തുടർച്ചയായ വേനൽമഴ; റബറിനു പക്ഷിക്കണ്ണുരോഗം
1543792
Sunday, April 20, 2025 4:00 AM IST
നെന്മാറ: റബർകൃഷിമേഖലയിൽ പക്ഷിക്കണ്ണുരോഗം വ്യാപിക്കുന്നു. സ്വാഭാവിക ഇലകൊഴിഞ്ഞതിനുശേഷം വന്ന പുതിയ തളിരിലകളിലാണ് രോഗം വ്യാപിക്കുന്നത്. പുതുതായി നട്ടുപിടിപ്പിച്ച രണ്ടുംമൂന്നും വർഷം പ്രായമായ റബർതൈകളിലെ പുതിയ തളിരിലകളിലും രോഗം വ്യാപിക്കുന്നുണ്ട്.
മൂപ്പെത്താത്ത തളിരിലകളിൽ പക്ഷികളുടെ കണ്ണിനോടു സാമ്യമുള്ള ആകൃതിയിൽ വൃത്താകൃതിയിലുള്ള ചെറിയ പുള്ളിക്കുത്തുകളോടെ നടുവശംഉണങ്ങി ഇലകളുടെ അരികുവശവും ഉണങ്ങിച്ചുരുണ്ട് കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതാണ് രോഗലക്ഷണം.
റബർതളിരിലകളെ ബാധിക്കുന്ന ഫംഗസ് രോഗമാണ് ആന്ത്രാക്നോസ് എന്നുറിയപ്പെടുന്ന പക്ഷിക്കണ്ണുരോഗം. അകാല ഇലകൊഴിയുന്നതിനും ചെടിയുടെ മൊത്തത്തിലുള്ള വളർച്ചമുരടിപ്പിനും രോഗം കാരണമാകും. ഹെൽമിൻതോസ്പോറിയം ഹെവി എന്ന ഫംഗസ് മൂലമാണ് ഈ രോഗമുണ്ടാകുന്നതെന്നാണ് റബർബോർഡ് അധികൃതർ പറയുന്നത്. തുടർച്ചയായ വേനൽ മഴയെ തുടർന്ന് ഉണ്ടായ ഉയർന്ന ഈർപ്പവും അമിതചൂടും രോഗത്തിന്റെ വികാസത്തിന് കാരണമാകും.
ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം, ഡിഥെയ്ൻ എം -45 (0.2%), ബാവിസ്റ്റിൻ (0.02%) തുടങ്ങിയ കുമിൾനാശിനികൾ തളിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും.
വ്യാപകമായ രോഗബാധയുണ്ടാകുന്ന തോട്ടങ്ങളിലും തൈകളിലും മരുന്നുതളിച്ചില്ലെങ്കിൽ തൈകളുടെയും മരത്തിന്റെയും വളർച്ച കുറയുമെന്നും റബർ ബോർഡ് അധികൃതർ പറഞ്ഞു. നെന്മാറ, കരിമ്പാറ, കൽച്ചാടി, ഒലിപ്പാറ മേഖലകളിലെ തോട്ടങ്ങളിലാണ് രോഗബാധ ഇപ്പോൾ കാണുന്നത്.