണങ്ങിയ ആൽമരം നിൽക്കുന്നത്. കഴിഞ്ഞ ദിവസത്തെ വേനൽമഴയിൽ ചെറുചില്ലകൾപൊട്ടി റോഡിൽ വീണിരുന്നു. പ്രദേശവാസികൾ എടുത്തുമാറ്റിയാണ് അപകടസാധ്യത ഒഴിവാക്കിയത്. നെല്ലിയാമ്പതി, പോത്തുണ്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയോരത്താണ് അപകട ഭീഷണി ഉയർത്തി 30 അടിയോളം ഉയരത്തിൽ കൂറ്റൻ ഉണക്കമരം നിൽക്കുന്നത്. പ്രദേശവാസികൾ മാസങ്ങൾക്കുമുൻമ്പ് പൊതുമരാമത്ത് അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. മരത്തിനു താഴെക്കൂടി പോകുന്ന വൈദ്യുതലൈനിനും സമീപത്തെ വീടുകൾക്കും ഉണങ്ങിയമരം ഭീഷണിയാണ്. ഉണങ്ങിയ മരത്തിന്റെ ചുവടുവശം ചിതൽമൂലം ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴയിൽ നിലംപൊത്താൻ സാധ്യതയുള്ളതിനാൽ സമീപവാസികളും ജാഗ്രതയിലാണ്. 35 അടിയിലേറെ പൊക്കമുള്ള ഉണങ്ങിയ ആൽമരം മഴക്കാലത്തിനു മുമ്പ് വെട്ടി മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് വഴിയാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി മാറ്റുന്നതിന് പഞ്ചായത്തുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ പൊതുമരാമത്തിന്റെ മരം ലേലംചെയ്തുവിൽക്കാൻ പഞ്ചായത്തിന് അധികാരം ഇല്ലാത്തതിനാൽ പൊതുമരാമത്ത് വകുപ്പുതന്നെ നടപടി സ്വീകരിക്കട്ടെ എന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതരും. പഞ്ചായത്തുകൾക്ക് ഒരുമരം വെട്ടിമാറ്റുന്നതിന് നിശ്ചിതതുക മാത്രമേ ചെലവഴിക്കാൻ അധികാരമുള്ളൂയെന്നും മരം ലേലംചെയ്യാൻ പഞ്ചായത്തിന് അധികാരം ഇല്ലാത്തതും പ്രശ്നമാണെന്ന് അധികൃതർ പറയുന്നു.
ചുനങ്ങാട്ടുനിന്നൊരു കർഷകവിലാപം
ഒറ്റപ്പാലം: നെല്ലുവേണോ..നെല്ല്..? കൊയ്തെടുത്ത നെല്ലുവിൽക്കാൻ വിളിച്ചുചോദിച്ചുനടക്കേണ്ട ഗതികേടിലാണ് ഇവിടെ ഒരു കർഷകൻ. 2,250 കിലോ നെല്ല് വിൽക്കാനാവാതെ അമ്പലപ്പറ ചുനങ്ങാട് പിലാത്തറയിലെ ചോലയിൽ കൃഷ്ണനിവാസിൽ കൃഷ്ണദാസാണ് കഷ്ടത്തിലായിരിക്കുന്നത്. രണ്ടുമാസമായി നെല്ല് ചാക്കിൽ കെട്ടിവെച്ച് ഇദ്ദേഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഗുണനിലവാരംപോരെന്ന കാരണംപറഞ്ഞാണ്കരാറെടുത്ത മില്ലുകാർ നെല്ലെടുക്കാത്തതെന്നു കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ഗുണനിലവാര പരിശോധന നടത്തി നെല്ല് മികച്ചതാണെന്ന് കണ്ടെത്തിയിട്ടും നെല്ലെടുക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് കൃഷ്ണദാസ് പറയുന്നത്. നെല്ലിൻചാക്കുകളിൽ ഈർപ്പമേറ്റ് പ്രാണികൾ കയറിയെന്നും മുളച്ചുപൊന്തുകയാണെന്നും പറയുന്നു. പരാതിയുമായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നടപടിയുമില്ല. ചുനങ്ങാട് കോഴിത്തോട് പാടശേഖരത്തിൽ ഏകദേശം ഒന്നരയേക്കർ കൃഷിയിടത്തിലാണ് കൃഷ്ണദാസ് രണ്ടാംവിള കൃഷിയിറക്കിയത്. കാലാവസ്ഥാ വ്യതിയാനത്തെയും വന്യമൃഗ ശല്യത്തെയും അതിജീവിച്ചായിരുന്നു കൃഷി. നെല്ലുസംഭരിക്കാനുള്ള സ്ലിപ്പ് കഴിഞ്ഞ ഫെബ്രുവരി 22ന് ലഭിച്ചെങ്കിലും നെല്ലുപരിശോധിച്ച് ഗുണനിലവാരം പോരെന്നും ക്വിന്റലിനു നാലുകിലോ കുറവുവരുത്തിയേ എടുക്കാൻ കഴിയൂവെന്ന നിബന്ധനയും മില്ലുകാർവച്ചതായി കൃഷ്ണദാസ് ആരോപിക്കുന്നു. തൊഴിലാളികളെ നിയോഗിച്ച് നെല്ലിലെ പതിരും മറ്റും വേർതിരിച്ച് വൃത്തിയാക്കി ചാക്കുകളിൽ സൂക്ഷിച്ച നെല്ലായിരുന്നു ഇത്. തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ നിർദേശിച്ച ഗുണനിലവാരപരിശോധന നടത്തുകയും സപ്ലൈകോ നിഷ്കർഷിക്കുന്ന ഗുണനിലവാരമുണ്ടെന്നു കണ്ടെത്തുകയും ചെയ്തതായി പറയുന്നു. കളക്ടറെ നേരിൽക്കണ്ടതിനെത്തുടർന്ന് രണ്ടുതവണ പാഡി ഓഫീസറെ വിളിച്ച് നെല്ലുസംഭരിക്കാൻ നിർദേശം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
പീഡാനുഭവദിന പരിഹാര പ്രദക്ഷിണം
പാലക്കാട്: ദുഃഖവെള്ളിദിനത്തിൽ പീഡാനുഭവദിന പരിഹാരപ്രദക്ഷിണം പാലക്കാട് കത്തീഡ്രലിൽനിന്ന് കോട്ടമൈതാനിയിലെ രാപ്പാടി സ്റ്റേഡിയത്തിലേക്കു കാൽനടപ്രദക്ഷിണമായി എത്തിച്ചേർന്നു. പാലക്കാട് ഫൊറോനയിൽ ഉൾപ്പെട്ട വിവിധ ദേവാലയങ്ങളിൽനിന്നുള്ള പരിഹാരപ്രദക്ഷിണങ്ങൾ രാപ്പാടി ഓപ്പൺ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നശേഷം ഫാ. ജോബിൻ കാഞ്ഞിരത്തിങ്കൽ പീഡാനുഭവദിന സന്ദേശം നൽകി. പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സന്ദേശവും വിശുദ്ധകുരിശിന്റെ ആശീർവാദവും നൽകി. പാലക്കാട് ഫൊറോന വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, മൈനർ സെമിനാരി റെക്ടർ ഫാ. സജി പനപറമ്പിൽ, ഫാ. വാൾട്ടർ തേലപ്പിള്ളി, ഫാ.ജെയിംസ് ചക്യാത്ത്, ഫാ. ഗില്‍ബര്‍ട്ട് എട്ടൊന്നിൽ, ഫാ. ഷിജോ മാവറയിൽ, ഫാ. അൽജോ കുറ്റിക്കാടൻ, ഫാ. ഐബിൻ പെരുമ്പിള്ളിൽ, ഫാ. അമൽ വലിയവീട്ടിൽ എന്നിവർ സംബന്ധിച്ചു. അഗളി: അട്ടപ്പാടി ജെല്ലിപ്പാറയിൽ ചിന്ന മലയാറ്റൂർ എന്നറിയപ്പെടുന്ന കാൽവരി മൗണ്ട് കുരിശുമലയിലേക്ക് ദുഃഖവെള്ളിയാഴ്ച നടന്ന പാപപരിഹാര യാത്രയിൽ ആയിരക്കണക്കിനു വിശ്വാസികൾ മലചവിട്ടി.
പനമണ്ണ പ്ലാന്റിലെ മാലിന്യപ്രശ്നം ഹൈക്കോടതിയുടെ പരിഗണനയ്ക്ക്
ഒറ്റപ്പാലം: പനമണ്ണ ഖരമാലിന്യ സംസ്കരണ പ്ലാന്റിലെ പരമ്പരാഗതമാലിന്യം നീക്കുന്നതിനുപകരം കുഴിച്ചുമൂടിയെന്ന പരാതി ഹൈക്കോടതിയിൽ. മുസ്ലിംലീഗാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണമുള്ള സാഹചര്യത്തിൽ, പ്ലാന്റിൽ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്ന ബയോപാർക്ക്പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചതെന്നു മുസ്ലിംലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ നഗരസഭയോടു ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. പനമണ്ണയിൽ 2.42 ഏക്കർ ഭൂമിയിൽ നിർമിച്ച പ്ലാന്റിൽ 50,000 ക്യുബിക് മീറ്റർ മാലിന്യമാണുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 9,000 ക്യുബിക് മീറ്ററും രണ്ടാംഘട്ടത്തിൽ 20,100 ക്യുബിക് മീറ്റർ മാലിന്യവും ബയോമൈനിംഗ് നടത്തി തരംതിരിച്ച് നീക്കിയതായാണ് നഗരസഭാധികൃതർ പറയുന്നത്. മൂന്നാംഘട്ടത്തിൽ 17,000 ക്യുബിക് മീറ്റർ മാലിന്യം മാറ്റാനും ലക്ഷ്യമിട്ടു. മാലിന്യംമാറ്റിയ ഭാഗത്ത് പൂന്തോട്ടമുണ്ടാക്കുന്ന പദ്ധതി കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തിരുന്നു. ഇതിനിടെയാണ് ലീഗ് വിജിലൻസ് അന്വേഷണംകൂടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പൂർത്തിയാകുംവരെ നിർമാണം പാടില്ലെന്നാണ് ലീഗിന്റെ ആവശ്യം. മുസ്ലിംലീഗ് നേതൃത്വം നൽകുന്ന നഗരസഭയിലെ ആരോഗ്യ സ്ഥിരംസമിതി അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലിനെയും സമീപിച്ചിട്ടുണ്ട്.
ഷൊർണൂരിൽ റെയിൽവേ ലിങ്ക് റോഡ് നിർമാണം പുനരാരംഭിച്ചു
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽനിന്നു ഷൊർണൂർ ബസ് സ്റ്റാൻഡിലേക്ക് എളുപ്പത്തിലെത്താൻ റെയിൽവേ നിർമിക്കുന്ന ലിങ്ക് റോഡിന്റെ നിർമാണം പുനരാരംഭിച്ചു. റെയിൽവേ സ്റ്റേഷനു മുന്നിൽനിന്ന് ആരംഭിക്കുന്ന റോഡ് മാരിയമ്മൻ ക്ഷേത്രറോഡിനു മുന്നിലെത്തിയാണ് അവസാനിക്കുന്നത്. പൂട്ടുകട്ടകൾ വിരിച്ചാണു റോഡിന്റെ നവീകരണം. 400 മീറ്റർ നീളമുള്ള റോഡിന്റെ 350 മീറ്ററോളം നിർമാണം നേരത്തെ പൂർത്തിയായിരുന്നു. അവശേഷിക്കുന്ന ഭാഗത്താണ് ഇപ്പോൾ പ്രവൃത്തികൾ പുനരാരംഭിച്ചത്. നിലവിൽ ബസ് പോയിരുന്ന പഴയറോഡ് അടച്ചുകൊണ്ടാണു പുതിയ റോഡിലേക്കു ബന്ധിപ്പിക്കുന്നത്. പത്തുദിവസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണു നിർദേശം. റെയിൽവേ സ്റ്റേഷൻ നവീകരണത്തിനൊപ്പമാണു പുതിയ റോഡും നിർമിക്കുന്നത്. റോഡ് പൂർത്തിയായാൽ ബസുകൾക്ക് ഉൾപ്പെടെ വേഗത്തിൽ ഷൊർണൂർ ടൗണിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. നിലവിൽ വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന റോഡ് ഇതോടെ അടച്ചിടാനാണു റെയിൽവേയുടെ തീരുമാനം.
ബൈക്ക് യാത്രികനു പരിക്ക്
മുതലമട: ഗോവിന്ദാപുരത്തിനു സമീപം സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു സാരമായ പരിക്ക്. മീങ്കര പുതൂർ ഇബ്രാഹിന്റെ മകൻ ഇജാസ് (28) നാണ് പരിക്ക്. വെള്ളിയാഴ്ച പുതൂരിൽവച്ച് തമിഴ്നാട്ടിലേക്കു പോവുകായിരുന്ന സ്വകാര്യബസും മുതലമട ഭാഗത്തേക്കു വരികയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. തലക്കും വാരിയെല്ലിനും സാരമായ പരിക്കേറ്റ യുവാവിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കു ശേഷം തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകായിരുന്നു. കൊല്ലങ്കോട് പോലീസ് കേസെടുത്തു.
ശുദ്ധജലവിതരണം 22, 23, 24ന് മുടങ്ങുമെന്നു അധികൃതർ
പാലക്കാട്: ജൽജീവൻ മിഷൻ പൈപ്പ്ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ 22ന് ജലവിതരണം മുടങ്ങും. പാലക്കാട് വാട്ടർ സപ്ലൈ സ്കീമിനു കീഴിൽവരുന്ന മലമ്പുഴ, പുതുശ്ശേരി ജലശുദ്ധീകരണശാലയിലിലേക്കു വരുന്ന വൈദ്യുതി ലൈനിൽ വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലക്കാട് മുനിസിപ്പാലിറ്റി, മലമ്പുഴ, അകത്തേത്തറ,പുതുപ്പരിയാരം, പുതുശ്ശേരി, പിരിയാരി, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ 23 ന് ജലവിതരണം പൂർണമായും 24 ന് ഭാഗികമായും മുടങ്ങുമെന്നും ഉപഭോക്താക്കൾ അവശ്യമായ മുൻകരുതലുകളെടുക്കണമെന്നും ജലവിതരണ വകുപ്പ് മലമ്പുഴ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഓട്ടോ തൊഴിലാളികൾ പ്രതിഷേധവുമായി എംഎൽഎ ഓഫീസിനു മുന്നിൽ
വടക്കഞ്ചേരി: സർവകക്ഷി യോഗതീരുമാനം അട്ടിമറിച്ച് നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഏർപ്പെടുത്തിയ കമ്പനിക്കെതിരേ വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ നാലുചക്ര ഓട്ടോ- ടാക്സി ഡ്രൈവർമാരും തൊഴിലാളികളും പ്രതിഷേധസമരം നടത്തി. പ്രതിഷേധയോഗം ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജിജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഓട്ടോ- ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി താജുദ്ദീൻ ഇബ്രാഹീം, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, ട്രഷറർ മോഹനൻ പള്ളിക്കാട്, കൺവീനർ ഷിബു ജോൺ, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി സുലൈമാൻ കാസിം എന്നിവർ പ്രസംഗിച്ചു. വടക്കഞ്ചേരി വ്യാപാരി സംരക്ഷണ സമിതിയും സമരത്തിൽ പങ്കെടുത്തു. പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി ബസ് സ്റ്റാന്റിൽനിന്നും എംഎൽഎ ഓഫീസിലേക്ക് പ്രകടനമായെത്തി പി.പി.സുമോദ് എംഎൽഎക്കു നിവേദനവും നൽകി.
വിദ്യാർഥികൾക്ക് എംപിയുടെ വക സൗജന്യ ന്യൂഡൽഹി യാത്ര
അലനല്ലൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 12 വിദ്യാർഥികളും അഞ്ചു അധ്യാപകരും ഉൾപ്പെട്ട സംഘം ഡൽഹിയിലേക്കു പഠനയാത്ര പുറപ്പെട്ടു. പാർലമെന്റ് മന്ദിരവും രാഷ്ട്രപതി ഭവനും ഉൾപ്പെടെ ഡൽഹിയിലെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കും. താജ്മഹലും പഠനയാത്രയുടെ ഭാഗമായി സന്ദർശിക്കും. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ പ്രത്യേക പദ്ധതി അനുസരിച്ചാണ് യാത്ര. എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ സ്കൂൾ എന്ന നിലയിലാണ് അലനല്ലൂർ ജിവിഎച്ച്എസ്എസിനെ പഠനയാത്രയ്ക്കായി തെരഞ്ഞെടുത്തത്. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കഴിഞ്ഞവർഷം സഹപാഠിക്ക് നിർമിച്ചു നൽകിയ സ്നേഹഭവനത്തിന്റെ സമർപ്പണ വേളയിലാണ് എംപി ഈ യാത്ര വാഗ്ദാനം ചെയ്തത്.
മരിയൻ സൈന്യം വേൾഡ് മിഷൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
വടക്കഞ്ചേരി: ഈസ്റ്ററിനോടനുബന്ധിച്ചു മരിയൻ സൈന്യം വേൾഡ് മിഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കു പലചരക്ക്, പച്ചക്കറി, ഇറച്ചി, ബിരിയാണികൂട്ടുകൾ തുടങ്ങിയവ ഉൾപ്പെടുന്ന 19 ഇനങ്ങളുള്ള ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്തു. ചിറ്റടിയിൽ നടന്ന വിതരണോദ്ഘാടനം ഫാ. ജോസ് കൊച്ചുപറമ്പിൽ നിർവഹിച്ചു. മരിയൻസൈന്യം ജില്ലാ പ്രസിഡന്റ് ജോൺ മണക്കളം, ജില്ലാ സെക്രട്ടറി ട്രീസ മരിയ, ട്രഷറർ സിജോ മുതുകാട്ടിൽ, ലിഫ്റ്റോ വർഗീസ്, സാമൂഹ്യ പ്രവർത്തകനായ ഭാസ്കരൻ ചല്ലുപടി പങ്കെടുത്തു.
ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാസംസ്ഥാനമായി കേരളം മാറിയെന്നു മന്ത്രി എം.ബി. രാജേഷ്
വടക്കഞ്ചേരി: സർക്കാർ സംവിധാനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുംവിധം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയെന്നു മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ 'ഡിജി കേരള' സംരംഭത്തിന് കീഴിൽ 21 ലക്ഷത്തിലധികം ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. നിർമാണം പൂർത്തീകരിച്ച കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷനായ രാജി കൃഷ്ണൻകുട്ടി, രതിക മണികണ്ഠൻ, കെ. രവീന്ദ്രൻ, വാർഡ് മെംബർമാരായ കെ. ഉണ്ണികൃഷ്ണൻ, സലിം പ്രസാദ് , ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ സ്വാഗതവും സെക്രട്ടറി ആർ. ഷീന നന്ദിയും പറഞ്ഞു. കെ.ഡി. പ്രസേനൻ എംഎൽഎയുടെ 2017-18, 2020-21 വർഷങ്ങളിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.75കോടി രൂപ വിനിയോഗിച്ചാണ് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നിർമാണം പൂർത്തീകരിച്ചത്.
തുടർച്ചയായ വേനൽമഴ; റബറിനു പക്ഷിക്കണ്ണുരോഗം
നെന്മാറ: റബർകൃഷിമേഖലയിൽ പക്ഷിക്കണ്ണുരോഗം വ്യാപിക്കുന്നു. സ്വാഭാവിക ഇലകൊഴിഞ്ഞതിനുശേഷം വന്ന പുതിയ തളിരിലകളിലാണ് രോഗം വ്യാപിക്കുന്നത്. പുതുതായി നട്ടുപിടിപ്പിച്ച രണ്ടുംമൂന്നും വർഷം പ്രായമായ റബർതൈകളിലെ പുതിയ തളിരിലകളിലും രോഗം വ്യാപിക്കുന്നുണ്ട്. മൂപ്പെത്താത്ത തളിരിലകളിൽ പക്ഷികളുടെ കണ്ണിനോടു സാമ്യമുള്ള ആകൃതിയിൽ വൃത്താകൃതിയിലുള്ള ചെറിയ പുള്ളിക്കുത്തുകളോടെ നടുവശംഉണങ്ങി ഇലകളുടെ അരികുവശവും ഉണങ്ങിച്ചുരുണ്ട് കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതാണ് രോഗലക്ഷണം. റബർതളിരിലകളെ ബാധിക്കുന്ന ഫംഗസ് രോഗമാണ് ആന്ത്രാക്നോസ് എന്നുറിയപ്പെടുന്ന പക്ഷിക്കണ്ണുരോഗം. അകാല ഇലകൊഴിയുന്നതിനും ചെടിയുടെ മൊത്തത്തിലുള്ള വളർച്ചമുരടിപ്പിനും രോഗം കാരണമാകും. ഹെൽമിൻതോസ്പോറിയം ഹെവി എന്ന ഫംഗസ് മൂലമാണ് ഈ രോഗമുണ്ടാകുന്നതെന്നാണ് റബർബോർഡ് അധികൃതർ പറയുന്നത്. തുടർച്ചയായ വേനൽ മഴയെ തുടർന്ന് ഉണ്ടായ ഉയർന്ന ഈർപ്പവും അമിതചൂടും രോഗത്തിന്റെ വികാസത്തിന് കാരണമാകും. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം, ഡിഥെയ്ൻ എം -45 (0.2%), ബാവിസ്റ്റിൻ (0.02%) തുടങ്ങിയ കുമിൾനാശിനികൾ തളിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും. വ്യാപകമായ രോഗബാധയുണ്ടാകുന്ന തോട്ടങ്ങളിലും തൈകളിലും മരുന്നുതളിച്ചില്ലെങ്കിൽ തൈകളുടെയും മരത്തിന്റെയും വളർച്ച കുറയുമെന്നും റബർ ബോർഡ് അധികൃതർ പറഞ്ഞു. നെന്മാറ, കരിമ്പാറ, കൽച്ചാടി, ഒലിപ്പാറ മേഖലകളിലെ തോട്ടങ്ങളിലാണ് രോഗബാധ ഇപ്പോൾ കാണുന്നത്.
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് സൈക്കിളുകൾ വിതരണംചെയ്തു
പാലക്കാട്: സംസ്ഥാന തദ്ദേശസ്വയംഭരണ, ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന "ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഇലക്ട്രിക് സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ആലത്തൂര്‍ യുപ്ലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളുകള്‍ നല്കുന്നതു വഴി അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും വരുമാന വര്‍ധനവിനു സഹായിക്കുകയുമാണ് ലക്ഷ്യം. ചടങ്ങിൽ കെ രാധാകൃഷ്ണൻ എം പി മുഖ്യാതിഥിയായി. എംഎല്‍എമാരായ കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കള്‍, സിഡിഎസ് അധ്യക്ഷമാര്‍ തുടങ്ങിയവർ പങ്കെടുത്തു. ആലത്തൂർ ബ്ലോക്കിൽ മാലിന്യമുക്തം നവകേരളം കാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പുതുക്കോട് ഹരിതകർമസേനയെ കുടുംബശ്രീ ജില്ലാമിഷൻ ആദരിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ബഡ്സ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ ബഡ്സ് സ്കൂളിനെയും രോഗീപരിചരണം, വയോജന പരിപാലനം എന്നീ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ സാന്ത്വനം വോളന്റിയേഴ്സിനെയും ആദരിച്ചു.
ജനനി പദ്ധതി കുടുംബസംഗമം ശ്രദ്ധേയമായി
പാലക്കാട്: സംസ്ഥാന സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളിലൂടെ നടപ്പാക്കിവരുന്ന വന്ധ്യതാ ചികിത്സ പദ്ധതിയായ "ജനനി'യിലൂടെ ജനിച്ച കുഞ്ഞുങ്ങളുടെ കുടുംബസംഗമം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ലയൺസ് സ്കൂളിൽ നടന്ന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ലളിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകള്‍ സമൂഹത്തിലെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ഹോമിയോപ്പതി വകുപ്പ് 2012-13 വർഷത്തിൽ ആരംഭിച്ച വന്ധ്യതാനിവാരണ ചികിത്സാ പദ്ധതിയാണ് ജനനി. കഴിഞ്ഞ 13 വർഷത്തിൽ 3450 കുഞ്ഞുങ്ങൾ ജനനിയിലൂടെ ജന്മമെടുത്തു. പാലക്കാട് ജില്ലയിൽ മാർച്ച് 2025 വരെ 231 പോസിറ്റീവ് കേസുകളും 125 കുഞ്ഞുങ്ങളുമാണ് ജനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പഞ്ചായത്ത് മെംബർമാരായ എ.ഷാബിറ, അനിത പോൾസൺ, ശാലിനി കറുപ്പേഷ്, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ ) ഡോ.കെ. ജ്യോതി, ജനനി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. ബിജുകുമാർ ദാമോദരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.കെ.ആർ. വിദ്യ, യു.പി. സുധ മേനോൻ, വാർഡ് കൗൺസിലർ വി. ജ്യോതിമണി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ലക്ഷ്മി ജി. കർത്താ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.എസ്. സുനിത എന്നിവർ പ്രസംഗിച്ചു. ജനനി പദ്ധതിയിലൂടെ ജനിച്ച 128 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.
നികുതി സ്വീകരിക്കാത്തതിനെതിരേ കോട്ടോപ്പാടം വില്ലേജ് ഓഫീസിനുമുന്നിൽ കർഷക കോൺഗ്രസ് ധർണ
മണ്ണാർക്കാട്: മലയോര മേഖലയിലെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, സർവേ നമ്പർ 235 / എ-വൺ, എ-ടു ഭൂമിയുടെ നികുതി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി കോട്ടോപ്പാടം ഒന്ന് വില്ലേജിനു മുമ്പിൽ ധർണ നടത്തി. ധർണ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ബാബു അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ഒ.കെ. മണി, പി. മുരളീധരൻ, ടി.കെ. ഇപ്പു, എ. അസൈനാർ, വി. പ്രീത, സി.ജെ. രമേഷ്, മണികണ്ഠൻ വടശ്ശേരി, മണ്ഡലം പ്രസിഡന്റുമാരായ ഉമ്മർ മനച്ചിത്തൊടി, കെ. വേണുഗോപാൽ, സിഗബത്തുള്ള, ഫിലിപ്പ്, പ്രേമകുമാർ കോൺഗ്രസ് നേതാക്കളായ യൂസഫ് പച്ചേരി, കാസ്സിം ആലായൻ റഹ്മത്തുള്ള സമദ്, വി. സാറ, നാസർ വേങ്ങ, പി. കൃഷ്ണപ്രസാദ്, ഉസ്മാൻ പാറോക്കോട്ട്, നഫൽ താളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പാഴ്വസ്തുസംഭരണത്തിൽ സംസ്ഥാനം കൈവരിച്ചതു സർവകാലനേട്ടമെന്നു മന്ത്രി
ആലത്തൂർ: പാഴ്വസ്തു സംഭരണത്തിൽ കേരളം സർവകാലനേട്ടം കൈവരിച്ചതായി മന്ത്രി എം.ബി. രാജേഷ്. പാഴ്വസ്തുക്കൾ കേരളത്തിലെ റോഡുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കുന്നതിൽ ഹരിതകർമസേനയുടെ പ്രവർത്തനം നിർണായകമെന്നും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണം പദ്ധതിയിലുൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച മേലാർകോട് എംസിഎഫ് കെട്ടിട ഉദ്ഘാടനവും 2024 - 25 വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിവിധ ഉപകരണങ്ങളുടെ വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി. വത്സല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി എന്നിവർക്കൊപ്പം മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു. നവകേരള മിഷൻ കോ-ഓർഡിനേറ്റർ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. ഹരിതകർമസേനാ അംഗങ്ങൾ, രാജ്യത്തെ അഞ്ചാമതും സംസ്ഥാനത്തെ ഒന്നാമതുമായ ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ, ഹോർട്ടികൾച്ചറൽ ഡോക്ടറേറ്റ് ലഭിച്ച മേലാർകോട് കൃഷി ഓഫീസർ ഡോ.എസ്.ജി. ലക്ഷ്മി എന്നിവരെ മന്ത്രി ആദരിച്ചു.
പനമണ്ണ മാലിന്യ സംസ്കരണകേന്ദ്രത്തിൽ പുതിയ അഞ്ചു പദ്ധതികളുടെ ഉദ്ഘാടനം
ഒറ്റപ്പാലം: നഗരസഭയിലെ പനമണ്ണ മാലിന്യ സംസ്കരണകേന്ദ്രത്തിൽ പുതിയ അഞ്ചു പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് (ഓർഗാനിക് കൺവർട്ടർ), സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ (പാഡ്, നാപ്കിൻ എന്നിവ കരിച്ച് സംസ്കരിക്കുന്ന സംവിധാനം) 90 ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച ചുറ്റുമതിൽ, ആധുനിക മെറ്റീരിയൽ കളക്്ഷൻ സെന്റർ (എംസിഎഫ്), ജൈവ പാർക്ക് തുടങ്ങിയ അഞ്ചുപദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കംചെയ്ത സ്ഥലത്താണ് പുതിയ പദ്ധതികളുടെ പൂർത്തീകരണത്തിന്റെ ഉദ്ഘാടനം നടന്നത്. കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവി, ഉപാധ്യക്ഷൻ കെ.രാജേഷ്, നഗരസഭാ സെക്രട്ടറി കെ.പ്രദീപ് കുമാർ പ്രസംഗിച്ചു. ബിജെപി പ്രതിഷേധം ഒറ്റപ്പാലം: പനമണ്ണ ഗ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കോടികളുടെ വെട്ടിപ്പു നടത്തിയന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു ബിജെപിയുടെ പ്രതിഷേധ മാർച്ച്. മന്ത്രി എം.ബി. രാജേഷ് ഖരമാലിന്യ സംസ്കരണ ശാലയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുന്നതിന് എത്തിയ സമ്മേളന സ്ഥലത്തേക്ക് ആയിരുന്നു ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഷൊർണൂർ ഡിവൈഎസ്പി കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരക്കാരെ അറസ്റ്റുചെയ്തുനീക്കി. ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സി. സുമേഷ് അധ്യക്ഷനായി. കെവി. ജയൻ, പിസത്യഭാമ, എം. സുരേഷ്ബാബു, ഇ.പി. നന്ദകുമാർ, എ.പി. പ്രസാദ്, പി. ജയരാജ്, കെ.ര ഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
പവർലൂം മേഖലയിലെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധസമരമെന്ന് എഐഎഡിഎംകെ
കോയമ്പത്തൂർ: തിരുപ്പൂർ പവർലൂം മേഖലയിലെ പ്രശ്നത്തിനു സർക്കാർ ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ. സോമനൂരിലെ പവർലൂം തൊഴിലാളികളുടെ നിരാഹാര സമരക്യാമ്പ് സന്ദർശിച്ച നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രി സെന്തിൽ ബാലാജി ഉടൻ തന്നെ ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തി പവർലൂം പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സുലൂർ എംഎൽഎ കന്തസാമി ആവശ്യപ്പെട്ടു.
കസ്തൂരി ശ്രീനിവാസൻ ട്രസ്റ്റിന്റെ പെയിന്റിംഗ് പ്രദർശനം 23 മുതൽ 27വരെ കോയന്പത്തൂരിൽ
കോയന്പത്തൂർ: കസ്തൂരി ശ്രീനിവാസൻ ട്രസ്റ്റിന്റെ 224-ാമത് പെയിന്റിംഗ് പ്രദർശനം 23 മുതൽ 27വരെ അവിനാശി റോഡിലെ അരവിന്ദ് കണ്ണാശുപത്രിക്കടുത്തുള്ള ആർട്ട് ഗാലറിയിൽ നടക്കും. റിഥമിക് പാലറ്റ് സീരീസ് 2024-25 എന്ന ബാനറിൽ രാജ്യത്തുടനീളമുള്ള വിവിധ കലാകാരന്മാരുടെ പെയിന്റിംഗുകളാണ് പ്രദർശനത്തിലുള്ളത്. കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചിത്രരചനാ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിൽ ട്രസ്റ്റ് പ്രശസ്തമാണ്. 2003 മുതൽ ഇതുവരെ വിവിധ തീമുകൾ, ബാനറുകളിലായി 223 കലാ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പത്തുമുതൽ വൈകുന്നേരം ആറരവരെയാണ് പ്രദർശനം.
വിൻസന്റ് ഡി പോൾ സംഘടന ഭക്ഷ്യക്കിറ്റുകൾ നൽകി
വടക്കഞ്ചേരി: ഈസ്റ്ററിനോടനുബന്ധിച്ച് വിൻസന്റ് ഡി പോൾ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളി യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഫാ. തോമസ് ഇടയാൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ടോണി ചേക്കയിൽ, വടക്കഞ്ചേരി ഏരിയ കൗൺസിൽ പ്രസിഡന്റ് ബിജു പുലിക്കുന്നേൽ, മറ്റു ഭാരവാഹികളായ സണ്ണി നടയത്ത്, സേവ്യർ ചിരിയങ്കണ്ടത്ത്, ജോസ് ചുക്കനാനിക്കൽ, വിൽസൺ കൊള്ളന്നൂർ, ജെയ്സൺ മഞ്ഞളി, രാജു അമ്പൂക്കൻ, ജിൻസി ജോസഫ് എന്നിവർ പങ്കെടുത്തു.
തത്തമംഗലം അങ്ങാടിവേലയ്ക്കു തുടക്കം
ചിറ്റൂർ: തത്തമംഗലം വേട്ടക്കറുപ്പൻസ്വാമി ക്ഷേത്രം അങ്ങാടിവേല മഹോത്സവത്തിനു തുടക്കമായി. രണ്ടു വർഷത്തിലൊരിക്കൽ തെലുങ്കു ചെട്ടിയാർ സമുദായക്കാരാണ് ഉത്സവം നടത്തിവരുന്നത്. വിവിധ സമുദായങ്ങളുടെ സഹകരണവും ഉത്സവത്തിനു ലഭിച്ചുവരുന്നുണ്ട്. ഇന്നലെഗണപതി ഹോമം , കലശപൂജ, ദീപാരാധാന , രാത്രി കരിവേഷധാരികളുടെ അകമ്പടിയിൽ ചെണ്ടമേളം പാമാദ്യം വാൾ , ചിലമ്പ് അകമ്പടിയിൽ വെളിച്ചപ്പാട് എഴുന്നെള്ളിപ്പുണ്ടായിരുന്നു. ഇന്നു വൈകുന്നേരം ആറിനു സ്വാമി എഴുന്നെള്ളത്ത്, 6.30 ന് ഗാനസഭ എന്നിവ നടക്കും. വേലദിനമായ മേയ് മൂന്നിനു രാവിലെ നാലിനു ശോകനാശാനി പുഴയിൽ നിന്നും തിരുമജ്ഞനം പുറപ്പാട് , തുടർന്ന് അഭിഷേകപൂജ, പഞ്ചാരിമേള അകമ്പടിയിൽ കാഴ്ചശീവേലിഎന്നിവയുണ്ടാകും. വൈകുന്നേരം നാലിനു മേട്ടുപ്പാളയം ജംഗ്ഷനിൽനിന്നും തട്ടിൽമേൽകൂത്ത്, ആനയെഴുന്നള്ളത്ത്സ വെടിക്കെട്ട് എന്നിവയോടെ ഉത്സവത്തിനു സമാപനമാകും.
മലക്കുളത്തു വഴിയോരവിശ്രമകേന്ദ്രം തുറന്നു
ആലത്തൂർ: പൊതുശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള ശീലം ഒഴിച്ചുകൂടാനാവാത്തതാണെന്നു മന്ത്രി എം.ബി. രാജേഷ്. എംഎൽഎ ഫണ്ടിൽ നിർമാണം പൂർത്തിയാക്കിയ എരിമയൂർ ഗ്രാമപഞ്ചായത്തിലെ മലക്കുളം വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരുകാലത്ത് യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ വളരെ കുറവായിരുന്ന കേരളത്തിൽ ഇന്ന് സ്ഥിതി മാറ്റാൻ കഴിഞ്ഞു. മികച്ച സൗകര്യങ്ങളോടെ ഒരുക്കുന്ന വഴിയോര വിശ്രമ കേന്ദ്രങ്ങൾ അതേ രീതിയിലും വൃത്തിയിലും പരിപാലിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനീ ബാബു എന്നിവർക്കൊപ്പം മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.
നാടകക്കളരി സമാപനം ഇന്ന്
അഗളി: ആനക്കട്ടി ഹാർമണി ഹാളിൽ ഒന്നാമത് കുപ്പുസ്വാമി മരുതൻ അനുസ്മരണ നാടകക്കളരി സമാപനം ഇന്ന്. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എംഎൽഎ എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. നാടക് ജില്ലാ സെക്രട്ടറി സജിത് കുമാർ സ്വാഗതം പറയും. സംസ്ഥാന പ്രസിഡന്റ് ഡി. രഘുത്തമൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ശൈലജ ആമുഖ പ്രഭാഷണം നടത്തും. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ അഭിലാഷ് പിള്ള, ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മ, പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, നാടക സംവിധായകൻ നരിപ്പറ്റ രാജു, എന്നിവർ പ്രസംഗിക്കും.
വിഷുവേലയ്ക്കിടെ പോലീസിനെ മർദിച്ച അഞ്ചുപേർക്കെതിരേ കേസ്
കുഴല്‍മന്ദം: വിഷുവേലയ്ക്കിടെയുണ്ടായ സംഘര്‍ഷം പിരിച്ചുവിടാനെത്തിയ ഗ്രേഡ് സബ് ഇന്‍സ്പെക്ടറെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാത്തൂര്‍ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുവേലയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. ഗ്രേഡ് എസ്ഐ സുരേഷ് കുമാറിനു നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആറിന് വീശ്വലത്തുവച്ചായിരുന്നു ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് നിലത്തുവീണ സുരേഷ് കുമാറിന്റെ ഇടതു തോളിനു ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കുഴല്‍മന്ദം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.സംഭവത്തോടനു ബന്ധിച്ച് വീശ്വലം സ്വദേശികളായ സുഭാഷ് (28), സി. മിഥുന് (23), കിഷോര്‍ (30), കെ. ഷാജു ( 32), കെ. അനീഷ് ( 30) എന്നിവര്‍ക്കെതിരെയാണ് കുഴല്‍മന്ദം പോലീസ് കേസെടുത്തത്. പ്രതികളെ പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ 15 ദിവസത്തേക്കു കോടതി റിമാന്‍ഡുചെയ്തു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഏറ്റെടുത്തത് തകര്‍ന്നടിഞ്ഞുകിടന്ന നാടിന്റെ ഭരണസാരഥ്യം: മുഖ്യമന്ത്രി
Kerala
2
മാർപാപ്പയുടെ ആത്മശാന്തിക്കായി പ്രാർഥനയ്ക്ക് ആഹ്വാനം
National
3
ഫ്രാൻസിസ് പാപ്പാ ദിവംഗതനായി
International
4
സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 72,120 രൂപ
Business
5
ഗുജറാത്ത് ടൈറ്റന്‍സിന് ആറാം ജയം
Sports
ADVERTISEMENT
LATEST NEWS
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; വീട്ടിലെ രണ്ട് നായ്ക്കളും അവശനിലയിൽ
പശ്ചിമബംഗാളില്‍ അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം മുങ്ങി; പ്രതി വടകരയില്‍ പിടിയില്‍
വ്യാഴാഴ്ച വരെ മഴ തുടരും; ഇന്ന് കടലാക്രമണത്തിന് സാധ്യത
ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയ സംഭവം; വിന് സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം
ആമയൂര്‍ കൂട്ടക്കൊലക്കേസ്; പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി
ADVERTISEMENT
ADVERTISEMENT