എന്റെ കേരളം പ്രദര്‍ശന വിപണനമേള മേയ് നാലുമുതല്‍ പത്തുവരെ
1544038
Monday, April 21, 2025 12:47 AM IST
പാലക്കാട്: സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മേയ് നാലുമുതല്‍ പത്തുവരെ എന്റെ കേരളം പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കും.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്താണ് മേള നടക്കുക. മേയ് നാലിനു വൈകുന്നേരം അഞ്ചിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും.
രാവിലെ ഒമ്പതുമുതല്‍ രാത്രി പത്തുവരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തില്‍ തൊഴില്‍മേള, വനിത- ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‍സലിംഗ്, പോലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൈമാറ്റച്ചന്ത, ഫിഷ് സ്പാ, എഐ പ്രദര്‍ശനവും ക്ലാസും, പാലക്കാടന്‍ രുചിവൈഭവങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ട്, സൗജന്യകുതിര സവാരി, ആധാര്‍ കാര്‍ഡ് എടുക്കാനും തെറ്റുതിരുത്താനുള്പ്പടെ അക്ഷയയുടെ പ്രത്യേക സ്റ്റാള്‍, സഹകരണ വകുപ്പിന്റെ പുഷ്പമേള, കാർഷികപ്രദര്‍ശനം, പൊതുജനങ്ങള്‍ക്ക് പാട്ടുപാടാന്‍ സിംഗിംഗ് പോയിന്റ് എന്നിവ മേളയിലുണ്ടാകും.
വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്പ് ലൈന്‍ സെന്ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും.
കലാസാസ്കാരിക പരിപാടിയുടെ ഭാഗമായി ഗസല്‍ നിശ, നാടന്‍ കലകളുടെ അവതരണം, തോല്പാവക്കൂത്ത്, ഏകപാത്ര നാടകം, കണ്യാര്‍കളി, വയലിന് ഫ്യൂഷ്യന്‍, പൊറാട്ട് നാടകം, ഭിന്നശേഷി കലാകാരന്മാരുടെ നൃത്യ നൃത്തങ്ങള്‍, കോമഡി ഷോ, നാടകം, ഫ്യൂഷന്‍ സംഗീതം, സ്വരലയ സംഗീത മെഗാ ഷോ, ഭരതനാട്യം, ഇരുള നൃത്തം, മോഹിനിയാട്ടം, കച്ചേരി തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.
വിവിധ വകുപ്പുകളുടെ തീം-സര്‍വീസ് സ്റ്റാളുകളും കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ഇരുനൂറ്റിയന്‍പതോളം സ്റ്റാളുകള്‍ മേളയുടെ ഭാഗമാകും. സമാപനം മേയ് 10ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
കൈമാറ്റച്ചന്തയുമായി കുടുംബശ്രീ
പാലക്കാട്: വിപണനമേളയില്‍ സ്വാപ്ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷന്. പഴയ സാധനങ്ങള്‍ കൈമാറാനുള്ള കൈമാറ്റ ചന്തയായിട്ടാണ് സ്റ്റാളുള്ളത്. വീടുകളില്‍, സ്ഥാപനങ്ങളില്‍ ഉപയോഗിക്കാത്തതും എന്നാല്‍ ഉപയോഗ യോഗ്യവുമായ സാധനങ്ങള്‍ കൈമാറ്റച്ചന്തയില്‍ സ്വീകരിക്കും. കളിപ്പാട്ടങ്ങള്‍, വൃത്തിയുള്ള വസ്ത്രങ്ങള്‍, കുഞ്ഞുടുപ്പുകള്‍, ജീന്‍സ്, ഷൂ, ബാഗ്, വൃത്തിയുള്ള ഹെല്‍മെറ്റ്, പാത്രങ്ങള്‍, എഴുതാനുള്ള പുസ്തകങ്ങള്‍, നോവലുകള്‍, ഫാന്‍സി ഐറ്റംസ്, മറ്റു ഉപയോഗപ്രദമായ വസ്തുക്കള്‍ എന്നിവയാണ് കൈമാറ്റ ചന്തയില്‍ സ്വീകരിക്കുക. ഇപ്രകാരം ലഭിക്കുന്ന സാധനങ്ങള്‍ കൈമാറ്റ ചന്തയിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി വാങ്ങാനും സാധിക്കും.