മലയോര ഹൈവേ: ജില്ലയിലെ ഒന്നാംഘട്ട നിർമാണം ഉടൻ
1544044
Monday, April 21, 2025 12:47 AM IST
മണ്ണാർക്കാട്: ജില്ലയിലെ പ്രധാന റോഡുകളുമായി ബന്ധിപ്പിച്ചു നിർമിക്കാനുദ്ദേശിക്കുന്ന മലയോര ഹൈവേയുടെ ഒന്നാംഘട്ട നിർമാണം ഉടൻ ആരംഭിക്കുമെന്നു അധികൃതർ അറിയിച്ചു.
ജില്ലയുടെ അതിർത്തി പ്രദേശമായ കാഞ്ഞിരംപാറയിൽനിന്നും കോഴിക്കോട്- പാലക്കാട് ഹൈവേയിൽ എത്തിച്ചേരുന്ന കുമരംപുത്തൂർജംഗ്ഷൻ വരെയാണ് ഒന്നാംഘട്ടം.
കഴിഞ്ഞദിവസം റോഡ് നിർമാണവുമായി ബന്ധപ്പെട്ട സർവേ നടപടികൾ പൂർത്തീകരിച്ചിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് കോ-ഓപറേറ്റീവ് സൊസൈറ്റിയാണ് റോഡിന്റെ നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
91.4 കോടി രൂപയാണ് ഒന്നാംഘട്ട നിർമാണത്തിന്റെ ചെലവ്. റോഡിന്റെ നീളവുംവീതിയും അളക്കൽ, മധ്യഭാഗത്തെ രേഖവരയ്ക്കൽ, നിവർത്തേണ്ട വളവുകളുടെ പരിശോധന, മുറിക്കേണ്ട മരങ്ങളുടെ കണക്ക്, മാറ്റിസ്ഥാപിക്കേണ്ടിവരുന്ന വൈദ്യുതിത്തൂണുകൾ, റോഡിലെ മണ്ണുപരിശോധന എന്നിവയാണ് കഴിഞ്ഞദിവസം പൂർത്തിയായതാണ്.
റോഡ് ടാറിംഗിനാവശ്യമായ സാധനസാമഗ്രികളുടെ കണക്കാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതുകൂടിയാൽ റിപ്പോർട്ട് കെആർഎഫ്ബിക്ക് സമർപ്പിക്കും. അനുമതി ലഭിച്ചാൽ ഉടൻ നിർമാണ പ്രവൃത്തികൾ തുടങ്ങും.
രണ്ടുവർഷമാണ് ഒന്നാംഘട്ട നിർമാണ കാലാവധി. 12 മീറ്റർ വീതിയാണ് റോഡിനുണ്ടാവുക. ഒമ്പതുമീറ്റർ വീതിയിൽ ടാറിംഗ് നടത്തും. അഴുക്കുചാൽ നിർമിക്കും. കൈവരികളോടുകൂടിയ നടപ്പാതയുണ്ടാവും.
സംരക്ഷണ ഭിത്തികൾ, ബസ്ബേ, ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ എന്നിവയെല്ലാം കരാറിലുണ്ട്.
ജില്ലയിൽ അഞ്ചുഘട്ടങ്ങളിലായാണ് മലയോര ഹൈവേയുടെ നിർമാണം പൂർത്തിയാക്കുക.