കെഎസ്ആർടിസി സ്റ്റേഷനിലെത്താൻ റോഡിൽ വല്ലാത്ത പെടാപ്പാട്
1544045
Monday, April 21, 2025 12:47 AM IST
പാലക്കാട്: കെഎസ്ആർടിസി ബസിൽ യാത്രചെയ്യാനും യാത്രയാക്കാനും സ്റ്റാൻഡിലെത്തുന്നവർക്കു പറയാനുള്ളതു പരാതികളും പരിഭവങ്ങളും മാത്രം.
പെട്ടിക്കടകൾ, ഓട്ടോ സ്റ്റാൻഡ്, നിർത്തിയും നിരങ്ങിയും നീങ്ങുന്ന ഒറ്റപ്പാലം ഭാഗത്തേക്കുള്ള സ്വകാര്യബസുകളും മറ്റു വാഹനങ്ങളുമെല്ലാം കൂടിയാവുമ്പോൾ പാലക്കാട് ബസ് സ്റ്റേഷനു മുൻവശം തിക്കുംതിരക്കും നിറഞ്ഞു കാൽനടയ്ക്കുപോലും പറ്റാത്ത അവസ്ഥയിൽ.
യാത്രികരെ യാത്രയാക്കാനോ സ്വീകരിക്കാനോ എത്തുന്നവരുടെ വാഹനം അൽപനേരം പാർക്കുചെയ്യണമെങ്കിൽപോലും പൈസ കൊടുത്തുതന്നെ പാർക്കുചെയ്യേണ്ട ഗതികേടുണ്ട്. പക്ഷേ പലപ്പോഴും അവിടെ ഇടംകിട്ടാറുമില്ല.
പലപ്പോഴും വാഹനങ്ങൾ ദൂരെ പാർക്കുചെയ്തുവേണം ബസ് സ്റ്റേഷനിലേക്കു നടന്നെത്താൻ. സ്റ്റേഷനുമുന്നിലെ റോഡുമുറിച്ചുകടക്കാൻ വല്ലാത്ത പെടാപ്പാടാണ്.
സീബ്രാലൈനുണ്ടെങ്കിലും വാഹനയാത്രികർ കാൽനടക്കാരെ കണ്ടമട്ടുകാണിക്കാറില്ല.
ഇതിനു പുറമെ പെട്ടിക്കടകളും ഓട്ടോസ്റ്റാൻഡും സ്വകാര്യബസ് സ്റ്റോപ്പും എല്ലാംകൂടിയാകുന്പോൾ സ്റ്റേഷനുമുന്നിൽ മനുഷ്യന്മാരുടെ ഞാണിന്മേൽകളിയാണ് നടക്കുന്നത്. സ്റ്റേഷനുമുന്നിൽ സ്വകാര്യബസുകളുടെ ആളെകയറ്റിയിറക്കൽ കുറച്ചുമാറ്റിയാക്കണമെന്നാണ് പരക്കെയുളള ആവശ്യം.
ഓട്ടോസ്റ്റാൻഡിന്റെ മുൻഭാഗംതന്നെ ബസ് സ്റ്റാൻഡിന്റെ വഴിയടച്ചാണെന്നും ഇതിനൊരു പരിഹാരം കാണാൻ പോലീസ്, മോട്ടോർവാഹന വകുപ്പുകൾ ഇടപെടണമെന്നാണ് പരക്കെയുളള ആവശ്യം.