ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ പുതിയ ക്രോസിംഗ് സ്റ്റേഷൻ നിർമാണംതുടങ്ങി
1544307
Tuesday, April 22, 2025 1:30 AM IST
ൊഷൊർണൂർ: ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിലെ കുലുക്കല്ലൂരിൽ പുതിയ ക്രോസിംഗ് സ്റ്റേഷന്റെ നിർമാണം തുടങ്ങി. പാതയിൽ വീതികൂട്ടിയുള്ള നിർമാണമാണ് ആരംഭിച്ചത്. അരികുസംരക്ഷണ പ്രവർത്തനങ്ങളും തുടങ്ങി. 16.15 കോടി രൂപ ചെലവിലാണ് നിർമാണം.
ഷൊർണൂർ-നിലമ്പൂർ റെയിൽപ്പാതയിൽ കൂടുതൽ ക്രോസിംഗ് സ്റ്റേഷനുകൾ വേണമെന്നത് യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്. നിലവിൽ പട്ടാമ്പി മണ്ഡലത്തിൽ ഉൾപ്പെടുന്ന കുലക്കല്ലൂരിലും മലപ്പുറം മേലാറ്റൂരിലുമാണ് ക്രോസിംഗ് സ്റ്റേഷനുകൾ അനുവദിച്ചത്. രണ്ടിടങ്ങളിലും പ്രവൃത്തികൾ തുടരുകയാണ്.
നിലവിൽ ഷൊർണൂരിൽനിന്നും തീവണ്ടിയെടുത്താൽ 28 കിലോമീറ്റർ അകലെയുള്ള അങ്ങാടിപ്പുറത്തും വീണ്ടും 28 കിലോമീറ്റർ അകലെയുള്ള വാണിയമ്പലത്തും മാത്രമാണ് ക്രോസിംഗ് സൗകര്യമുള്ളത്. പാതയിൽ എന്തെങ്കിലും അപകടങ്ങളോ മറ്റോ ഉണ്ടായാൽ ഇത് വലിയ പ്രതിസന്ധിക്കും ഇടവരുത്തിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ ക്രോസിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇത് യാഥാർഥ്യമാവുന്നതോടെ കൂടുതൽ തീവണ്ടികൾ ഈ പാതയിൽ ഓടിക്കുന്നതും പരിഗണിക്കും.
കുലുക്കല്ലൂർ സ്റ്റേഷനിലെ പ്രവൃത്തികൾ വി.കെ. ശ്രീകണ്ഠൻ എംപിയുടെ നേതൃത്വത്തിൽ വിലയിരുത്തി.
പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രധാന തീവണ്ടികൾക്ക് കുലുക്കല്ലൂരിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
കോൺഗ്രസ് കുലുക്കല്ലൂർ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീൻ, നേതാക്കളായ അഡ്വ. മുഹമ്മദലി മാറ്റാംതടം, ഇ.കെ. മുഹമ്മദ്കുട്ടി ഹാജി, എം.കെ. ഗഫൂർ, നൗഷാദ് എടത്തോൾ ഉൾപ്പെടെയുള്ളവരും എംപിക്കൊപ്പമുണ്ടായിരുന്നു.