ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിന്റെ കരാറുകാരനെ ഒഴിവാക്കി
1542554
Monday, April 14, 2025 12:55 AM IST
ഷൊർണൂർ: റെയിൽവേ സ്റ്റേഷനിലെ പുതിയ പാർക്കിംഗ് കേന്ദ്രത്തിന്റെ കരാറുകാരനെ റെയിൽവേ ഒഴിവാക്കി. റെയിൽവേക്കു നൽകേണ്ട വാടക നൽകാതെ മാസങ്ങളോളം കുടിശിക വരുത്തിയതിനാണു കരാറുകാരനെ ഒഴിവാക്കിയതെന്നു റെയിൽവേ അറിയിച്ചു. കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഏജൻസിയാണു കരാർ ഏറ്റെടുത്തിരുന്നത്. കാറുകൾക്കു പ്രതിമാസ വാടക 300 രൂപയും ബൈക്കുകൾക്കു പ്രതിദിനം 20 രൂപയും ഹെൽമറ്റിനു 10 രൂപയുമാണു കരാറുകാരൻ ഈടാക്കിയിരുന്നത്. വ്യാഴാഴ്ച രാത്രിയോടെ നിലവിലെ കരാറുകാരൻ പാർക്കിംഗ്ഫീസ് വാങ്ങൽ അവസാനിപ്പിച്ചു.
വെള്ളിയാഴ്ച സമീപത്തു സ്ഥാപിച്ച പാർക്കിംഗ് ബോർഡുകളും എടുത്തുമാറ്റി. സ്ഥലത്തു വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതു സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കണമെന്നു നോട്ടീസും റെയിൽവേ പതിച്ചിട്ടുണ്ട്. ഒരു മാസം മുൻപാണു പുതിയ പാർക്കിംഗ് കേന്ദ്രം റെയിൽവേ തുറന്നു നൽകിയത്. 5000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള പാർക്കിംഗ് കേന്ദ്രത്തിൽ നൂറുകണക്കിനു വാഹനങ്ങൾ നിർത്താൻ കഴിയും. റെയിൽവേ സ്റ്റേഷനു വലതുവശത്തുള്ള സ്ഥലത്താണു പാർക്കിംഗ് സൗകര്യം ഉള്ളത്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ഒപ്പമാണു പാർക്കിംഗ് കേന്ദ്രവും നിർമിച്ചത്. റെയിൽവേ സുരക്ഷാസേനയുടെ വാഹനങ്ങൾക്കും ഇവിടെയാണു പാർക്കിങ്. അടുത്ത ദിവസം തന്നെ പുതിയ കരാറുകാരനെ കണ്ടെത്താനുള്ള ടെൻഡർ വിളിക്കുമെന്നു റെയിൽവേ അറിയിച്ചു.