മലഞ്ചരക്കു മോഷണക്കേസ്: മൂന്നുപ്രതികൾ പിടിയിൽ
1544048
Monday, April 21, 2025 12:47 AM IST
അഗളി: അട്ടപ്പാടിയിൽനിന്നും കുരുമുളകും അടയ്ക്കയും മോഷണംനടത്തിയ കേസുമായി ബന്ധപ്പെട്ട മൂന്നു പ്രതികളെ അഗളി പോലീസ് അറസ്റ്റുചെയ്തു.
മലപ്പുറം കാടാമ്പുഴ പിലാത്തറ ചേരുപറമ്പിൽ റഫീഖ് (44), പെരിന്തൽമണ്ണ അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടിൽ മുഹമ്മദ് അലി (ആലിപ്പൂ-49), മലപ്പുറം വെട്ടത്തൂർ വേലക്കാട് തളിയിൽവീട്ടിൽ രത്നകുമാർ (47) എന്നിവരാണ് പിടിയിലായത്. പ്രതികളെ കർണാടകയിലെ കൂർഗിൽനിന്നും സാഹസികമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത് .
റഫീക്കിന്റെ പേരിൽ 23 കേസുകൾ നിലവിലുണ്ട്. മുഹമ്മദ് അലി നിലവിൽ 11 കേസിലെ പ്രതിയാണ്. രത്നകുമാറിന്റെ പേരിൽ നാലുകേസുകളുമുണ്ട്.
മുഹമ്മദലിയും റഫീക്കും കൂട്ടുപ്രതികളായി നാലു കേസുകളുണ്ട്. രത്നകുമാറും മുഹമ്മദലിയും കഞ്ചാവുകേസുകളിലെ പ്രതികളാണ്. ഇവർ അട്ടപ്പാടിയിൽനിന്നും കഞ്ചാവ് കടത്തിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 11ന് രാത്രിയിൽ അട്ടപ്പാടി കൽക്കണ്ടി ടിന്റോ ജോയിയുടെ കെജെ ട്രേഡേഴ്സിൽ നിന്നും രണ്ടു ചാക്കുകളിലായി 120 കിലോയോളം കുരുമുളകും അഞ്ചു ചാക്കുകളിലായി 250 കിലോയോളം കാപ്പിക്കുരുവും ഷട്ടറിന്റെ പൂട്ടുപൊളിച്ച് മോഷ്ടാക്കൾ ഇന്നോവ കാറിൽ കടത്തിയാതായി അടുത്തുള്ള സിസിടിവി കാമറാ ദൃശ്യത്തിൽനിന്നും പോലീസ് മനസിലാക്കി. മോഷണ വസ്തുക്കളുമായി കടന്ന പ്രതികളെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ ചോദ്യം ചെയ്തപ്പോൾ സ്വന്തം പറമ്പിലെ മുതലാണെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വളാഞ്ചേരി സ്വദേശിയുടെ ഇന്നോവ കാറിലാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് പ്രതികളിലേക്കെത്താനായത്. അഗളി ഡിവൈഎസ്പി അശോകിന്റെ നിർദ്ദേശപ്രകാരം പോലീസ് രണ്ടുടീമുകളായി തിരിഞ്ഞ് പത്തുദിവസത്തോളം നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് പ്രതികളെ പിടികൂടിയത്.
മോഷ്ടിച്ച കുരുമുളകും കാപ്പികുരുവും വയനാട് അമ്പലവയലിൽ വിറ്റതായി പ്രതികൾപറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പോലീസ് പറഞ്ഞു.