പനമണ്ണ പ്ലാന്റിലെ മാലിന്യപ്രശ്നം ഹൈക്കോടതിയുടെ പരിഗണനയ്ക്ക്
1543813
Sunday, April 20, 2025 4:15 AM IST
ഒറ്റപ്പാലം: പനമണ്ണ ഖരമാലിന്യ സംസ്കരണ പ്ലാന്റിലെ പരമ്പരാഗതമാലിന്യം നീക്കുന്നതിനുപകരം കുഴിച്ചുമൂടിയെന്ന പരാതി ഹൈക്കോടതിയിൽ.
മുസ്ലിംലീഗാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണമുള്ള സാഹചര്യത്തിൽ, പ്ലാന്റിൽ പൂന്തോട്ടം വച്ചുപിടിപ്പിക്കുന്ന ബയോപാർക്ക്പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചതെന്നു മുസ്ലിംലീഗ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ നഗരസഭയോടു ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. പനമണ്ണയിൽ 2.42 ഏക്കർ ഭൂമിയിൽ നിർമിച്ച പ്ലാന്റിൽ 50,000 ക്യുബിക് മീറ്റർ മാലിന്യമാണുണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ 9,000 ക്യുബിക് മീറ്ററും രണ്ടാംഘട്ടത്തിൽ 20,100 ക്യുബിക് മീറ്റർ മാലിന്യവും ബയോമൈനിംഗ് നടത്തി തരംതിരിച്ച് നീക്കിയതായാണ് നഗരസഭാധികൃതർ പറയുന്നത്. മൂന്നാംഘട്ടത്തിൽ 17,000 ക്യുബിക് മീറ്റർ മാലിന്യം മാറ്റാനും ലക്ഷ്യമിട്ടു.
മാലിന്യംമാറ്റിയ ഭാഗത്ത് പൂന്തോട്ടമുണ്ടാക്കുന്ന പദ്ധതി കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്തിരുന്നു. ഇതിനിടെയാണ് ലീഗ് വിജിലൻസ് അന്വേഷണംകൂടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണം പൂർത്തിയാകുംവരെ നിർമാണം പാടില്ലെന്നാണ് ലീഗിന്റെ ആവശ്യം. മുസ്ലിംലീഗ് നേതൃത്വം നൽകുന്ന നഗരസഭയിലെ ആരോഗ്യ സ്ഥിരംസമിതി അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലിനെയും സമീപിച്ചിട്ടുണ്ട്.