എന്റെ കേരളം പ്രദർശനവിപണനമേളയിൽ പോലീസ് ഡോഗ്ഷോ
1544309
Tuesday, April 22, 2025 1:30 AM IST
പാലക്കാട്: പോലീസ് വകുപ്പിന്റെ കെ 9 സ്ക്വാഡ് മുന്നിട്ടിറങ്ങുന്പോൾ എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇക്കുറി പോലീസ് ഡോഗ്ഷോ ശ്രദ്ധേയമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാലുമുതൽ 10 വരെ സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപത്തെ മൈതാനത്താണ് എന്റെ കേരളം പ്രദർശന വിപണനമേള നടക്കുക.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ പാലക്കാട് കെ 9 സ്ക്വാഡിലെ അഞ്ച് നായകളും ഷൊർണൂർ കെ 9 സ്ക്വാഡിലെ നാല് നായകളും മേളയിൽ വിവിധദിവസങ്ങളിൽ ഭാഗമാകും. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നവ, ലഹരി പദാർഥങ്ങൾ കണ്ടെത്തുന്നവ, മോഷണം, കവർച്ച, കൊലപാതകം തുടങ്ങി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നവ എന്നിങ്ങനെ മൂന്ന് വിഭാഗത്തിൽ നിന്നുള്ള ഡോഗുകളാണ് മേളയുടെ ഭാഗമാവുക.
രണ്ട് സ്ക്വാഡിലായി ലാബ്രഡോർ റിട്രീവർ ബ്രീഡിലെ ബെറ്റിയും ലൂസിയും ചിപ്പിപ്പാറ ബ്രീഡിലെ നിക്കി, കന്നി ബ്രീഡിലെ റോസി, ജിഎസ്ഡി ബ്രീഡിലെ ടെസ്, മാലിനോയിസ് വിഭാഗത്തിൽപ്പെട്ട ഹാർലി, ബ്ലൂമി, ലിന്റ, ആസ്ത്ര എന്നീ പേരുകളുളള ഡോഗുകളാണ് പങ്കെടുക്കുക.
മേള നടക്കുന്ന ഏഴ് ദിവസം ഒരോ ഡോഗുകൾ വീതം അവരുടെ ട്രേഡിലെ മികവുകൾ പൊതുജനങ്ങൾക്കായി അവതരിപ്പിക്കും. പോലീസിന്റെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്കരണമുണ്ടാക്കുക ലക്ഷ്യമിട്ടാണ് പോലീസ് ഡോഗ്ഷോ മേളയിൽ നടത്തുന്നത്.