അട്ടപ്പാടിയിൽ അനീമിയ സ്ക്രീനിംഗും ബോധവത്കരണവും
1544311
Tuesday, April 22, 2025 1:30 AM IST
പാലക്കാട്: പോഷൻ പക്വാഡയുടെ ഭാഗമായി അട്ടപ്പാടി ഐസിഡിഎസിന്റെ നേതൃത്വത്തിൽ അനീമിയ സ്ക്രീനിഗും ബോധവത്കരണവും നടന്നു. പോഷൻ പക്വാഡയുടെ ഭാഗമായി 50 ഓളം കൗമാരപ്രായക്കാരായവർ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്.
പോഷകാഹാരക്കുറവ്, രക്തക്കുറവ് എന്നിവ പരിഹരിക്കുന്നതിനായി ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റം, അനിമീയ വരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെകുറിച്ചാണ് ബോധവത്കരണം നടത്തിയത്. അട്ടപ്പാടി നാഷണൽ ആയുഷ്മിഷൻ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശ്രുതി ശങ്കർ ബോധവത്കരണ ക്ലാസ് എടുത്തു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ എച്ച്ബി സ്ക്രീനിംഗ് ക്യാന്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് നടത്തിയത്.
അഗളി പഞ്ചായത്ത് കൃഷിഭവൻ ഹാളിൽ നടന്ന അനിമീയ സ്ക്രീനിംഗ് അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനയൻ, ഐസിഡിഎസ് സൂപ്പർവൈസർ പി. വാണിശങ്കർ എന്നിവർ പങ്കെടുത്തു.