ഓട്ടോ തൊഴിലാളികൾ പ്രതിഷേധവുമായി എംഎൽഎ ഓഫീസിനു മുന്നിൽ
1543809
Sunday, April 20, 2025 4:15 AM IST
വടക്കഞ്ചേരി: സർവകക്ഷി യോഗതീരുമാനം അട്ടിമറിച്ച് നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഏർപ്പെടുത്തിയ കമ്പനിക്കെതിരേ വടക്കഞ്ചേരി ജനകീയവേദിയുടെ നേതൃത്വത്തിൽ നാലുചക്ര ഓട്ടോ- ടാക്സി ഡ്രൈവർമാരും തൊഴിലാളികളും പ്രതിഷേധസമരം നടത്തി.
പ്രതിഷേധയോഗം ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജിജോ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഓട്ടോ- ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി താജുദ്ദീൻ ഇബ്രാഹീം, ജനകീയവേദി വൈസ് ചെയർമാൻ സുരേഷ് വേലായുധൻ, ട്രഷറർ മോഹനൻ പള്ളിക്കാട്, കൺവീനർ ഷിബു ജോൺ, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധി സുലൈമാൻ കാസിം എന്നിവർ പ്രസംഗിച്ചു. വടക്കഞ്ചേരി വ്യാപാരി സംരക്ഷണ സമിതിയും സമരത്തിൽ പങ്കെടുത്തു.
പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരി ബസ് സ്റ്റാന്റിൽനിന്നും എംഎൽഎ ഓഫീസിലേക്ക് പ്രകടനമായെത്തി പി.പി.സുമോദ് എംഎൽഎക്കു നിവേദനവും നൽകി.