ലഹരിക്കടത്തിന് വിസമ്മതിച്ച ഓട്ടോഡ്രൈവറെ മർദിച്ച പ്രതി അറസ്റ്റിൽ
1542323
Sunday, April 13, 2025 5:47 AM IST
പാലക്കാട്: ലഹരിക്കടത്തിന് വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദിച്ച് കവർച്ച നടത്തിയ കേസിൽ അവസാന പ്രതിയും പിടിയിൽ. കല്ലേക്കാട് പുതിയ സ്റ്റോപ്പ് സ്വദേശി സതീഷ് എന്ന പുരുഷു (37) വിനെയാണ് പാലക്കാട് കസബ പോലീസ് പിടികൂടിയത്.
മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് ടൗണിൽ നിന്നും രോഗിയെ കയറ്റാനെന്ന വ്യാജേനെയാണ് പ്രതികൾ ഓട്ടോറിക്ഷ വിളിച്ച് ചന്ദ്രനഗർ കൂട്ടുപാതയിൽ എത്തിയത്. എന്നാൽ കഞ്ചാവെടുക്കാനാണെന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവർ വിസമ്മതിച്ചു. ഇതോടെ പ്രതികൾ ചേർന്ന് അബ്ബാസിനെ ക്രൂരമായി മർദിക്കുകയും കയ്യിലുണ്ടായിരുന്ന 2500 രൂപ കവരുകയും ചെയ്തു.
രണ്ട് മണിക്കൂറിന് ശേഷമാണ് ഡ്രൈവറെ വിട്ടയച്ചത്. ശരീരം മുഴുവൻ മുറിവുകളുമായി ജില്ലാ ആശുപത്രിയിലെത്തിയ അബ്ബാസിനെ വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രതികളായ കാരേക്കാട് സ്വദേശികളായ ജിതിൻ, അനീഷ്, കൂട്ടുപാത സ്വദേശികളായ സ്മിഗേഷ്, മണികണ്ഠൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കസബ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്ഐമാരായ എച്ച്. ഹർഷാദ്, ജതി, സീനിയർ സിപിഒമാരായ ഷാനവാസ്, ആർ. രാജീദ്,സി. സുനിൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.