ഷൊർണൂരിൽ റെയിൽവേ ലിങ്ക് റോഡ് നിർമാണം പുനരാരംഭിച്ചു
1543812
Sunday, April 20, 2025 4:15 AM IST
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽനിന്നു ഷൊർണൂർ ബസ് സ്റ്റാൻഡിലേക്ക് എളുപ്പത്തിലെത്താൻ റെയിൽവേ നിർമിക്കുന്ന ലിങ്ക് റോഡിന്റെ നിർമാണം പുനരാരംഭിച്ചു.
റെയിൽവേ സ്റ്റേഷനു മുന്നിൽനിന്ന് ആരംഭിക്കുന്ന റോഡ് മാരിയമ്മൻ ക്ഷേത്രറോഡിനു മുന്നിലെത്തിയാണ് അവസാനിക്കുന്നത്. പൂട്ടുകട്ടകൾ വിരിച്ചാണു റോഡിന്റെ നവീകരണം. 400 മീറ്റർ നീളമുള്ള റോഡിന്റെ 350 മീറ്ററോളം നിർമാണം നേരത്തെ പൂർത്തിയായിരുന്നു. അവശേഷിക്കുന്ന ഭാഗത്താണ് ഇപ്പോൾ പ്രവൃത്തികൾ പുനരാരംഭിച്ചത്. നിലവിൽ ബസ് പോയിരുന്ന പഴയറോഡ് അടച്ചുകൊണ്ടാണു പുതിയ റോഡിലേക്കു ബന്ധിപ്പിക്കുന്നത്.
പത്തുദിവസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണു നിർദേശം. റെയിൽവേ സ്റ്റേഷൻ നവീകരണത്തിനൊപ്പമാണു പുതിയ റോഡും നിർമിക്കുന്നത്. റോഡ് പൂർത്തിയായാൽ ബസുകൾക്ക് ഉൾപ്പെടെ വേഗത്തിൽ ഷൊർണൂർ ടൗണിലെത്താൻ കഴിയുമെന്നാണു പ്രതീക്ഷ. നിലവിൽ വാഹനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന റോഡ് ഇതോടെ അടച്ചിടാനാണു റെയിൽവേയുടെ തീരുമാനം.