ചുനങ്ങാട്ടുനിന്നൊരു കർഷകവിലാപം
1544036
Monday, April 21, 2025 12:47 AM IST
ഒറ്റപ്പാലം: നെല്ലുവേണോ..നെല്ല്..? കൊയ്തെടുത്ത നെല്ലുവിൽക്കാൻ വിളിച്ചുചോദിച്ചുനടക്കേണ്ട ഗതികേടിലാണ് ഇവിടെ ഒരു കർഷകൻ.
2,250 കിലോ നെല്ല് വിൽക്കാനാവാതെ അമ്പലപ്പറ ചുനങ്ങാട് പിലാത്തറയിലെ ചോലയിൽ കൃഷ്ണനിവാസിൽ കൃഷ്ണദാസാണ് കഷ്ടത്തിലായിരിക്കുന്നത്.
രണ്ടുമാസമായി നെല്ല് ചാക്കിൽ കെട്ടിവെച്ച് ഇദ്ദേഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഗുണനിലവാരംപോരെന്ന കാരണംപറഞ്ഞാണ്കരാറെടുത്ത മില്ലുകാർ നെല്ലെടുക്കാത്തതെന്നു കൃഷ്ണദാസ് പറഞ്ഞു. എന്നാൽ, ഗുണനിലവാര പരിശോധന നടത്തി നെല്ല് മികച്ചതാണെന്ന് കണ്ടെത്തിയിട്ടും നെല്ലെടുക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് കൃഷ്ണദാസ് പറയുന്നത്.
നെല്ലിൻചാക്കുകളിൽ ഈർപ്പമേറ്റ് പ്രാണികൾ കയറിയെന്നും മുളച്ചുപൊന്തുകയാണെന്നും പറയുന്നു.
പരാതിയുമായി നിരവധി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും നടപടിയുമില്ല.
ചുനങ്ങാട് കോഴിത്തോട് പാടശേഖരത്തിൽ ഏകദേശം ഒന്നരയേക്കർ കൃഷിയിടത്തിലാണ് കൃഷ്ണദാസ് രണ്ടാംവിള കൃഷിയിറക്കിയത്. കാലാവസ്ഥാ വ്യതിയാനത്തെയും വന്യമൃഗ ശല്യത്തെയും അതിജീവിച്ചായിരുന്നു കൃഷി.
നെല്ലുസംഭരിക്കാനുള്ള സ്ലിപ്പ് കഴിഞ്ഞ ഫെബ്രുവരി 22ന് ലഭിച്ചെങ്കിലും നെല്ലുപരിശോധിച്ച് ഗുണനിലവാരം പോരെന്നും ക്വിന്റലിനു നാലുകിലോ കുറവുവരുത്തിയേ എടുക്കാൻ കഴിയൂവെന്ന നിബന്ധനയും മില്ലുകാർവച്ചതായി കൃഷ്ണദാസ് ആരോപിക്കുന്നു. തൊഴിലാളികളെ നിയോഗിച്ച് നെല്ലിലെ പതിരും മറ്റും വേർതിരിച്ച് വൃത്തിയാക്കി ചാക്കുകളിൽ സൂക്ഷിച്ച നെല്ലായിരുന്നു ഇത്.
തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ നിർദേശിച്ച ഗുണനിലവാരപരിശോധന നടത്തുകയും സപ്ലൈകോ നിഷ്കർഷിക്കുന്ന ഗുണനിലവാരമുണ്ടെന്നു കണ്ടെത്തുകയും ചെയ്തതായി പറയുന്നു. കളക്ടറെ നേരിൽക്കണ്ടതിനെത്തുടർന്ന് രണ്ടുതവണ പാഡി ഓഫീസറെ വിളിച്ച് നെല്ലുസംഭരിക്കാൻ നിർദേശം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.