കൊല്ലുന്ന ലഹരിക്കെതിരെ മണ്ണാർക്കാട്ട് പ്രതിഷേധ കുടുംബമതിൽ തീർത്തു
1542558
Monday, April 14, 2025 12:55 AM IST
മണ്ണാർക്കാട്: നിരോധിത ലഹരിയുടെ വിൽപ്പനയും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ മൂവ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് നഗരസഭയും ട്രേഡ് യൂണിയനുകളും വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കുടുംബ മതിൽ മണ്ണാർക്കാട് നെല്ലിപ്പുഴ മുതൽ കുന്തിപ്പുഴ വരെ അണിനിരന്നു.
വിവിധ രാഷ്ട്രീയ, സമുദായ സംഘടനാനേതാക്കൾ, സാമൂഹ്യ സംഘടനാനേതാക്കൾ, മത നേതാക്കൾ, ബിൽഡിംഗ് ഓണേഴ്സ് സംഘടനാ പ്രതിനിധികൾ, ബസ് ഓപ്പറേറ്റേഴ്സ് സംഘടനാനേതാക്കൾ, യൂസ്ഡ് വെഹിക്കിൾ സംഘടനാനേതാക്കൾ, ആർട്ടിസ്റ്റ് അസോസിയേഷൻ നേതാക്കൾ, റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകിയ പ്രതിരോധ മതിലിൽ സ്ത്രീകളും കുട്ടികളുമടക്കം ആറായിരത്തിൽപ്പരം ആളുകളാണ് അണിനിരന്നത്.
നെല്ലിപ്പുഴ പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ മൂവ് ചെയർമാൻ ഡോ.കെ.എ. കമ്മാപ്പ അധ്യക്ഷത വഹിച്ചു. എൻ. ഷംസുദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി. മുഹമ്മദ് ബഷീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂവ് ഭാരവാഹികളായ എം. പുരുഷോത്തമൻ, പഴേരി ഷരീഫ്ഹാജി തുടങ്ങിയവർ പ്രവർത്തകരായ ഫിറോസ് ബാബു, കൃഷ്ണദാസ് കൃപ ,കെ.വി. അബ്ദുറഹ്മാൻ, നഷീദ് പിലാക്കൽ, കെ. ഇസ്മായിൽ, ഷബീർ അലി, സി. ഷൗക്കത്ത് അലി, പ്രശോഭ് കുന്നിയാരത്ത്, അബ്ദുൽ ഹാദി അറക്കൽ, ബഷീർ കുറുവണ്ണ, ഉമ്മർ റീഗൽ, തുടങ്ങിയവർ പ്രസംഗിച്ചു.