കടമ്പൂരിൽ നീന്തൽപരിശീലനത്തിന് കുളം സജ്ജമാക്കി
1544317
Tuesday, April 22, 2025 1:30 AM IST
ഒറ്റപ്പാലം: നീന്തൽ പരിശീലനത്തിന് കുളം റെഡി. കടമ്പൂർ യുവരശ്മി ക്ലബ്ബിന്റേയും വായനശാലയുടെയും നേതൃത്വത്തിലാണ് നാട്ടുകാരുടെ സഹകരണത്തോടെ ചാക്കോട്ട് കുളം നീന്തൽ പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയത്.
കഴിഞ്ഞവർഷം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് പണികഴിപ്പിച്ച കുളത്തിൽ നീന്തൽ പരിശീലനത്തിന് ആവശ്യമായ ഭാഗത്തെ ചണ്ടി മാറ്റി ബാരിക്കേഡ് കെട്ടുകയും വൃത്തിയാക്കിയ ഭാഗത്ത് വീണ്ടും ചണ്ടി വരാതിരിക്കാൻ ബാരിക്കേഡിനൊപ്പം കുളത്തിന്റെ അടിഭാഗംവരെ നെറ്റ് കെട്ടിയാണ് നീന്തൽക്കുളം സജ്ജമാക്കിയിരിക്കുന്നത്.
കടമ്പൂരിൽ നീന്തൽ പഠിക്കുന്നതിന് ബാരിക്കേഡ് കെട്ടി സുരക്ഷിതമാക്കിയ കുളം ഇല്ലാത്തതിനാൽ ഈ മാസമാദ്യം പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ 30 കുട്ടികൾക്കായി സംഘടിപ്പിച്ച നീന്തൽപരിശീലനം കടമ്പഴിപ്പുറത്തെ കൊല്ലിയാനിയിലെ കുളത്തിലാണ് നടത്തിയിരുന്നത്.
അമ്പലപ്പാറ പഞ്ചായത്തിലെ ഒട്ടനവധി കുട്ടികൾക്ക് നീന്തൽ പഠിക്കാൻ ഒരു വേദി ഒരുക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് കടമ്പൂരിൽ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം പ്രീതാ മോഹൻദാസിന്റേയും വാർഡ് അംഗം എ. വിജിതയുടെയും പിന്തുണയിലാണ് നീന്തൽക്കുളമൊരുക്കിയത്. പ്രവർത്തനത്തിനു ക്ലബ് സെക്രട്ടറി എ. ഹരിദാസ്, പ്രസിഡന്റ് എ. സുധീർ, ക്ലബ് മെംബർമാർ നേതൃത്വം നൽകി.