പാഴ്വസ്തുസംഭരണത്തിൽ സംസ്ഥാനം കൈവരിച്ചതു സർവകാലനേട്ടമെന്നു മന്ത്രി
1543788
Sunday, April 20, 2025 4:00 AM IST
ആലത്തൂർ: പാഴ്വസ്തു സംഭരണത്തിൽ കേരളം സർവകാലനേട്ടം കൈവരിച്ചതായി മന്ത്രി എം.ബി. രാജേഷ്. പാഴ്വസ്തുക്കൾ കേരളത്തിലെ റോഡുകളിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കുന്നതിൽ ഹരിതകർമസേനയുടെ പ്രവർത്തനം നിർണായകമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയാസൂത്രണം പദ്ധതിയിലുൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച മേലാർകോട് എംസിഎഫ് കെട്ടിട ഉദ്ഘാടനവും 2024 - 25 വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള വിവിധ ഉപകരണങ്ങളുടെ വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
മേലാർകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ടി. വത്സല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി എന്നിവർക്കൊപ്പം മറ്റു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.
നവകേരള മിഷൻ കോ-ഓർഡിനേറ്റർ സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. ഹരിതകർമസേനാ അംഗങ്ങൾ, രാജ്യത്തെ അഞ്ചാമതും സംസ്ഥാനത്തെ ഒന്നാമതുമായ ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ടി.എൻ. ഉണ്ണികൃഷ്ണൻ, ഹോർട്ടികൾച്ചറൽ ഡോക്ടറേറ്റ് ലഭിച്ച മേലാർകോട് കൃഷി ഓഫീസർ ഡോ.എസ്.ജി. ലക്ഷ്മി എന്നിവരെ മന്ത്രി ആദരിച്ചു.