ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാസംസ്ഥാനമായി കേരളം മാറിയെന്നു മന്ത്രി എം.ബി. രാജേഷ്
1543793
Sunday, April 20, 2025 4:00 AM IST
വടക്കഞ്ചേരി: സർക്കാർ സംവിധാനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുംവിധം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളം മാറിയെന്നു മന്ത്രി എം.ബി. രാജേഷ്.
തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ 'ഡിജി കേരള' സംരംഭത്തിന് കീഴിൽ 21 ലക്ഷത്തിലധികം ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു.
നിർമാണം പൂർത്തീകരിച്ച കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷനായ രാജി കൃഷ്ണൻകുട്ടി, രതിക മണികണ്ഠൻ, കെ. രവീന്ദ്രൻ, വാർഡ് മെംബർമാരായ കെ. ഉണ്ണികൃഷ്ണൻ, സലിം പ്രസാദ് , ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ സ്വാഗതവും സെക്രട്ടറി ആർ. ഷീന നന്ദിയും പറഞ്ഞു.
കെ.ഡി. പ്രസേനൻ എംഎൽഎയുടെ 2017-18, 2020-21 വർഷങ്ങളിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1.75കോടി രൂപ വിനിയോഗിച്ചാണ് കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ നിർമാണം പൂർത്തീകരിച്ചത്.