കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇലക്ട്രിക് സൈക്കിളുകൾ വിതരണംചെയ്തു
1543791
Sunday, April 20, 2025 4:00 AM IST
പാലക്കാട്: സംസ്ഥാന തദ്ദേശസ്വയംഭരണ, ഊര്‍ജ വകുപ്പുകളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന "ഗ്രാമീണ വനിതകള്‍ക്ക് ഇലക്ട്രിക് സൈക്കിളിലൂടെ സുസ്ഥിര ഗതാഗതം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഇലക്ട്രിക് സൈക്കിള്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ആലത്തൂര്‍ യുപ്ലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് ഇലക്ട്രിക് സൈക്കിളുകള്‍ നല്കുന്നതു വഴി അവരുടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും വരുമാന വര്‍ധനവിനു സഹായിക്കുകയുമാണ് ലക്ഷ്യം.
ചടങ്ങിൽ കെ രാധാകൃഷ്ണൻ എം പി മുഖ്യാതിഥിയായി. എംഎല്‍എമാരായ കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കള്‍, സിഡിഎസ് അധ്യക്ഷമാര്‍ തുടങ്ങിയവർ പങ്കെടുത്തു.
ആലത്തൂർ ബ്ലോക്കിൽ മാലിന്യമുക്തം നവകേരളം കാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പുതുക്കോട് ഹരിതകർമസേനയെ കുടുംബശ്രീ ജില്ലാമിഷൻ ആദരിച്ചു.
ജില്ലയിലെ ഏറ്റവും മികച്ച ബഡ്സ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ആലത്തൂർ ബഡ്സ് സ്കൂളിനെയും രോഗീപരിചരണം, വയോജന പരിപാലനം എന്നീ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന കുടുംബശ്രീ സാന്ത്വനം വോളന്റിയേഴ്സിനെയും ആദരിച്ചു.